തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും .വിവിധ കേന്ദ്രങ്ങളിലായി 4,22,450 പേരാണ് ഇക്കുറി എസ്.എസ്.എല്‍.സി എഴുതുന്നത്. ഏപ്രില്‍ രണ്ട് മുതലാകും മ്യൂല്യനിര്‍ണയം ആരംഭിക്കുക.
എസ്.എസ്.എല്‍.സി., ടി.എച്ച്.എസ്.എല്‍.സി., എ.എച്ച്.എസ്.എല്‍.സി. എന്നീ പരീക്ഷകള്‍ക്ക് പുറമേ ഹയര്‍ സെക്കണ്ടറി വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളും ഇന്ന് ആരംഭിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഈ പരീക്ഷകള്‍ എല്ലാം ഒരേ സമയത്ത് ക്രമീകരിച്ചത്. 9.45 ന് പരീക്ഷ ആരംഭിക്കും. സംസ്ഥാനത്തെ 2,945 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പതു കേന്ദ്രങ്ങള്‍ക്ക് പുറമേ ഗള്‍ഫിലെ ഒന്‍പതു കേന്ദ്രങ്ങളിലുമായി 4,22,450 വിദ്യാര്‍ഥികളാണ് റെഗുലര്‍ വിഭാഗത്തില്‍ ഇക്കുറി എസ്.എസ്.എല്‍.സി പരീക്ഷ എഴുതുക.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,38,457 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ 2,53,539 കുട്ടികളും അണ്‍എയ്ഡഡ് സ്‌കൂളുകളിലായി 30,454 കുട്ടികളും പരീക്ഷയെഴുതും. ഗള്‍ഫ്‌മേഖലയിലെ 597 കുട്ടികളെ കൂടാതെ ലക്ഷദ്വീപില്‍ നിന്നും 592 പേരും ഇന്ന് നടക്കുന്ന പരീക്ഷയില്‍ പങ്കാളികളാകും. മലപ്പുറം വിദ്യാഭ്യാസജില്ലയിലാണ് ഏറ്റവുംകൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത്. കുറവാകട്ടെ ആലപ്പുഴയിലെ കുട്ടനാട് വിദ്യാഭ്യാസജില്ലയിലുമാണ്. ടി.എച്ച്.എസ്.എല്‍.സി. വിഭാഗത്തില്‍ 48 പരീക്ഷാകേന്ദ്രങ്ങളിലായി 3091 പേരാണ് പരീക്ഷ എഴുതുന്നത്.54 കേന്ദ്രീകൃത ക്യാമ്ബുകളിലായി ഏപ്രില്‍ രണ്ടുമുതല്‍ 23വരെ മൂല്യനിര്‍ണയവും നടക്കും.
Post Your Comments