Latest NewsIndiaNews

ജമ്മു കാശ്മീരില്‍ ആദ്യ കൊറോണ മരണം

ശ്രീനഗര്‍•കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൽ കൊറോണ വൈറസ് മൂലമുള്ള ആദ്യത്തെ മരണം രേഖപ്പെടുത്തി. ശ്രീനഗറിലെ ഹൈദർപോറ സ്വദേശിയായ 65 കാരനാണ് മരിച്ചത്. ഇദ്ദേഹത്തിന് പ്രമേഹം, രക്താതിമർദ്ദം, അമിതവണ്ണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ജമ്മു കശ്മീർ സർക്കാർ വക്താവ് രോഹിത് കൻസൽ ട്വിറ്ററിലൂടെ അറിയിച്ചു. മരിച്ച രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്ന നാല് പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതുവരെ ജമ്മു കശ്മീരിൽ 11 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇതിൽ ഒമ്പത് പേർ ചികിത്സയിലാണ്. ഒരാൾ പൂർണമായി സുഖം പ്രാപിച്ചു, ഒരാൾ മരിച്ചു. ജമ്മു കാശ്മീരില്‍ ബുധനാഴ്ച പുറത്തിറക്കിയ സർക്കാർ ബുള്ളറ്റിൻ പ്രകാരം 5,124 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 3,061 പേർ ഇന്‍-ഹോം ക്വാറന്റൈനിലും (സര്‍ക്കാര്‍ നടത്തുന്ന സൗകര്യങ്ങള്‍ ഉള്‍പ്പെടെ), 80 പേര്‍ ആശുപത്രിയില്‍ ക്വാറന്റൈനിലും ബാക്കി 1,477 പേര്‍ വീട്ടില്‍ നിരീക്ഷണത്തിലുമാണ്.

ജമ്മു കശ്മീരിലെ കെട്ടിട നിർമാണത്തൊഴിലാളി ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 3.5 ലക്ഷം തൊഴിലാളികൾക്ക് 1,000 രൂപ വീതം നൽകുമെന്ന് ജമ്മു കശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാൽ അറിയിച്ചു. വാർദ്ധക്യം, വൈകല്യം, കുടുംബ പെൻഷൻ എന്നിവ രണ്ട് തവണകളായി ഉടന്‍ നല്‍കും. 7.7 ലക്ഷം പെൻഷൻകാർക്ക് പ്രയോജനം ലഭിക്കുമെന്നും തീർപ്പുകൽപ്പിക്കാത്ത 1.7 ലക്ഷം അപേക്ഷകർക്കും അധികമായി പരിരക്ഷ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജമ്മു കശ്മീരിലെ 4 ജി സർവീസുകൾ പുസ്ഥാപിച്ചതായി വന്ന വാര്‍ത്തകള്‍ ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച തള്ളി. ആഭ്യന്തര മന്ത്രാലയമോ ജമ്മു കശ്മീർ സർക്കാരോ അത്തരം ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. വാര്‍ത്ത‍ ശരിയല്ലെന്നും പ്രസ്താവനയിൽ പറയുന്നു.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 43 വിദേശ പൗരന്മാരുൾപ്പെടെ ഇന്ത്യലെ ആകെ പോസിറ്റീവ് കോവിഡ് -19 കേസുകളുടെ എണ്ണം 606 ആയി. ഗുജറാത്തിൽ നിന്നുള്ള 85 കാരിയായ സ്ത്രീ ബുധനാഴ്ച മരിച്ചതിനെ തുടർന്ന് കൊറോണ വൈറസ് മൂലമുള്ള പന്ത്രണ്ടാമത്തെ മരണം രാജ്യം സ്ഥിരീകരിച്ചു.

രാജ്യത്ത് 21ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ പൊതുഗതാഗതവും നിരോധിച്ചിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അവശ്യ കാര്യങ്ങള്‍ക്കല്ലാതെ വീടിനുപുറത്തിറങ്ങുന്നതും നിരോധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button