KeralaLatest NewsNews

സർക്കാര്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് ഉത്സവങ്ങളും ആഘോഷങ്ങളും. കടുത്ത നടപടി സ്വീകരിക്കും – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം•കോവിഡ് 19 ജാഗ്രതയുടെ പശ്ചാത്തലത്തിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം പാലിക്കാതെ ആരാധനാലായങ്ങളിലെ ഉത്സവങ്ങളും പെരുന്നാളുകളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നത് അപലപനീയമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്, പേരൂർക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രങ്ങൾ, വെള്ളായണി ദേവി ക്ഷേത്രം തുടങ്ങിയിടങ്ങളില്‍ വലിയ ആൾകൂട്ടവും നൂറു കണക്കിന് ഭവന സന്ദര്‍ശനവുമാണ് ഇന്നലെ നടത്തിയിരിക്കുന്നത്. ഇത് വളരെ ഗുരുതരമായ വീഴ്ചയാണെന്നത് കണക്കിലെടുത്ത് ഇതിന് നേതൃത്വം കൊടുത്തവര്‍ക്ക് എതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിർദ്ദേശം നൽകി.

ജനങ്ങളുടെ ജീവനെയും ആരോഗ്യത്തെയും അപകടപ്പെടുത്തുന്ന ഇത്തരത്തിലുള്ള നീക്കങ്ങൾ അനുവദിക്കില്ല. ആരാധനാലയങ്ങളില്‍ ആളുകൾ അടുത്തിടപഴകുന്ന തരത്തിൽ തടിച്ചു കൂടുന്ന സാഹചര്യം നിർബന്ധമായും ഒഴിവാക്കണം. സംസ്ഥാന സർക്കാരിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചു ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനെതിരെ കടുത്ത നടപടികൾ ഉണ്ടാകും. കോവിഡ് 19 കമ്മ്യൂണിറ്റി സ്പ്രെഡ് സംഭവിക്കാതിരിക്കാന്‍ മുൻകരുതൽ നടപടികളുമായി മുന്നോട്ടു പോകുന്ന സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും പ്രയത്നത്തിന് പുല്ല് വില കല്പിച്ചുകൊണ്ടു കുറേയാളുകൾ നടത്തുന്ന ചെയ്തികൾ നാടിന് ഒട്ടും അനഭിലഷണീയവും അപകടകരവുമാണെന്ന് മന്ത്രി പറഞ്ഞു.

പൊതുജന സുരക്ഷക്കായി സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ലംഘിക്കുവാൻ ഒരു തരത്തിലും അനുവദിക്കുകയില്ല. എല്ലാ ആരാധാനാലയങ്ങളും ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മാര്‍ച്ച് 29ന് ആരംഭിക്കുന്ന ശബരിമല ഉല്‍സവത്തിനും ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. അഡ്മിനിസ്ട്രേറ്റീവ് ആഫീസര്‍ ഗ്രേഡ് ക്ഷേത്രങ്ങളിലും, സ്പെഷ്യല്‍ ഗ്രേഡ് ക്ഷേത്രങ്ങളിലും മാര്‍ച്ച് 31 വരെ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. ക്ഷേത്രോല്‍സവങ്ങള്‍ ക്ഷേത്രത്തിനുള്ളില്‍ ഒതുങ്ങി നിന്നുകൊണ്ടുള്ള ചടങ്ങുകളായി ചുരുക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിലും ഭക്തജനങ്ങള്‍ക്ക് പൂര്‍ണ്ണമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ച കണ്ണൂര്‍ പിലാത്തറയിലെ മുസ്ലിം പള്ളി കമ്മിറ്റി, കോളിച്ചാൽ പനത്തടി സെന്റ് ജോസഫ്സ് ഫൊറോന പള്ളി ഭാരവാഹികൾ, ഇടുക്കി പെരുവന്താനം വള്ളിയങ്കാവ് ക്ഷേത്ര ഭാരവാഹികൾ, തൃച്ചംബരം ക്ഷേത്ര ഭാരവാഹികൾ മട്ടന്നൂരിൽ, രണ്ട് മുസ്ലിം പള്ളി കമ്മിറ്റികൾ എന്നിവർക്കെതിരെ ഇതുവരെ കേസ് എടുത്തിട്ടുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button