Latest NewsKeralaNews

ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടുമെന്ന് വ്യാജ പ്രചാരണം

തിരുവനന്തപുരം•കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടുമെന്ന് വ്യാജപ്രാചരണം. വാര്‍ത്താ ചാനലായ ന്യൂസ് 18 കേരളത്തിന്റെ പേരിലാണ് പ്രചാരണം. മാര്‍ച്ച് 31 വരെ വിദേശമദ്യ ഔട്ട്‌ലെറ്റുകള്‍ അടച്ചിടുമെന്നാണ് പ്രചാരണം. ന്യൂസ് 18 ചാനലിന്റെ സ്ക്രീന്‍ഷോട്ടില്‍ ‘ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടുമെന്ന് എഡിറ്റ്‌ ചെയ്ത് ചേര്‍ത്താണ് വ്യാജപ്രചരണം നടക്കുന്നത്. എന്നാല്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും ഉണ്ടായിട്ടില്ല എന്നതാണ് സത്യം.

സംസ്ഥാനത്തെ മുഴുവൻ ബവ്റിജസ് ഷോപ്പുകളും മാർച്ച് 31 വരെ അടച്ചിടുമെന്ന പ്രചാരണം തെറ്റാണെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ എംഡിയും അറിയിച്ചു. കൊറോണ സംശയിക്കുന്നയാൾ മദ്യം വാങ്ങിയ പത്തനംതിട്ട റാന്നിയിലെ ഒരു ഷോപ്പ് മാത്രമാണ് അടച്ചത്. മറ്റുള്ളവ അടക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും എം.ഡി വ്യക്തമാക്കി.

നേരത്തെ , പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കൂടുതൽ വിപുലവും ശക്തവുമായ ഇടപെടൽ തുടരാൻ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാർച്ച് 31 വരെ ക്ലാസുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നിയന്ത്രണം സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാലയങ്ങൾക്കും അൺഎയ്ഡഡ് വിദ്യാലയങ്ങൾക്കും ബാധകമാണ്.

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയും എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷയും നടക്കും. ആ പരീക്ഷകൾ എഴുതാൻ വരുന്നവരിൽ ആർക്കെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവരെ പ്രത്യേക മുറിയിൽ പരീക്ഷ എഴുതിക്കും. എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന കുട്ടികളിൽ രോഗബാധിതരുണ്ടെങ്കിൽ അവർക്കായി സേ പരീക്ഷ നടത്തും. ട്യൂഷൻ ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ, അവധിക്കാല ക്ലാസുകൾ തുടങ്ങിയവയെല്ലാം ഒഴിവാക്കണം.

മദ്രസകൾ, അങ്കണവാടികൾ, ട്യൂട്ടോറിയലുകൾ എന്നിവയും മാർച്ച് 31 വരെ അടച്ചിടണം. അങ്കണവാടികളിൽ പോകുന്ന കുട്ടികൾക്കുള്ള ഭക്ഷണം അവരവരുടെ വീടുകളിൽ എത്തിക്കും. പരീക്ഷ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരുതരം പഠനപ്രവർത്തനവും മാർച്ച് 31 വരെ ഉണ്ടാകരുത് എന്നാണ് തീരുമാനം.

എല്ലാതരം ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും അതുപോലുള്ള മറ്റ് പരിപാടികളും ഒഴിവാക്കുകയും അവ ചടങ്ങുകൾ മാത്രമായി നടത്തുകയും ചെയ്യണം. ജനങ്ങളെ കൂട്ടത്തോടെ പങ്കെടുപ്പിക്കുന്ന പരിപാടികൾ ഒഴിവാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകാൻ തീരുമാനിച്ചു. ശബരിമലയിൽ പൂജകൾ നടക്കുമെങ്കിലും ഈഘട്ടത്തിൽ ദർശനത്തിന് പോകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

വിവാഹങ്ങൾ വളരെ ലളിതമായ രീതിയിൽ നടത്താൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിനിമാശാലകളും മാർച്ച് 31 വരെ അടച്ചിടണം. നാടകം പോലെ ആളുകൾ അധികമായി ഒത്തുചേരുന്ന കലാസംസ്‌കാരിക പരിപാടികളും മാറ്റിവെക്കണം. നിരീക്ഷണത്തിലുള്ള കുടുംബങ്ങളിൽ അർഹരായവർക്ക് ഭക്ഷണമെത്തിക്കാൻ സംവിധാനമുണ്ടാക്കും. ഇതിന് ജില്ലാകളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.സർക്കാരുമായി ബന്ധപ്പെട്ട എല്ലാ പൊതുപരിപാടികളും മാറ്റിവെക്കും. മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികളും ഇതിൽപെടും.

സർക്കാരുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലും രോഗബാധ നിയന്ത്രിക്കാനുള്ള മുൻകരുതലുകൾ ഏർപ്പെടുത്തും. എല്ലായിടത്തും സാനിറ്റൈസർ ലഭ്യമാക്കും.

ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ചൈന, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വരുന്നവർ സ്വയം സന്നദ്ധരായി മുൻകരുതലുകൾ എടുക്കണം. അത്തരക്കാർ വീടുകളിലോ ഹോട്ടലുകളിലോ മറ്റ് ആളുകളുമായി സമ്പർക്കമില്ലാതെ കഴിയേണ്ടതും ആരോഗ്യവകുപ്പിനെ അക്കാര്യം അറിയിക്കുകയും വേണം.

രോഗബാധിതരുമായി സമ്പർക്കം പുലർത്തുന്നവർക്കാണ് വൈറസ് ബാധ ഉണ്ടാകുന്നത് എന്നതുകൊണ്ട് രോഗലക്ഷണമുള്ളവരും രോഗം ബാധിക്കാൻ സാധ്യതയുള്ള ആളുകളുമായോ പ്രദേശങ്ങളുമായോ സമ്പർക്കം പുലർത്തിയവരും ജാഗ്രതയോടെ പെരുമാറണം. നേരിയ അനാസ്ഥ പോലും നാടിനെയാകെ പ്രതിസന്ധിയിൽപെടുത്തും എന്നതാണ് മുന്നിലുള്ള അനുഭവം.

സർക്കാർ ആശുപത്രികൾ മാത്രമല്ല, സ്വകാര്യ ആശുപത്രികളുടെ സഹായവും തേടും. കൂടുതൽ രോഗികൾ വരുന്നതനുസരിച്ച് ആശുപത്രികളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. വിമാനത്താവളത്തിലും പുറത്തുനിന്ന് ആളുകൾ എത്തുന്ന മറ്റ് യാത്രാമാർഗങ്ങളിലും നിരീക്ഷണം ശക്തിപ്പെടുത്തും. എയർപോർട്ടുകളിലേക്ക് ഇതിനാവശ്യമായി കൂടുതൽ ജീവനക്കാരെ നൽകും.

തദ്ദേശ സ്ഥാപനങ്ങളുടേയും വാർഡ് മെമ്പർമാരുടേയും ആശാ വർക്കർമാരുടേയും സഹായത്തോടെ കോവിഡ് 19 രോഗബാധിത പ്രദേശങ്ങളിൽ നിന്നും വന്നിട്ടുള്ളവരുണ്ടോയെന്ന് കണ്ടെത്താൻ നിരീക്ഷണസംവിധാനം ശക്തിപ്പെടുത്തും. ഇതിന് നഗര പ്രദേശത്ത് റസിഡൻസ് അസോസിസിയേഷന്റെ സഹായം ലഭ്യമാക്കും. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനു പുറമെ സാമ്പിളുകൾ പരിശോധിക്കാൻ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.

ടെസ്റ്റിങ് ലാബുകളുടെ എണ്ണം വർദ്ധിപ്പിക്കാനും കുവൈറ്റും സൗദി അറേബ്യയും പ്രവേശനത്തിനായി കൊറോണ സർട്ടിഫിക്കറ്റ് നിഷ്‌കർഷിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാനും കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

സർക്കാരിന്റെയും ഔദ്യോഗിക സംവിധാനങ്ങളുടെയും നിർദേശങ്ങളല്ലാതെ വാർത്ത പരക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിച്ചാൽ ശക്തമായ നടപടിയെടുക്കും.

വിദേശങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ ഇന്നത്തെ സാഹചര്യത്തിൽ പ്രയാസം നേരിടുന്നുണ്ട്. അത്തരം പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ഇന്നത്തെ സാഹചര്യത്തിൽ ഇൻറർനെറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കൂടുതലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഇൻറർനെറ്റ് ശൃംഖല ശക്തിപ്പെടുത്താനും മുടക്കമില്ലാതെ ഇൻറർനെറ്റ് കിട്ടാനും ആവശ്യമായ നടപടി സ്വീകരിക്കും.

സംസ്ഥാനത്ത് ആകെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 15 ആയി. അതിൽ മൂന്നുപേരുടെ രോഗം പൂർണമായി മാറി. ഇപ്പോൾ ചികിത്സയിലുള്ള 12 പേരിൽ നാലുപേർ ഇറ്റലിയിൽനിന്ന് വന്നവരാണ്. എട്ടുപേർ അവരുമായി സമ്പർക്കം പുലർത്തിയവരും.

ഏറ്റവുമൊടുവിലത്തെ കണക്കനുസരിച്ച് 1,116 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 967 പേർ വീടുകളിലാണുള്ളത്. 149 പേർ ആശുപത്രികളിലുമുണ്ട്. സംശയിക്കുന്ന 807 സാമ്പിളുകൾ പരിശോധനക്ക് അയച്ചിരുന്നു. അതിൽ 717ന്റെയും ഫലം നെഗറ്റീവാണ്. ബാക്കിയുള്ളതിന്റെ ഫലം വരാനുണ്ട്.

സംസ്ഥാനത്താകെ സർക്കാർ സംവിധാനങ്ങൾ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. എന്നാൽ, കോവിഡ് 19 വ്യാപനം നിയന്ത്രിക്കാൻ സാധാരണ തോതിലുള്ള ജാഗ്രതയും ഇടപെടലും പോര. സ്ഥിതി നിയന്ത്രിച്ചുനിർത്താൻ സർക്കാരും ജനങ്ങളും എല്ലാ സംവിധാനങ്ങളും ഒത്തൊരുമിച്ച് രംഗത്തിറങ്ങേണ്ടതുണ്ട്. ബഹുജന സംഘടനകൾ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button