ബാങ്കോക്ക്: തായ്‌ലന്‍ഡിൽ കൊവിഡ് 19 വൈറസ് ഭീതി വിതച്ച് പടർന്നു പിടിക്കുകയാണ്. ഇന്ന് മാത്രം ഇതുവരെ 188 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ 599 പേര്‍ക്ക് രാജ്യത്ത് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. കൂടുതല്‍ ആളുകളിലേക്ക് വൈറസ് പടരാതിരിക്കാന്‍ എല്ലാവരും വീടുകളില്‍ നിന്ന് പുറത്തിറങ്ങാതിരിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.
യുവാക്കള്‍ കൂടുതലായി പുറത്തിറങ്ങുന്ന ബാങ്കോക്കിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തെ കൊറോണ ബാധിച്ചവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കാണ് ഇപ്പോള്‍ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഒരു ബോക്‌സിംഗ് സ്‌റ്റേഡിയത്തില്‍ നിന്നാണ് വൈറസ് പടര്‍ന്നു തുടങ്ങിയത്. ഇതുവരെ ഒരാള്‍ മാത്രമാണ് രോഗ വിമുക്തി നേടിയിട്ടുള്ളത്.
അതേസമയം, ലോകമാകെ കൊവിഡ് 19 ബാധിച്ചുള്ള മരണം 13,000 കടന്നു. മൂന്ന് ലക്ഷത്തോളം പേരെയാണ് ഇതുവരെ രോഗം ബാധിച്ചത്. അയ്യായിരത്തിലേറെ പേരാണ് യൂറോപ്പില്‍ മാത്രം മരിച്ചത്. രോഗവ്യാപനം നിയന്ത്രിക്കാനാകാതെ പാടുപെടുകയാണ് ഇറ്റലി. 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 793 പേരാണ്.
ഇറ്റലിയുടെ വടക്കന്‍ മേഖലയായ ലൊമ്പാര്‍ഡിയില്‍ മാത്രം മരിച്ചത് 546 പേരാണ്. ഇതേ തുടര്‍ന്ന് മേഖലയില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്ത് ആകെ കൊവിഡ് മരണം 4,825 ആയി ഉയര്‍ന്നു. ഒറ്റദിവസത്തിനിടെ 6500ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സ്പെയിനിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്.
Post Your Comments