ഇടുക്കി: കോവിഡ് ബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ മൂന്നാർ റിസോര്‍ട്ടിൽ നിന്ന് മുങ്ങിയ സംഭവത്തിൽ നിർണായക പ്രതികരണവുമായി മന്ത്രി എം എം മണി. വിദേശ ടൂറിസ്റ്റുകളെ കൊച്ചിയിലേയ്ക്ക് കടത്തിയ ട്രാവൽ ഏജന്‍റിനെതിരെ നിയമനടപടി ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്. മൂന്നാറിൽ നടന്നത് അതീവ ഗുരുതരമായ വീഴ്ചയാണെന്ന പശ്ചാത്തലത്തിൽ പ്രദേശത്ത് എല്ലാ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും വിദേശികളുടെ ബുക്കിങുകള്‍ റദ്ദാക്കാനുള്ള നിര്‍ദ്ദേശം ഉടൻ നൽകിയേക്കും. മൂന്നാറിലെ അടിയന്തര യോഗത്തിനു ശേഷം മന്ത്രി എം എം മണിയാണ് ഇക്കാര്യം മാധ്യമങ്ങളോടു പറഞ്ഞത്.
ബ്രിട്ടീഷ് പൗരനെ മൂന്നാറിലെ റിസോര്‍ട്ടിൽ നിന്ന് കടക്കാൻ സഹായിച്ചത് ട്രാവൽ ഏജന്റ് ആണെന്നാണ് ജീല്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ. രോഗലക്ഷണങ്ങളുമായി റിസോര്‍ട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്ന ബ്രിട്ടീഷ് പൗരൻ ഉള്‍പ്പെടുന്ന 19 അംഗ സംഘത്തെ കൊച്ചിയിലേയ്ക്ക് കൊണ്ടു പോയത് ഒരു സ്വകാര്യ വാഹനത്തിലാണെന്ന് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ സ്വകാര്യ ട്രാവൽ ഏജൻ്റ് ഒത്താശ ചെയ്തെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
കൊവിഡ് 19 രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാൽ ആരോഗ്യവകുപ്പിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും നിരീക്ഷണത്തിലായിരുന്നു ഈ സംഘമെന്നാണ് വിവരം. അതേസമയം, സംഘം പോയത് അറിയിച്ചില്ലെന്ന് ഇടുക്കി കലക്ടര്‍ പറഞ്ഞു. പിന്നാലെ റിസോര്‍ട്ട് അടച്ചു. ടീ കൗണ്ടി മാനേജറെ കസ്റ്റഡിയില്‍ എടുത്തു. മൂന്നാര്‍ ടീ കൗണ്ടി റിസോര്‍ട്ട് ജനറല്‍ മാനേജരെ അറസ്റ്റ് ചെയ്‌തേക്കും.
Post Your Comments