ന്യൂഡല്‍ഹി: നാവിക സേനയിൽ വനിതകള്‍ക്ക് നിയമനം നൽകുന്നതിൽ നിർണായക തീരുമാനവുമായി സുപ്രീംകോടതി. കരസേനക്കു പിന്നാലെയാണ് നാവിക സേനയിലും വനിതകള്‍ക്ക് ദീര്‍ഘകാല നിയമനം (പെര്‍മനന്റ് കമിഷന്) നല്‍കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. ഇതിന്റെ മാനദണ്ഡങ്ങള്‍ മൂന്നു മാസത്തിനകം തയാറാക്കണമെന്ന് കേന്ദ്രത്തിന് നിര്‍ദേശം നല്കി.
സ്ത്രീപുരുഷ തുല്യത നടപ്പാക്കാതിരിക്കാന്‍ പലവിധ ന്യായങ്ങള്‍ പറയരുതെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. കടല്‍യാത്ര ഉള്‍പ്പെടുന്ന ജോലിയില്‍ ഹ്രസ്വകാല നിയമത്തിലുള്ളവരെ (ഷോര്‍ട്ട് സര്‍വിസ് കമീഷന്) നിയമിക്കാനാകില്ലെന്ന കേന്ദ്രവാദം ബെഞ്ചിലെ ജസ്റ്റിസ് അജയ് രസ്തോഗി തള്ളി. നാവികസേനയുടെ റഷ്യന്‍ നിര്‍മിത യാനങ്ങളില്‍ വനിതകള്‍ക്ക് അനുയോജ്യമായ ശുചിമുറികളില്ലെന്ന വാദമാണ് കേന്ദ്രം ഉയര്‍ത്തിയത്. ഇത് കേന്ദ്ര നയത്തിനെതിരാണെന്ന് കോടതി പറഞ്ഞു.
സേനക്ക് വനിതകള്‍ അഭിമാനകരമായ നേട്ടങ്ങളുണ്ടാക്കിയ നിരവധി സന്ദര്ഭങ്ങളുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ദീര്‍ഘകാല നിയമനം ലഭിക്കാതെ വിരമിച്ച വനിത ഓഫിസര്‍മാര്‍ക്ക് പെന്ഷന് ആനുകൂല്യം നല്‍കണം. നാവികസേനയില്‍ നിലവില്‍ 10 വര്‍ഷമാണ് ഹ്രസ്വകാല സര്‍വിസ്. ഇത് നാലുവര്‍ഷം കൂടി നീട്ടാം.
അതുവഴി മൊത്തം 14 വര്‍ഷം സേവനകാലാവധി ലഭിക്കും. ദീര്‍ഘകാല നിയമന വ്യവസ്ഥ അനുസരിച്ച് സാധാരണ വിരമിക്കല്‍ പ്രായംവരെ ജോലി ചെയ്യാം. 2008ല്‍ വനിതകള്‍ക്ക് ദീര്‍ഘകാല നിയമനെമന്ന നയം കേന്ദ്രം കൊണ്ടുവന്നിരുന്നു. എന്നാല്‍, അപ്പോള്‍ സര്‍വിസിലുള്ളവരെ ഇതിന് പരിഗണിച്ചില്ല.
സ്ത്രീകൾക്ക് സ്ഥിരം നിയമനം നല്കാതിരിക്കാന് ഒരു ന്യായവുമില്ലെന്ന 2015ലെ ഡല്‍ഹി ഹൈകോടതി വിധിക്കെതിരെയാണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്രം ലിംഗപരമായ വാര്‍പ്പുമാതൃകകളാണ് ഈ വിഷയത്തില്‍ അവതരിപ്പിക്കുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പുരുഷന്മാരുടെ അതേ കരുത്തില്‍ വനിതകള്‍ക്കും കടലില്‍ ജോലിചെയ്യാം. ഒരു വിവേചനവും ഉണ്ടാകാന്‍ പാടില്ല. -ബെഞ്ച് പറഞ്ഞു.
Post Your Comments