Latest NewsKeralaNews

കൊവിഡ് 19: കണ്ണൂർ ജില്ലയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ച ഒൻപത് പേരുടേയും സഞ്ചാര പാത ഉടൻ പുറത്തു വിടും

കണ്ണൂർ: കണ്ണൂർ ജില്ലയില്‍ പുതുതായി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ച ഒൻപത് പേരും ദുബായിൽ നിന്ന് വന്നവർ. ഇവരുടെ റൂട്ട് മാപ്പ് ഇന്ന് ജില്ലാ ഭരണകൂടം പ്രസിദ്ധീകരിക്കും. പുതുതായി രോഗം ബാധിച്ചവരിൽ രണ്ട് പേർ സ്വകാര്യ ബസിലും മറ്റും സഞ്ചരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

ഈ മാസം 22ന് ദുബായില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള എമിറേറ്റ്‌സിന്റെ ഇകെ 564 വിമാനത്തിലെത്തിയ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർ കോട്ടയംപൊയില്‍ സ്വദേശികളും ഒരാൾ കതിരൂർ സ്വദേശിയുമാണ്. ബംഗളൂരുവിൽ നിന്ന് റോഡ് മാര്‍ഗമാണ് ഇവർ നാട്ടിലെത്തിയത്.

മാര്‍ച്ച് 20ന് ദുബായില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള എമിറേറ്റ്‌സിന്റെ ഇകെ 566 വിമാനത്തിലാണ് കൂത്തുപറമ്പ് സ്വദേശികളായ രണ്ടുപേര്‍ എത്തിയത്. പതിനാല് പേരടങ്ങുന്ന ഒരു സംഘമായാണ് ഇവർ വന്നത്. സംഘത്തിലെ മറ്റൊരാൾക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. ബംഗളൂരുവിൽ നിന്ന് കേരള അതിർത്തിയായ കൂട്ടുപുഴ വരെ വാനിലും പിന്നീട് സ്വകാര്യ ബസിലുമാണ് സംഘം യാത്ര ചെയ്തത്.

അതിർത്തിയിലെ പരിശോധനയ്ക്കിടെ ഇവർ ഉദ്യോഗസ്ഥരോടും മാധ്യമ പ്രവർത്തകരോടും തട്ടിക്കയറിയിരുന്നു. സംഘത്തിലെ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതു മുതൽ പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരുമടക്കം നാൽപതോളം പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

എയര്‍ ഇന്ത്യയുടെ ദുബായില്‍ നിന്ന് കരിപ്പൂരിലേക്കുള്ള എഐ 938 വിമാനത്തില്‍ മാര്‍ച്ച് 17നെത്തിയ തലശേരി സ്വദേശിയും മാര്‍ച്ച് 19നെത്തിയ മേക്കുന്ന് സ്വദേശിയുമാണ് രോഗം ബാധിച്ച മറ്റു രണ്ടു പേര്‍. മാര്‍ച്ച് 18ന് സ്‌പൈസ്‌ജെറ്റിന്റെ എസ്ജി 54 എന്ന വിമാനത്തില്‍ ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ കതിരൂര്‍, മട്ടന്നൂര്‍ സ്വദേശികൾക്കും കൊവിഡ് 19 സ്ഥിരീകരിച്ചു.

ALSO READ: കൊറോണ ഭീഷണി: ജനങ്ങള്‍ക്കുവേണ്ടി സൗജന്യമായി മാസ്‌കുകള്‍ നിര്‍മ്മിച്ച്‌ നൽകുന്ന അധ്യാപകന്റെ പ്രവർത്തി മാതൃകയാകുന്നു

ഈ ഒന്‍പത് പേരും ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലായിരുന്നു. ഇപ്പോൾ എട്ട് പേര്‍ തലശേരി ജനറല്‍ ആശുപത്രിയിലും ഒരാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. ഇതോടെ കണ്ണൂരിൽ വൈറസ് ബാധിതരുടെ എണ്ണം 25 ആയി. ഇതിൽ 24 പേരും ദുബായിൽ നിന്ന് വന്നവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button