തിരുവനന്തപുരം : ലോക്ക് ഡൗണ്‍ കാലയളവ് ഡ്യൂട്ടി ദിനങ്ങളായി കണക്കാക്കി കരാര്‍ ജീവനക്കാര്‍ക്കും ദിവസവേതനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ തീരുമാനം. സംസ്ഥാന ധനവകുപ്പിന്റേതാണ് തീരുമാനം. ഇതടക്കം ഈ മാസത്തെ ശമ്പളവിതരണത്തിനുള്ള ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. ഈ മാസത്തെ ശമ്പള ബില്ലുകള്‍ ഇലക്ട്രോണിക് രൂപത്തില്‍ മാത്രം സമര്‍പ്പിച്ചാല്‍ മതിയാകും. എല്ലാ ശമ്പള-പെന്‍ഷന്‍ ബില്ലുകളും 31/03/2020 മുമ്പായി പാസാക്കാന്‍ ട്രഷറി ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ മാസത്തെ ശമ്പളബില്ലില്‍ എയിഡഡ് സ്ഥാപനങ്ങള്‍ക്ക് കൌണ്ടര്‍ സൈന്‍ വേണ്ട.
കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ സര്‍ക്കാരിന്റെ അടിയന്തിര പേമെന്റുകള്‍ക്കും വ്യക്തികളുടെ ഒഴിച്ചുകൂടാനാവാത്ത പേമെന്റുകള്‍ക്കും മാത്രമായി മൂന്നിലൊന്ന് ജീവനക്കാരെ വിനിയോഗിച്ച് എല്ലാ ട്രഷറികളും ഭാഗികമായി പ്രവര്‍ത്തിപ്പിക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരമുള്ള സുരക്ഷാ മുന്‍കരുതലുകളും പൂര്‍ണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഉചിതമായ രീതിയില്‍ ജീവനക്കാരെ താല്‍ക്കാലികമായി ജില്ലാ ട്രഷറി പരിധിക്കുള്ളില്‍ പുനര്‍വിന്യസിക്കാന്‍ ജില്ലാ ട്രഷറി ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കാസര്‍ഗോഡ് ജില്ലയില്‍ നിലവിലുള്ള കര്‍ശന നിയന്ത്രണത്തിന്റെ വെളിച്ചത്തില്‍ ജില്ലാ ട്രഷറി ഒഴികെയുള്ള ട്രഷറിയുടെ പ്രവര്‍ത്തനം ഈ മാസം അവസാനം വരെ നിറുത്തിവെയ്ക്കും. മറ്റ് ട്രഷറികളില്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ അടിയന്തിര പേയ്മെന്റുകള്‍ ജില്ലാ ട്രഷറി മുഖേന നിര്‍വ്വഹിക്കും.
Post Your Comments