വാഷിംഗ്ടണ്‍: അതിവേഗം പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് പ്രതിസന്ധി മൂലം തകര്‍ന്ന അമേരിക്കക്കാര്‍ക്കും ഗുരുതരമായി തകര്‍ന്ന ആശുപത്രികള്‍ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും 2 ട്രില്യണ്‍ ഡോളര്‍ റെസ്ക്യൂ പാക്കേജ് സെനറ്റ് പാസ്സാക്കി. ബുധനാഴ്ച വൈകീട്ടാണ് രക്ഷാപ്രവര്‍ത്തനത്തിനായി രാജ്യത്തെ എക്കാലത്തെയും വലിയ പാക്കേജ് ഏകകണ്ഠമായി പാസാക്കിയത്.
ദിവസങ്ങളോളം നീണ്ടുനിന്ന ചര്‍ച്ചയ്ക്കും സംവാദങ്ങള്‍ക്കുമൊടുവിലാണ് സെനറ്റ് 96-0 വോട്ടോടെ പാക്കേജ് അംഗീകരിച്ചത്. യുഎസില്‍ 68000 പേര്‍ക്ക് വൈറസ് ബാധിക്കുകയും മരണസംഖ്യ 1,000 കഴിഞ്ഞതും പാക്കേജ് അംഗീകരിക്കാന്‍ കാരണമായി.
പകര്‍ച്ചവ്യാധികള്‍ രാജ്യവ്യാപകമായി വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ പാന്‍ഡെമിക്കിന്‍റെ അടുത്ത പ്രഭവകേന്ദ്രം ന്യൂയോര്‍ക്ക് ആകാമെന്ന ഭയവും ട്രംപ് ഭരണകൂടത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
അമേരിക്കന്‍ ജനത ഒറ്റയ്ക്കല്ല, ഈ രാജ്യം, ഈ സെനറ്റ്, ഈ ഗവണ്മെന്റ് അവര്‍ക്ക് ആവശ്യമുള്ള സമയത്ത് കൂടെയുണ്ടെന്ന് ഉന്നത ഡെമോക്രാറ്റ് സെനറ്റര്‍ ചക് ഷുമര്‍ പറഞ്ഞു.
സെനറ്റ് അംഗീകരിച്ച പാക്കേജ് ഇനി ജനപ്രതിനിധിസഭ അംഗീകരിക്കണം. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഒപ്പിനായി വെള്ളിയാഴ്ച ശബ്ദ വോട്ടോടെ അത് പാസ്സാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു ഡെമോക്രാറ്റിക് നേതാവ് പറഞ്ഞു.
ഈ പാക്കേജ് ദശലക്ഷക്കണക്കിന് അമേരിക്കന്‍ നികുതിദായകര്‍ക്ക് ആശ്വാസ ധനമായി നേരിട്ട് ലഭിക്കും. ശരാശരി നാല് അംഗങ്ങളടങ്ങുന്ന ഒരു അമേരിക്കന്‍ കുടുംബത്തിന് 3,400 ഡോളറാണ് ലഭിക്കുക.
ചെറുകിട വ്യവസായങ്ങള്‍ക്കും വന്‍കിട വ്യവസായങ്ങള്‍ക്കും 500 ബില്യണ്‍ ഡോളര്‍ ഗ്രാന്‍റും വായ്പയും നല്‍കും. ബുദ്ധിമുട്ടുന്ന വിമാനക്കമ്പനികള്‍ക്കും അവരുടെ ജീവനക്കാര്‍ക്കും 50 ബില്യണ്‍ ഡോളര്‍ വരെ നല്‍കും.
മെഡിക്കല്‍ ഉപകരണങ്ങള്‍ അത്യാവശ്യമുള്ള ആശുപത്രികള്‍ക്കും മറ്റ് ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ക്കുമായി 100 ബില്യണ്‍ ഡോളര്‍ നല്‍കും. കൂടാതെ കൊറോണ വൈറസ് ബാധിച്ച അല്ലെങ്കില്‍ പ്രതിസന്ധി ഘട്ടത്തില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട തൊഴിലാളികളെ സഹായിക്കുന്നതിന് തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും തുക ലഭ്യമാക്കും.
ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ അണുബാധയുള്ള രാജ്യങ്ങളില്‍ മൂന്നാമത് അമേരിക്കയാണ്. അതില്‍ പകുതിയോളം ന്യൂയോര്‍ക്ക് സംസ്ഥാനത്താണ്. വൈറസ് പരിശോധനയില്‍ പോസിറ്റീവ് ആയ 12 ശതമാനം ആളുകള്‍ക്കും ആശുപത്രിയില്‍ പ്രവേശനം ആവശ്യമാണെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ ക്വോമോ പറഞ്ഞു.
50,000 കിടക്കകളുള്ള ന്യൂയോര്‍ക്കിലെ ആശുപത്രികളിലേക്ക് 120,000 കൊറോണ വൈറസ് രോഗികള്‍ വരുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് ക്വോമോ ക്യൂമോ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 30,000 ത്തോളം കേസുകള്‍. 285 പേര്‍ മരിച്ചു.
എന്നാല്‍, ന്യൂയോര്‍ക്കില്‍ കര്‍ശനമാക്കിയ ‘സ്റ്റേ ഹോം’ ഓര്‍ഡറുകളും സാമൂഹിക അകലം പാലിക്കല്‍ നടപടികളും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവിന് കാരണമായെന്ന് ഗവര്‍ണ്ണര്‍ ചൂണ്ടിക്കാട്ടി. നടപടികള്‍ ശരിയായ ദിശയിലേക്കാണ് നീങ്ങുന്നതെന്നും ഗവര്‍ണ്ണര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതിസന്ധിയുടെ തീവ്രത ട്രംപ് ഭരണകൂടത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ബുധനാഴ്ച ട്രംപും അദ്ദേഹത്തിന്‍റെ ഉന്നത ലെഫ്റ്റനന്‍റുകളും റെസ്ക്യൂ പാക്കേജിന്റെ വേഗത വര്‍ദ്ധിപ്പിച്ച് പാസ്സാക്കണമെന്ന് സെനറ്റിനോട് ആവശ്യപ്പെടുകയായിരുന്നു. നേരത്തെ കൊറോണ വൈറസ് വ്യാപനത്തെ പുച്ഛത്തോടെ ട്രംപ് അവഗണിച്ചിരുന്നു. എന്നാല്‍ കോവിഡ് – 19ന്റെ ലോകത്തെ പ്രഭവകേന്ദ്രമായി അമേരിക്ക മാറാന്‍ പോകുകയാണെന്ന ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് അടിയന്തര നടപടികളിലേക്ക് ട്രംപ് നീങ്ങിയത്.
ഈ പണം അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയിലേക്കും, അമേരിക്കന്‍ തൊഴിലാളികളിലേക്കും എത്തിക്കേണ്ടതുണ്ടെന്ന് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യുചിന്‍ പറഞ്ഞു. കൊവിഡ്-19ന്റെ വ്യാപനം തടയാന്‍ രാജ്യവ്യാപകമായി അധികാരികള്‍ ശ്രമിക്കുന്നതിനാല്‍ യുഎസ് ജനസംഖ്യയുടെ പകുതിയിലധികവും ഇപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള ലോക്ക്ഡൗണില്‍ കഴിയുകയാണ്.
ബര്‍മിംഗ്ഹാം, അലബാമ, നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റ് എന്നിവ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച അമേരിക്കയിലെ പുതിയ നഗരങ്ങളാണ്.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രാജ്യം വീണ്ടും പഴയപടിയായിത്തീരുമെന്ന് ട്രംപ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
മൊയ്തീന്‍ പുത്തന്‍ചിറ
Post Your Comments