Latest NewsKeralaNews

അമിത വിലയും അളവ് തൂക്ക വെട്ടിപ്പും : 229 കടകൾക്കെതിരെ കേസ്

തിരുവനന്തപുരം•അമിത വില ഈടാക്കുകയും മറ്റ് നിയമ ലംഘനങ്ങൾ നടത്തുകയും ചെയ്ത 229 കടകൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു. മാർച്ച് 21 മുതൽ കഴിഞ്ഞ ദിവസം വരെ 532 പരാതികളാണ് ലഭിച്ചത്.

കുപ്പിവെള്ളം, സാനിറ്റൈസർ, മുഖാവരണം, പായ്ക്ക് ചെയ്ത ഉൽപ്പന്നങ്ങൾ തുടങ്ങിയവയ്ക്ക് അധിക വില ഈടാക്കുന്നതായും ലീഗൽ മെട്രോളജി നിയമങ്ങൾ ലംഘിക്കുന്നതായുമുള്ള പരാതികളുമായി ബന്ധപ്പെട്ട് മാർജിൻ ഫ്രീമാർക്കറ്റുകൾ, പ്രൊവിഷൻ സ്റ്റോറുകൾ, പച്ചക്കറി കടകൾ, മെഡിക്കൽ സ്റ്റോറുകൾ, റേഷൻ കടകൾ തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ച് 3408 പരിശോധനകളാണ് നടത്തിയത്. എട്ട് ലക്ഷത്തി പതിനെണ്ണായിരം രൂപ പിഴ ഈടാക്കി.

വ്യാഴാഴ്ച വിവിധ ജില്ലകളിൽ തനതായ പരിശോധനകൾക്ക് പുറമേ വിജിലൻസ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുമായി ചേർന്നുള്ള സംയുക്ത പരിശോധനകളിലും ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ പങ്കെടുത്തു. 39 റേഷൻ കടകൾ ഉൾപ്പെടെ 198 കടകളിൽ ഇന്ന് പരിശോധന നടത്തി. 19 കേസുകൾ രജിസ്റ്റർ ചെയ്തു.

ഉപഭോക്താക്കൾക്ക് കൺട്രോൾ റൂമിലും 1800 425 4835 എന്ന ടോൾ ഫ്രീ നമ്പരിലും സുതാര്യം എന്ന മൊബൈൽ ആപ്ലിക്കേഷനിലും lmd.kerala.gov.in എന്ന വെബ്‌സൈറ്റിലും പരാതികൾ അറിയിക്കാവുന്നതാണെന്ന് ലീഗൽ മെട്രോളജി കൺട്രോളർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button