Latest NewsNewsSaudi ArabiaGulf

ഫേസ്‌ബുക്ക് പോസ്റ്റ് സഹായിച്ചു; സുൽഫിയ്ക്ക് കളഞ്ഞു കിട്ടിയ പണത്തിന്റെ ഉടമസ്ഥനെ കണ്ടെത്തി

അൽഹസ്സ: നവയുഗം സാംസ്ക്കാരികവേദി അൽഹസ മേഖലകമ്മിറ്റി അംഗവും, മസറോയിയ യൂണിറ്റ് ഭാരവാഹിയുമായ സുൾഫിക്കർ, പ്രഭാതസവാരിയ്ക്കിടയിൽ നടപ്പാതയിൽ വീണു കിട്ടിയതിനെത്തുടർന്നു പൊലീസിന് കൈമാറിയ പണത്തിന്റെ യഥാർത്ഥ ഉടമസ്ഥനെ തിരിച്ചറിഞ്ഞു. അൽഹസ്സയിൽ ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കുന്ന സുഡാൻ സ്വദേശിയായ ഉമർ ഹുസ്സൈൻ എന്ന വ്യക്തി, ഉടമസ്ഥത തെളിയിയ്ക്കുന്ന രേഖകൾ സഹിതം റുഖയ്‌ഖ പോലീസ് സ്റ്റേഷനിൽ ഹാജരായി പണം ഏറ്റുവാങ്ങി. സുൽഫിയുടെ സത്യസന്ധതയെക്കുറിച്ചുള്ള സാമൂഹ്യപ്രവർത്തകനായ നാസർ മദനിയുടെ ഫേസ്‌ബുക്ക് പോസ്റ്റാണ് ഉടമസ്ഥനെ കണ്ടെത്താൻ സഹായകരമായത്.

കമ്പനിയുടെ പണമായ പത്തൊൻപതിനായിരം റിയാൽ അടങ്ങുന്ന നോട്ടുകെട്ട്, ഒരാഴ്ച മുൻപാണ് രാത്രി ജോലി കഴിഞ്ഞു വീട്ടിലേയ്ക്ക് മടങ്ങുന്ന വഴി, ഉമർ ഹുസ്സൈന്റെ കൈയ്യിൽ നിന്നും നഷ്ടമായത്. രാവിലെ പ്രഭാതനടത്തയ്ക്ക് ഇറങ്ങിയ സുൽഫിക്കർ ഈ പണം കാണുകയും, അതിനെ റുഖയ്‌ഖ പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയി കൊടുക്കുകയും ചെയ്യുകയായിരുന്നു.

പണം നഷ്ടപ്പെട്ട വിവരം ഉമർ ഹുസ്സൈൻ ആ പ്രദേശത്തുള്ള കടകളിലെല്ലാം അറിയിച്ചിരുന്നു. “നോട്ടുകെട്ട് വീണുകിട്ടി” എന്ന തലക്കെട്ടിൽ സാമൂഹ്യപ്രവർത്തകനായ നാസർ മദനി ഇട്ട ഫേസ്ബുക്ക്‌ പോസ്റ്റ് കണ്ട മലയാളിയായ ഒരു കടക്കാരനാണ് , ഉമർ ഹുസൈനോട് പണം പോലീസ് സ്റ്റേഷനിൽ ഉണ്ട് എന്നറിയിച്ചത്. അതിനെത്തുടർന്ന് ഉമർ ഹുസ്സൈൻ റുഖയ്‌ഖ പോലീസ് സ്റ്റേഷനിൽ എത്തി. രേഖകൾ പരിശോധിച്ച് ഉമറിന്റെ പണമാണ് അത് എന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് പണം അദ്ദേഹത്തിന് കൈമാറി.

പോലീസ് നൽകിയ നമ്പറിൽ ഉമർ ഹുസ്സൈൻ, സുൽഫിയെ ഫോണിൽ ബന്ധപ്പെട്ടു തന്റെ റൂമിലേക്ക് ക്ഷണിക്കുകയും, ഒരുപാട് നന്ദിയും കടപ്പാടും അറിയിക്കുകയും, ഒരു പാരിതോഷികം സമ്മാനിയ്ക്കുകയും ചെയ്തു.

ഈ സത്യസന്ധതയുടെ അംഗീകാരമായി നവയുഗം സാംസ്കാരികവേദി മസ്‌റൂയിയ്യ യൂണിറ്റ് സുൽഫിയെ കഴിഞ്ഞ ദിവസം ആദരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button