Latest NewsKeralaNews

പായിപ്പാട് അതിഥി തൊഴിലാളികളെ ഇളക്കിവിടാൻ ആസൂത്രിത ശ്രമമുണ്ടായി: മുഖ്യമന്ത്രി

തിരുവനന്തപുരം•പായിപ്പാട് അതിഥി തൊഴിലാളികളെ ഇളക്കിവിടാൻ ആസൂത്രിത ശ്രമമുണ്ടായതായും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം നേടിയ മുന്നേറ്റം താറടിച്ചു കാണിക്കാനുള്ള ശ്രമമായേ ഇതിനെ കാണാൻ സാധിക്കൂയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒന്നോ അതിലധികമോ ശക്തികൾ ഇതിനു പിന്നിൽ പ്രവർത്തിച്ചതായാണ് പ്രാഥമികമായി മനസിലാക്കുന്നത്. ഇവരെ കണ്ടെത്താൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതിഥിത്തൊഴിലാളികൾ കഴിയുന്ന ക്യാമ്പുകളുടെ പൊതുമേൽനോട്ടം ജില്ലാ കളക്ടർമാർക്ക് നൽകിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി, ജില്ലാ ലേബർ ഓഫീസർ എന്നിവരടങ്ങിയ സമിതിയാവും പരിശോധന നടത്തുക. അതിഥിത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജപ്രചാരണം നടത്തിയ മലപ്പുറം സ്വദേശികളായ രണ്ടു മലയാളികളെയും പിടിച്ചിട്ടുണ്ട്. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്ക് തക്കതായ ശിക്ഷ നൽകും.

ചില ക്യാമ്പുകളിൽ ആൾക്കാരുടെ എണ്ണം കൂടുതലാണ്. ഇവർക്ക് ആവശ്യമായ സൗകര്യം ഒരുക്കും. അതിഥി തൊഴിലാളികൾ കഴിയുന്ന സ്ഥലങ്ങളിൽ ടിവി സൗകര്യം ലഭ്യമാക്കും. വാർത്തയും വിനോദ പരിപാടികളും കാണാൻ ഇതിലൂടെ സൗകര്യം ഒരുക്കും. പായിപ്പാട് അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നതിന് പിന്നിലും ഒരു കച്ചവട രീതിയുണ്ട്. സാധാരണ താമസിപ്പിക്കാൻ പറ്റാത്തയിടത്തുവരെ വാടക വാങ്ങി താമസിപ്പിക്കുന്നു. അതിഥി തൊഴിലാളികൾക്ക് മാന്യമായ താമസം ഒരുക്കണമെന്നതാണ് സർക്കാർ നിലപാട്. ജോലിയില്ലാത്ത സാഹചര്യത്തിൽ അവർ മുഴുവൻ സമയവും താമസസ്ഥലത്തുണ്ടാവും. അപ്പോൾ അതനുസരിച്ചുള്ള സൗകര്യം താമസിക്കുന്നിടത്ത് വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവർ പറഞ്ഞ രീതിയിലുള്ള ഭക്ഷണം നൽകുന്നതിന്് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 5278 ലേബർ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.

ക്യാമ്പുകൾ സന്ദർശിച്ച് അതിഥി തൊഴിലാളികളുടെ ക്ഷേമം അന്വേഷിക്കുന്നതിന് ഹിന്ദി ഭാഷ അറിയാവുന്ന ഹോം ഗാർഡുകളുടെ സേവനം വിനിയോഗിക്കും. അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി സർക്കാർ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ഹിന്ദി, ഒറിയ, ബംഗാളി ഭാഷകളിൽ പ്രചാരണം നടത്തും. അതിഥി തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ അറിയിക്കാൻ സംസ്ഥാനതലത്തിൽ കൺട്രോൾ റൂം ആരംഭിക്കും.

കോവിഡ് 19ന്റെ സാഹചര്യത്തിൽ കടുത്ത വെയിലത്ത് നിന്ന് പോലീസ് ജോലി ചെയ്യേണ്ട സ്ഥിതിയാണ്. ഇവരുടെ ജോലി സമയം, ആരോഗ്യം എന്നിവ നിരീക്ഷിച്ച് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിന് സായുധ സേന എ. ഡി. ജി. പിയെ ചുമതലപ്പെടുത്തി. സാഹചര്യം വിലയിരുത്തി കൈക്കൊള്ളേണ്ട പരിശോധന രീതി സംബന്ധിച്ച് എല്ലാ ദിവസവും എസ്. എം. എസിലൂടെ നിർദ്ദേശം നൽകും. തിങ്കളാഴ്ച റോഡിൽ തിരക്ക് വർദ്ധിച്ചതായാണ് കാണുന്നത്. ഇക്കാര്യത്തിൽ പോലീസ് കൂടുതൽ കർക്കശമായി ഇടപെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button