തിരുവനന്തപുരം• നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ആവശ്യമെങ്കിൽ സർക്കാർ ഓർഡിനൻസിന് അനുസൃതമായി കേസെടുക്കാൻ നിർബന്ധിതരാകുമെന്നും മന്ത്രി എ.കെ. ബാലൻ പാലക്കാട്ട് പറഞ്ഞു.
കോവിഡ്-19 പോസിറ്റീവ് കേസുകൾ കൂടാൻ സാധ്യതയുള്ള സാഹചര്യം മനസ്സിലാക്കി ജനങ്ങൾ ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും നിർദ്ദേശങ്ങളും കർശന നിയന്ത്രണങ്ങളും പാലിക്കേണ്ടതുണ്ട്. നിരീക്ഷണത്തിലുള്ളവർ പുറത്തു പോയതിനു കേസെടുക്കേണ്ടി വന്നിട്ടുണ്ട്.
സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധനയും പൊതുജനങ്ങൾ പലപ്പോഴും നടപ്പിലാക്കുന്നില്ല. ജനങ്ങൾ വീടുകളിൽ ഇരിക്കുന്ന സാഹചര്യത്തിൽ റോഡ് അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത തീരെയില്ല. എന്നിരുന്നാലും റോഡപകടങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ ശക്തമായ നിലപാടുകൾ എടുക്കാൻ പോലീസ് നിർബന്ധിതരാവുകയാണ്. നിലവിൽ ഐ.പി.സി മുഖേനയുള്ള കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഠിനമായ വകുപ്പുകൾ പോലീസ് ഉൾപ്പെടുത്തിയിട്ടില്ല. സംസ്ഥാന സർക്കാർ പാസാക്കിയ ഓഡിനൻസിലെ വ്യവസ്ഥകൾ പ്രകാരവും കേസെടുത്തിട്ടില്ല. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ഓർഡിനൻസ് പ്രകാരമുള്ള കർശനനടപടികൾ സ്വീകരിക്കാൻ നിർബന്ധിതരാകുമെന്നും മന്ത്രി പറഞ്ഞു. വീട്ടിൽ ഇരിക്കുക എന്നതാണ് രോഗവ്യാപനത്തിന് എതിരെയുള്ള ഏക പോംവഴി. 21 ദിവസം വീട്ടിൽ ഇരിക്കണമെന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശം കർശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായുള്ള അടിയന്തര യോഗത്തിലാണ് ഈ കാര്യങ്ങൾ തീരുമാനിച്ചത്.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കുന്നതിനാവശ്യമായ പോലീസ് സംവിധാനം ഓരോ ദിവസവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വാളയാറിൽ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. അന്തർസംസ്ഥാന -അന്തർ ജില്ലാ തലത്തിൽ അതിർത്തികളിൽ ഫലപ്രദമായ എൻഫോഴ്സ്മെന്റ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Post Your Comments