ബീജിംഗ് : ലോകമാകെ മരണ താണ്ഡവമാടുന്ന വൈറസിനെ കുറിച്ച് സംശയം ഉന്നയിച്ച ഡോക്ടറെ ഭരണാധികാരികള്‍ നിശബ്ദനാക്കുകയും പിന്നീട് വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ ഡോക്ടര്‍ക്കൊപ്പം തന്നെ വൈറസിനെ കുറിച്ചുള്ള വിവരം ആദ്യം കൈമാറിയവരുടെ കൂട്ടത്തിലുള്ള ഒരു വനിതാ ഡോക്ടര്‍ അപ്രത്യക്ഷമായതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്.
സാര്‍സ് വൈറസ് ബാധിച്ച രോഗിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് വുഹാന്‍ സെന്‍ട്രല്‍ ഹോസ്പിറ്റലിലെ അധികാരികളില്‍ നിന്നും കടുത്ത നടപടികള്‍ ഏല്‍ക്കേണ്ടിവന്നതായി ഡോ. ഐ ഫീന്‍ അപ്രത്യക്ഷമാകുന്നതിന് മുന്‍പ് പറഞ്ഞിരുന്നു. മാത്രമല്ല, ഹോസ്പിറ്റല്‍ അധികാരികള്‍, ഈ വൈറസിനെ കുറിച്ച് ആദ്യം ലഭിച്ച തെളിവുകള്‍ നശിപ്പിച്ചതായി അവര്‍ ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയും ചെയ്തിരുന്നു. അതിനു ശേഷം അവരെ ആരും കണ്ടിട്ടില്ല എന്നാണ് 60 മിനിറ്റ്‌സ് ആസ്ട്രേലിയ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡിസംബര്‍ 30 ന് താന്‍ പരിശോധിക്കുന്ന ഒരു രോഗിയുടെ പരിശോധനാഫലം പുറത്ത് വന്നതോടെയാണ് എല്ലാം ആരംഭിക്കുന്നത്. 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോകത്ത് നിരവധി പേരുടെ മരണത്തിനിടയാക്കിയ സാര്‍സ് വൈറസിനോട് സാമ്യമുള്ള ഒരു വൈറസിന്റെ സാന്നിദ്ധ്യം മനസ്സിലാക്കിയ അവര്‍ അക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചു. കൂടാതെ, ഡോക്ടര്‍മാരുടെ ഒരു സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ ഇക്കാര്യം പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതിനെ തുടര്‍ന്ന്, രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ആശുപത്രി അധികൃതര്‍ തന്നെ വിളിച്ചുവരുത്തി നടപടികള്‍ ആരംഭിക്കുകയായിരുന്നു എന്നാണ് അവര്‍ പറഞ്ഞത്.
60 മിനിറ്റ്സ് ആസ്ട്രേലിയയുടെ ഈ വാര്‍ത്ത പുറത്തുവന്ന ഉടനെ, ഡോ.ഐ ഫീനിന്റെ വീബോ അക്കൗണ്ടില്‍ ഒരു ചിത്രത്തോടൊപ്പം, ‘ഒരു നദി, ഒരു പാലം, ഒരു റോഡ്. ഒരു ഘടികാരത്തിന്റെ മണിയടി’ എന്നൊരു പോസ്റ്റ് വന്നതായി ആര്‍ എഫ് എ ചൂണ്ടിക്കാണിക്കുന്നു. കൊറോണാ ബാധയെ കുറിച്ചുള്ള വിവരങ്ങള്‍ യഥാസമയത്ത് പുറത്ത് വിടാന്‍ ചൈന തയ്യാറാകാതിരുന്നതാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്ന വിപത്തിന് കാരണമായതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍
Post Your Comments