തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ പുനസംഘടിപ്പിച്ച് ഉത്തരവിറക്കി സർക്കാർ. ചലച്ചിത്ര അവാർഡ് നിർണയ ജൂറിയുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് സെക്രട്ടറിയായിരുന്ന മഹേഷ് പഞ്ചുവിനെ പുറത്താക്കിയതിന് പിന്നാലെയാണ് നടപടി. ഈ മാസം 13ന് സെക്രട്ടറിയായിരുന്ന മഹേഷ് പഞ്ചുവിനെ സർക്കാർ പുറത്താക്കി. തുടർന്നാണ് ചലച്ചിത്ര അക്കാദമി പുനഃസംഘടിപ്പിച്ചത്.
മഹേഷ് പഞ്ചുവിന് പകരം കൊല്ലം ജില്ലാ ഇൻഫർമേഷൻ ഓഫീസർ അജോയ് ചന്ദ്രനാണ് പുതിയ സെക്രട്ടറി. നടന്മാരായ ഇന്ദ്രൻസ്, പ്രേംകുമാർ, സംവിധായകൻ അനിൽ നാഗേന്ദ്രൻ, കെ.ആർ. നാരായണൻ ദേശീയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ, ചലച്ചിത്ര ഫിലിം സൊസൈറ്റി അംഗം ജോർജ് മാത്യു എന്നിവരെ പുതുതായി ജനറൽ കൗൺസിലിൽ ഉൾപ്പെടുത്തി. ചെയർമാൻ, വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങളിൽ കമലും ബീനാപോളും തുടരും. ഇവരെ കൂടാതെ സംവിധായകരായ സിബി മലയിൽ, പ്രദീപ് ചൊക്ലി, ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി, നടിമാരായ മഞ്ജു വാര്യർ, സജിത മഠത്തിൽ, ചലച്ചിത്ര നിരൂപകരായ വി.കെ. ജോസഫ്, എന്നിവരെയും ജനറൽ കൗൺസിലിൽ നിലനിർത്തിയിട്ടുണ്ട്.
വിവിധ കാരണങ്ങളാൽ ജനറൽ കൗൺസിൽ സ്ഥാനത്ത് നിന്ന് സംവിധായകൻ ഡോ. ബിജുവും എഴുത്തുകാരനായ സി.എസ്. വെങ്കിടേശ്വരനും നേരത്തേ രാജിവച്ചിരുന്നു. എക്സിക്യൂട്ടിവ് അംഗമായിരുന്ന കെ.ആർ. മോഹനൻ മരിച്ചു. സംവിധായകൻ നീലനെയും അക്കാദമിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇവരുടെ ഒഴിവിലേക്കാണ് പുതിയ അംഗങ്ങളെത്തുന്നത്.
ഇത്തവണത്തെ സംസ്ഥാന അവാർഡിനായി പരിഗണിക്കുന്ന ചിത്രങ്ങളിൽ ചെയർമാൻ കമലിന്റെ മകൻ സംവിധാനം ചെയ്ത ചിത്രമുൾപ്പെട്ടതിനാൽ ജൂറി പാനലിൽ നിന്ന് കമൽ മാറി നിൽക്കണമെന്നായിരുന്നു മഹേഷ് പഞ്ചുവിന്റെ ആവശ്യം. അക്കാദമിയിലെ തർക്കം രൂക്ഷമായതോടെയാണ് സർക്കാർ ഇടപെടുകയായിരുന്നു.
Post Your Comments