കോട്ടയം :ചെങ്ങളത്ത് കോവിഡ്-19 സ്ഥിരീകരിച്ച യുവാവിന്റെ വീടിനു സമീപത്തെ വീട്ടില്‍ മരിച്ചയാളുടെ പരിശോധനാഫലം പുറത്ത്. ഇതില്‍ അദ്ദേഹം കോവിഡ് വന്നല്ല മരിച്ചതെന്ന് വ്യക്തമായി.പരിശോധനാഫലം ലഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ 12.10ന് സ്വകാര്യ വാഹനത്തില്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ച വ്യക്തിയെ ഏറ്റവും ഗുരുതരമായ രോഗികളെ മാത്രം പ്രവേശിപ്പിക്കുന്ന റെഡ് സോണില്‍ പ്രവേശിപ്പിക്കുകയും ജീവന്‍ രക്ഷാ പ്രഥമശുശ്രൂഷ നല്‍കുകയും ചെയ്‌തെങ്കിലും ഹൃദയസ്തംഭനത്താല്‍ രോഗി മരണപ്പെട്ടു. ഇത് ബന്ധുക്കളെ അറിയിക്കുമ്പോഴാണു കോവിഡ് രോഗത്തിന്റെ സെക്കന്‍ഡറി കോണ്‍ടാക്ട് വിഭാഗത്തില്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍ ബന്ധുക്കളില്‍ നിന്ന് അറിഞ്ഞത്.
തുടര്‍ന്ന് അവിടെ ഉണ്ടായരുന്നവര്‍ക്ക് രോഗപ്പകര്‍ച്ച ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാന്‍ യെല്ലോ സോണിലേക്കു മൃതദേഹം മാറ്റി. മൃതദേഹത്തിനും അതു കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിശ്ചയിക്കപ്പെട്ട വ്യക്തിഗത സുരക്ഷാ സംവിധാനങ്ങളോടെ എല്ലാ നടപടിക്രമങ്ങളും പാലിച്ച് ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രി ആംബുലന്‍സിലും തുടര്‍ന്ന് ട്രോളിയിലും ആശുപത്രി ജീവനക്കാര്‍തന്നെ ബന്ധുക്കളോടൊപ്പം മോര്‍ച്ചറിയിലേക്കു മാറ്റുകയും ചെയ്തു. പൊലീസ് നടപടിക്രമങ്ങളും മറ്റും പൂര്‍ത്തീകരിച്ച ശേഷം രാവിലെ 11.50ഓടെയാണ് ആശുപത്രി അധികൃതര്‍ക്കു മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൈമാറിയത്.
ആ സമയത്തു നടന്നുകൊണ്ടിരുന്ന മറ്റ് പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍ പൂര്‍ത്തീകരിച്ച ഉടന്‍ തന്നെ രണ്ടുമണിയോടെ ഇയാളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്തു. ഹൃദയസ്തംഭനം മൂലമുള്ള മരണം എന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.
Post Your Comments