ന്യൂഡല്‍ഹി: കൊറോണ വൈറസ് രോഗബാധയില്‍ നിന്നും മനുഷ്യജീവനുകളെ രക്ഷിക്കാനായി രാജ്യതലസ്ഥാനം അടച്ചിടുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ച് വരികയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. നിലവില്‍ ഡല്‍ഹിയിലെ രോഗികളുടെ എണ്ണം 26 ആയി ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം കൈക്കൊള്ളാന്‍ ഒരുങ്ങുന്നത്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ് സര്‍ക്കാര്‍ ഇക്കാര്യം നടപ്പിലാക്കാന്‍ ആലോചിക്കുന്നതെന്നും എന്നാല്‍ അതിനുള്ള സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നും അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നിര്‍ദ്ദേശിച്ച ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ‘ജനതാ കര്‍ഫ്യു’വിനായി ഒരുങ്ങുകയാണ് രാജ്യത്തെ ജനങ്ങള്‍ ഇപ്പോള്‍. രോഗബാധിതരുടെ എണ്ണം കൂടുന്ന ഒരു അവസ്ഥ വരികയാണെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുന്നതിനായുള്ള പ്രാരംഭ നടപടിയാണ് പ്രധാനമന്ത്രിയുടെ ‘ജനതാ കര്‍ഫ്യു’ എന്നും പറയപ്പെടുന്നു. ആഗോളവ്യാപകമായി കൊറോണ ബാധിച്ചവരുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക് അടുക്കുകയാണ്.
ഏറ്റവുമൊടുവില്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം 2,75,189 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 11,383 പേരാണ് ലോകത്ത് മരിച്ചത്. ഇന്നലെ മാത്രം 1,352 പേര്‍ മരിച്ചു. 30,256 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 91,533 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ച 7,765 പേരുടെ നില ഗുരുതരമാണ്. 185 രാജ്യങ്ങളില്‍ കൊറോണ പടര്‍ന്നുപിടിച്ചുകഴിഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക പട്ടികയില്‍ 195 രാജ്യങ്ങള്‍ക്കാണ് പരമാധികാരമുള്ളതെന്നിരിക്കെ 185 രാഷ്ട്രങ്ങളിലാണ് കൊറാേണ പടര്‍ന്നത്.
Post Your Comments