ന്യൂഡൽഹി: ലോക്ക് ഡൗൺ സമയത്ത് ദൂരദര്‍ശന്‍ പുനസംപ്രേഷണം ചെയ്ത രാമായണം സീരിയല്‍ എത്ര പേര്‍ കണ്ടെന്ന കണക്കുകൾ പുറത്തു വിട്ടു. 17 കോടിയാളുകള്‍ രണ്ടാം വരവില്‍ രാമായണം കണ്ടെന്ന് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് സംപ്രേഷണം തുടങ്ങിയത്
. ശനിയാഴ്ച രാവിലെയാണ് ആദ്യ എപ്പിസോഡ് തുടങ്ങിയത്. 3.4 കോടിയാളുകള്‍ കണ്ടു. 3.4 ശതമാനമായിരുന്നു റേറ്റിംഗ്. ഇതേ എപ്പിസോഡ് വൈകുന്നേരവും സംപ്രേഷണം ചെയ്തു. 4.5 കോടിയാളുകള്‍ കണ്ടു. 5.2 ശതമാനമായിരുന്നു റേറ്റിംഗ്. ഞായറാഴ്ച രണ്ട് നേരമായി ഏകദേശം ഒമ്പത് കോടിയാളുകള്‍ സീരിയല്‍ കണ്ടെന്നും ബാര്‍ക്ക് പറയുന്നു.
രാജ്യത്ത് ഏറെ ജനപ്രീതിയാര്‍ന്ന സീരിയലായിരുന്നു 1987-88 കാലത്ത് സംപ്രേഷണം ചെയ്ത രാമായണം. രാമാനന്ദ് സാഗറായിരുന്നു സംവിധാനം. രണ്ട് എപ്പിസോഡുകള്‍ നാല് തവണയാണ് രണ്ടാം വരവില്‍ ഇതുവരെ കാണിച്ചത്.
കോവിഡ് 19 രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലത്താണ് രാമായണം സീരിയല്‍ വീണ്ടും സംപ്രേഷണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ക്വാറന്റൈന്‍ കാലത്ത് രാമായണം സീരിയല്‍ സംപ്രേഷണം ചെയ്തത് പ്രസാര്‍ഭാരതിയുടെ ബുദ്ധിപരമായ നീക്കമാണെന്ന് ബാര്‍ക്ക് സിഇഒ സുനില്‍ ലുല്ല പറഞ്ഞു.
Post Your Comments