കോട്ടയം : ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ മദ്യം ലഭ്യമല്ലാതായതോടെ സംസ്ഥാനത്ത് ഒരാൾ ആത്മഹത്യക്ക് ശ്രമിച്ചു . കോട്ടയം ചങ്ങനാശേരിയില്‍ ചങ്ങനാശേരി പൂവം സ്വദേശിയായ 45കാരനാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. തലയ്ക്ക് പരിക്കേറ്റ ഇയാളെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി ഇദ്ദേഹം മാനസിക വിഭ്രാന്തിയില്‍ ആയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നത്.
അതേസമയം മദ്യം ലഭിക്കാത്തതിനാൽ മൂന്നുപേരെ കൂടി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊല്ലം, കണ്ണൂർ, എറണാകുളം ജില്ലകളിലാണ് സംഭവം. കുണ്ടറ പെരുമ്പുഴ ഡാൽമിയ പാമ്പുറത്തുഭാഗം എസ്.കെ. ഭവനിൽ സുരേഷ് (38), കൈതാരം കൊക്കുംപടി സമൂഹം പറമ്പിൽ ബാവന്റെ മകൻ വാസു (37), കണ്ണൂർ കണ്ണാടിവെളിച്ചം അഞ്ചരക്കണ്ടി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിനുസമീപം തട്ടാന്റെ വളപ്പിൽ കെ.സി. വിജിൽ (28) എന്നിവരാണ് തൂങ്ങി മരിച്ചത്.
അമ്മൂമ്മ തങ്കമ്മയോടൊപ്പം താമസിച്ചിരുന്ന സുരേഷ് ശനിയാഴ്ച രാവിലെ നാലോടെ തങ്കമ്മ വീടിനുപുറത്തിറങ്ങിയപ്പോൾ അകത്തുനിന്ന് വാതിലടച്ച ശേഷം വീടിനുള്ളിൽ തൂങ്ങുകയായിരുന്നു. മദ്യം ലഭിക്കാത്തതിനാൽ ദിവസങ്ങളായി സുരേഷ് അസ്വസ്ഥനായിരുന്നെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. അർബുദരോഗിയും അവിവാഹിതനുമായിരുന്നു. കൃഷ്ണകുമാരിയാണ് അമ്മ.
വാസുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് കണ്ടെത്തിയത്. സ്ഥലത്തെത്തിയ പറവൂർ പോലീസ് വീടിന്റെ വാതിൽ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. രണ്ടുദിവസമായി മദ്യം കിട്ടാത്തതിനാൽ ഇയാൾക്ക് അസ്വസ്ഥതകൾ ഉണ്ടായിരുന്നതായും മദ്യം കഴിക്കാനാകാത്തതിലുള്ള മാനസികബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കളും പ്രദേശവാസികളും പോലീസിനോടു പറഞ്ഞത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പറവൂർ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. അവിവാഹിതനായ വാസു അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നത്.
കയറ്റിറക്ക് തൊഴിലാളിയായിരുന്ന വിജിൽ മദ്യം ലഭിക്കാത്തതിനെത്തുടർന്ന് ശനിയാഴ്ച രാവിലെമുതൽ കടുത്ത മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തുടർന്ന് രാവിലെ 10 മണിയോടെ വീടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.അച്ഛൻ: പി. രാജൻ. അമ്മ: വിലാസിനി. സഹോദരൻ: ഷിജിൽ.
Post Your Comments