Latest NewsNewsIndia

കോൺഗ്രസ്- ആർജെഡി വിള്ളൽ: സീറ്റിനായുള്ള വടം വലി അവസാനിപ്പിക്കാതെ കോൺഗ്രസ്; മുഖവിലക്കെടുക്കാതെ ആർജെഡി

അഞ്ച് രാജ്യസഭ സീറ്റുകളാണ് ബിഹാറിലുള്ളത്. പ്രേം ചന്ദ്ര ഗുപ്തയും അമരേന്ദ്ര ധരി സിങ്ങുമാണ് ആർജെഡി സ്ഥാനാർഥികൾ

പറ്റ്ന: ബിഹാറിൽ കോൺഗ്രസ്- ആർജെഡി ബന്ധത്തിൽ വിള്ളൽ വീണിരിക്കുകയാണ്. സീറ്റിനായുള്ള വടം വലി അവസാനിപ്പിക്കാത്ത കോൺഗ്രസ് നിലപാട് ആർജെഡിയെ ചൊടിപ്പിച്ചിരിക്കുകയാണ്. ബിഹാറിൽ നിന്ന് ഒരു രാജ്യസഭാ സീറ്റ് വേണമെന്ന കോൺഗ്രസിന്‍റെ ആവശ്യം ആർജെഡി മുഖവിലക്കെടുത്തിട്ടില്ല.

അതേസമയം, വിജയ സാധ്യതയുള്ള രണ്ട് സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളെ ആർജെഡി (രാഷ്ട്രീയ ജനതാ ദൾ) പ്രഖ്യാപിച്ചു. ഇതിൽ ഒരു സീറ്റ് തങ്ങൾക്ക് വേണമെന്നായിരുന്നു സഖ്യകക്ഷിയായ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നത്. ആർജെഡി സംസ്ഥാന അധ്യക്ഷൻ ജഗ്ദാനന്ദ സിങ് വാർത്താ സമ്മേളനം വിളിച്ചാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.

അഞ്ച് രാജ്യസഭ സീറ്റുകളാണ് ബിഹാറിലുള്ളത്. പ്രേം ചന്ദ്ര ഗുപ്തയും അമരേന്ദ്ര ധരി സിങ്ങുമാണ് ആർജെഡി സ്ഥാനാർഥികൾ. ജെഡിയു- ബിജെപി സഖ്യം മൂന്ന് സീറ്റുകൾ ഉറപ്പിക്കുമ്പോൾ ശേഷിക്കുന്ന രണ്ടെണ്ണം പ്രതിപക്ഷത്തിന് ലഭിക്കും. ഇതിൽ ഒരു സീറ്റായിരുന്നു കോൺഗ്രസ് ആവശ്യപ്പെട്ടത്.

നേരത്തെ കോൺഗ്രസിനു സീറ്റ് നൽകില്ലെന്ന് ആർജെഡി വ്യക്തമാക്കിയതിനു പിന്നാലെ തന്നെ ആർജെഡിയ്ക്ക് തുറന്ന കത്തുമായി ബിഹാറിന്‍റെ ചാർജുള്ള കോൺഗ്രസ് നേതാവ് ശക്തി സിങ് ഗോഹിൽ രംഗത്തെത്തിയിരുന്നു. രാജ്യസഭാ സീറ്റ് നൽകുമെന്ന ഉറപ്പ് ഓർമ്മിപ്പിച്ചുകൊണ്ടുള്ള തുറന്ന കത്താണ് ഇദ്ദേഹം എഴുതിയിരുന്നത്.

ഒരു രാജ്യസഭാ സീറ്റ് ആർജെഡി തങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നെന്നും ഉറപ്പുകൾ പാലിക്കുന്നില്ലെങ്കിൽ അതിനനുസരിച്ചുള്ള തീരുമാനങ്ങൾ എടുക്കുമെന്നും കോൺഗ്രസ് നേതൃത്വം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഈ വാദങ്ങളെ മുഖവിലയ്ക്കെടുക്കാതെ ആർജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button