തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകളില്‍ ശക്തമായ പൊലീസ് സന്നാഹം , മതിയായ കാരണമില്ലാതെ യാത്ര ചെയ്താല്‍ കര്‍ശന നടപടി. കോവിഡ് 19 വ്യാപനം തടയാന്‍ സംസ്ഥാനത്ത് പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി പൊലീസ് രംഗത്ത് എത്തിയിരിക്കുന്നത്. ഐജിമാര്‍, ഡിഐജിമാര്‍, ജില്ലാ പൊലീസ് മേധാവികള്‍ എന്നിവരുടെ നേതൃത്വത്തില്‍ അടച്ചുപൂട്ടല്‍ നടപടികള്‍ ഏകോപിപ്പിക്കും. ചൊവ്വാഴ്ച രാവിലെ അഞ്ച് മുതല്‍ ശക്തമായ പൊലീസ് സന്നാഹം നിരത്തുകളില്‍ ഉണ്ടാകും.
ഒരു വിട്ടുവീഴ്ചയും ഇല്ലാതെ അടച്ചുപൂട്ടല്‍ നടപ്പാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മതിയായ കാരണം ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കും.
അവശ്യ സര്‍വീസായി പ്രഖ്യാപിച്ച വിഭാഗങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമേ ഇളവ് അനുവദിക്കൂ. ഇത്തരം ആള്‍ക്കാര്‍ക്ക് പൊലീസ് പ്രത്യേക പാസ് നല്‍കും. പാസ് കൈവശം ഇല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും പൊലീസ് മേധാവി വ്യക്തമാക്കി.
Post Your Comments