ബെംഗളൂരു • കന്നഡയിലെ പ്രശസ്ത ഹാസ്യനടൻ ബുള്ളറ്റ് പ്രകാശ് ഞായറാഴ്ചഅന്തരിച്ചു. 44 വയസായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മാര്‍ച്ച് 31നാണ് പ്രകാശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നടന് ഉദര-കരള്‍ അണുബാധയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു.
അടുത്തിടെ, പെട്ടെന്ന് 35 കിലോഗ്രാം ഭാരം കുറച്ചത് നടന് ധാരാളം ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായിരുന്നു. മൂന്ന് മാസത്തോളമായി അദ്ദേഹം ഒരു സിനിമയുടെയും ഷൂട്ടിംഗ് നടത്തിയിട്ടില്ലെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു. അദ്ദേഹം ഉടൻ സുഖം പ്രാപിച്ച് പുതിയ പ്രോജക്ടുകളിൽ ഒപ്പിടുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹത്തിന്റെ ആരാധകർ.
ഐതലക്കടി, ആര്യൻ തുടങ്ങി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജനപ്രിയ റിയാലിറ്റി ടെലിവിഷൻ ഷോ ബിഗ് ബോസിന്റെ രണ്ടാം സീസണിൽ താരം പങ്കെടുത്തിരുന്നു. കന്നഡയിലെ പ്രമുഖരോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ കന്നഡയിൽ രണ്ട് പ്രോജക്ടുകളിൽ ഒപ്പുവെച്ചിരുന്നു.
പലപ്പോഴും റോയൽ എൻഫീൽഡ് ബുള്ളറ്റ് ഓടിക്കുന്നതിനാലാണ് പ്രകാശിന് ബുള്ളറ്റ് പ്രകാശ് എന്ന പേര് വീണത്. 2015 പ്രകാശ് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. മഞ്ജുളയാണ് ഭാര്യ. മക്കള്‍: മോണിക്ക, രക്ഷക്.
Post Your Comments