ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈനിക കേന്ദ്രത്തില്‍ ആശങ്കയിലാഴ്ത്തി ആദ്യ കോവിഡ്-19 സ്ഥിരീകരിച്ചു. 34കാരനായ സൈനികന് ബുധനാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 147 ആയി. ലേയിലെ ഛുഹോത്ത് ഗ്രാമവാസിയായ ഇയാളുടെ പിതാവ് അടുത്തിടെ ഇറാനില്‍ തീര്‍ഥാടനത്തിനു പോയി മടങ്ങിവന്നിരുന്നു. ഫെബ്രുവരി 20ന് എയര്‍ ഇന്ത്യ വിമാനത്തില്‍ മടങ്ങിയെത്തിയ പിതാവ് കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ലഡാക്ക് ഹാര്‍ട്ട് ഫൗണ്ടേഷനില്‍ ഫെബ്രുവരി 27 മുതല്‍ ക്വാറന്റീനിലാണ്. ഇതിനു മുന്‍പ് ഇയാള്‍ സൈനികനും മറ്റു കുടുംബാംഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.
ഫെബ്രുവരി 25 മുതല്‍ അവധിയിലായിരുന്ന സൈനികന്‍ മാര്‍ച്ച് 2നാണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്. 7ാം തീയതി മുതല്‍ ക്വാറന്റീനിലായി. 16ന് പോസിറ്റീവ് ആണെന്നു തെളിഞ്ഞു. സൈനികന്റെ സഹോദരനും കോവിഡ്-19 പോസിറ്റീവ് ആണെന്നു വ്യക്തമായിട്ടുണ്ട്. സൈനികനെ സോനം നുര്‍ബൂ മെമ്മോറിയല്‍ (എസ്എന്‍എം) ആശുപത്രിയില്‍ ഐസലേറ്റ് ചെയ്തിരിക്കുകയാണ്. സൈനികനുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റു സൈനികരെ ക്വാറന്റീന്‍ ചെയ്തിട്ടുണ്ടെന്ന് സേനയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
Post Your Comments