KeralaLatest NewsNews

കേരളം ലോക്ക് ഡൗൺ പ്രഖ്യാപിക്കാൻ വൈകി; മുഖ്യമന്ത്രി കള്ളം പറയുന്നു: കെ. സുരേന്ദ്രൻ

തിരുവനന്തപുരം• കൊറോണ വ്യാപനം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കുന്നതിന് കേരളം കാലതാമസം വരുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഏഴു ജില്ലകൾ അടച്ചിടണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടും കാസർകോട് മാത്രമേ അടയ്ക്കൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ബിവറേജസും ബാറുകളും അടച്ചിടണമെന്ന് എല്ലാവരും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വളരെ വൈകിയാണ് തീരുമാനമെടുത്തതെന്ന് സുരേന്ദ്രൻ പറഞ്ഞു. തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങളെ ഖണ്ഡിച്ചത്.

കഴിഞ്ഞ ദിവസം ഒരു ഇംഗ്ലീഷ് ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പിണറായി വിജയൻ കേരളമാണ് ലോക്ക് ഡൗൺ ഉൾപ്പടെ എല്ലാം ആദ്യം ചെയ്തത് എന്ന് അവകാശപ്പെട്ടിരുന്നു. കേരളത്തെ മറ്റുള്ളവർ പിന്തുടരുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. കൊറോണക്കാലത്ത് വിവാദങ്ങൾ പ്രോത്സാഹിപ്പിക്കപ്പെട്ടു കൂടാ എന്നാണ് തന്റെ അഭിപ്രായം എന്ന ആമുഖത്തോടെയാണ് സുരേന്ദ്രന്റെ പോസ്റ്റ് തുടങ്ങുന്നത്.

ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ.. :

“കൊറോണക്കാലത്ത് രാഷ്ട്രീയമായ വാദവിവാദങ്ങൾ പ്രോത്സാഹിപ്പിക്കപ്പെട്ടുകൂടാ എന്ന അഭിപ്രായമാണ് എനിക്കുള്ളത്. എന്നാൽ ഇന്നലെ ഒരു ഇംഗ്ളീഷ് ചാനൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞതും അവതാരകന്റെ അതിശയോക്തി നിറഞ്ഞ നിരീക്ഷണങ്ങളും അതുവെച്ചുകൊണ്ടുള്ള സൈബർ തള്ളുകളും കാണുമ്പോൾ മിതമായ വാക്കുകളിൽ ചിലതു പറയാതെവയ്യ.കേരളം ഇന്ന് ചെയ്യുന്നതാണ് രാജ്യം നാളെ പിന്തുടരുന്നത് എന്ന നിലയിലാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്.ലോക്ക്ഡൗൺ കേരളം നേരത്തെ തുടങ്ങി എന്നതാണ് ഇതിനു ഒരു കാരണമായി പറയുന്നത്. വസ്തുത അതല്ല. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് കേന്ദ്രസർക്കാർ സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായുള്ള വീഡിയോ കോൺഫറൻസിൽ രാജ്യത്തെ എഴുപത്തഞ്ചു ജില്ലകളിൽ ലോക്ക് ഡൗൺ വേണമെന്ന് ആവശ്യപ്പെട്ടത്. അതിലേഴുജില്ലകൾ കേരളത്തിലായിരുന്നു. അന്നു മുഖ്യമന്ത്രി പറഞ്ഞത് കാസർഗോഡുമാത്രമേ ലോക്ക് ഡൗൺ ഉണ്ടാവുകയുള്ളൂ എന്നാണ്. പിന്നീട് ചൊവ്വാഴ്ച രാത്രിവരെ ഈ നില തുടർന്നു. ചൊവ്വാഴ്ച പ്രധാനമന്ത്രി രാജ്യവ്യാപകമായ ലോക്ക്ഡൗൺ പ്രഖ്യാപിച്ചശേഷമാണ് കേരളവും ആ നിലപാടെടുത്തത്. അപ്പോഴും ലോക്ക്ഡൗൺ കാലമായിട്ടും ബീവറേജസ് ഔട്ട്ലെറ്റുകൾ പൂട്ടാൻ ബുധനാഴ്‌ച രാവിലെ പതിനൊന്നുമണി വരെ സർക്കാർ കാത്തിരുന്നു. ഇനി ഭക്ഷ്യസുരക്ഷയുടെ കാര്യമെടുക്കാം. അരിയുടേയും ഗോതമ്പിന്റേയും കാര്യത്തിൽ മൂന്നുമാസത്തേക്കുള്ള മുൻകൂർ അനുമതി കേരളത്തിന് കേന്ദ്രം നൽകിയ കാര്യം മനപ്പൂർവം മറച്ചുവെക്കുകയല്ലേ ചെയ്തത്?അതും 27 രൂപയുടെ ഗോതമ്പും 37 രൂപയുടെ അരിയും രണ്ടും മൂന്നും രൂപ നിരക്കിൽ. മാത്രമല്ല കേരളത്തിലെ മുഴുവൻ എഫ്. സി. ഐ ഗോഡൗണുകളും ഭക്ഷ്യസാധനങ്ങൾ നിറഞ്ഞുകവിഞ്ഞ് കിടക്കുകയുമാണ്. ദുരന്തനിവാരണ പ്രതിരോധഫണ്ടിലുള്ള കേന്ദ്രസഹായം ആവശ്യാനുസരണം ഉപയോഗിക്കാനുള്ള അനുമതിയും കേരളത്തിന് നേരത്തെ ലഭിച്ചതാണ്. കേരളം പ്രഖ്യാപിച്ച ഇരുപതിനായിരം കോടി എവിടെ എന്ന് ചോദിച്ച് ഇനിയും തോമസ് ഐസക്കിനെ പ്രകോപിപ്പിക്കുന്നില്ല. സർദേശായിയെ വെച്ച് പി. ആർ. പൊടിപൊടിക്കുന്നതൊക്കെ കൊള്ളാം. എന്നാൽ എല്ലാവരും വിഡ്ഡികളല്ലെന്ന് ഈ കൊറോണക്കാലത്തും ഓർമ്മിപ്പിക്കേണ്ടിവരുന്നതിൽ ദുഖമുണ്ട്‌.”

shortlink

Related Articles

Post Your Comments

Related Articles


Back to top button