കോഴിക്കോട് : വൃത്തിഹീനമായ സാഹചര്യത്തില്‍ കോഴി വില്‍പന. കണ്ടത് പുഴുവരിയ്ക്കുന്ന ചത്ത കോഴികള്‍. ഇറച്ചി കോഴികള്‍ കുത്തനെ വിലയിടിഞ്ഞതിനെ തുടര്‍ന്ന് ഇവിടെ കച്ചവടം പൊടിച്ചിരുന്നുവെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. ചത്തതും ചാകാറായതുമായ കോഴികളെയും താറാവിനെയുമെല്ലാം വില്‍പന നടത്തുന്നതിനിടെയാണ് തമിഴ്‌നാട് സ്വദേശി ധനശേഖറിനെ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം കയ്യോടെ പിടികൂടിയത്. പക്ഷിപ്പനിബാധയെ തുടര്‍ന്ന് ജാഗ്രതാ പ്രവര്‍ത്തനവുമായി കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയപ്പോഴാണ് തൊണ്ടയാട് ബൈപാസ് ജംക്ഷനു സമീപത്തെ അനധികൃത കോഴിവില്‍പന കേന്ദ്രം കണ്ടത്.
ഇന്നലെ രാവിലെ എച്ച്‌ഐ കെ.ഷജില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഇവിടെയെത്തി കച്ചവടം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ഉച്ചയോടെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.ശിവദാസിന്റെ നേതൃത്വത്തില്‍ ഇവിടെയെത്തി പരിശോധന നടത്തി. അപ്പോഴാണ് വളരെ വൃത്തിഹീനമായ സാഹചര്യത്തില്‍ കോഴി വില്‍പന കണ്ടത്. തുടര്‍ന്ന് ടെന്റിനകത്ത് പരിശോധിച്ചപ്പോള്‍ കണ്ട കാഴ്ച ഭീകരമായിരുന്നു. ചത്തു പുഴുവരിക്കുന്ന തരത്തില്‍ കോഴികള്‍ ഇരുമ്പു പെട്ടിയില്‍. താറാവും ചത്തു കിടക്കുന്നു
ചത്തതും അല്ലാത്തതുമായ കോഴികളേയും താറാവിനെയുമെല്ലാം ഉടനെ വേങ്ങേരി മാര്‍ക്കറ്റിലേക്കു കൊണ്ടുപോയി. വെറ്ററിനറി സര്‍ജന്‍ പരിശോധിച്ചു. തുടര്‍ന്ന് എല്ലാറ്റിനെയും ശാസ്ത്രീയ രീതിയില്‍ കത്തിച്ചു.
Post Your Comments