സമകാലിക കേരളത്തിൽ ഓരോ മലയാളിക്കും മനസ്സുക്കൊണ്ട് ബിഗ് സല്യൂട്ട് നല്കാൻ തക്ക കാര്യപ്രാപ്തിയും ഉത്തരവാദിത്വബോധവുമുള്ള ഒരൊറ്റ കമ്മ്യൂണിസ്റ്റ് നേതാവേയുള്ളൂ-അതാണ് ശൈലജ ടീച്ചർ എന്ന നമ്മുടെ സ്വന്തം ആരോഗ്യമന്ത്രി. ഇത്രമേൽ നിതാന്ത ജാഗ്രതയും കരുതലും ജനസേവനതല്പരതയും ആത്മവിശ്വാസവും കൈമുതലായിട്ടുള്ള മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവ് നിലവിൽ കേരളത്തിലില്ല.രോഗഭീതി ക്കൊണ്ട് കേരളം പകച്ചുനിന്ന സന്ദർഭങ്ങളിലെല്ലാം ആരോഗ്യവകുപ്പ് കൂടെയുണ്ടെന്ന വിശ്വാസം ജനങ്ങളിലെത്തിച്ച് എല്ലാവിധത്തിലുമുള്ള പ്രതിസന്ധികളെയും അതിജീവിക്കാൻ കേരളത്തെ പഠിപ്പിച്ച അവരോളം ഭരണമികവ് ഭരണകക്ഷിയിലെ ഏത് നേതാവിന് നിലവിൽ അവകാരപ്പെടുവാൻ കഴിയും?
ആരോഗ്യവകുപ്പ് കേരളത്തിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട വകുപ്പ് എന്നതിലുപരി വകുപ്പ് മന്ത്രിമാർക്ക് ഒരു കീറാമുട്ടിയുമായിരുന്നു.അത്രമേൽ മോശം അവസ്ഥയിലായിരുന്നു കേരളത്തിലെ ആരോഗ്യരംഗം.അഴിമതിയും അനീതിയും കൊടികുത്തി വാണ വകുപ്പ് നേരെയാക്കാൻ പ്രാപ്തിയുള്ള ഒരു ആരോഗ്യമന്ത്രിയും കേരളത്തിനുണ്ടായിട്ടില്ല.എന്നാൽ അതിനൊരപവാദമായത് 1995ൽ വി.എം സുധീരൻ ആരോഗ്യമന്ത്രിയായപ്പോഴായിരുന്നു.
കേരളം കണ്ട ഏറ്റവും മികച്ച ആരോഗ്യമന്ത്രിയായി സുധീരന്‍ മാറിയത് വളരെ പെട്ടെന്നായിരുന്നു. ആശുപത്രികളായ ആശുപത്രികളില്‍ മുഴുവന്‍ രാപ്പകല്‍ മിന്നല്‍പരിശോധന നടത്തിയും ആശുപത്രി കാന്റീനുകളിലെ മലിനമായ അടുക്കളകള്‍വരെ കടന്നുചെന്നും സുധീരന്‍ വകുപ്പിലെ അഴിമതിക്കാര്‍ക്ക് പേടിസ്വപ്നമായപ്പോൾ സർക്കാരാശുപത്രികൾ അവശ്യമായ മരുന്നുകളും മറ്റും ലഭ്യമാക്കി പാവങ്ങളായ രോഗികൾക്ക് ആശ്വാസവുമായി.ആ വി.എം സുധീരനെ പോലും മറികടന്നാണ് ഇന്ന് ഷൈലജ ടീച്ചർ ആരോഗ്യരംഗത്തെ മിന്നും താരമായി മാറിയിരിക്കുന്നത്.
കർമ്മശേഷികൊണ്ട് ആരോഗ്യ മേഖലയിൽ നവോത്ഥാനത്തിന് തിരികൊളുത്തിയ ഷൈലജ ടീച്ചർ മലയാളികളുടെ ടീച്ചറമ്മയായത് നിപാ കാലം മുതല്ക്കാണ്.സംശയത്തിനും ഭയത്തിനും മനുഷ്യത്വത്തിനും സഹജീവിസ്നേഹത്തിനും മുകളിൽ സ്ഥാനം ലഭിച്ച മഹാരോഗക്കാലമായിരുന്നു നിപാകാലം. നിപയുടെ കാലത്ത് ഏറ്റവും വലിയ പ്രചോദനമായിരുന്നു ശൈലജ ടീച്ചർ. 2018ല്‍ നിപ്പ കാരണം സംസ്ഥാനത്ത് മരിച്ചത് 17 പേരായിരുന്നു. നിപ്പ പോലൊരു രോഗത്തെ എങ്ങനെ അഭിമുഖീകരിക്കണമെന്നു പോലും ധാരണയുണ്ടായിരുന്നില്ല അന്നെങ്കിലും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉയര്‍ന്ന് അതിനെ പിടിച്ചുകെട്ടാന്‍ കേരളത്തിന് സാധിച്ചത് ശൈലജ ടീച്ചറുടെ കർമ്മശേഷി ഒന്നുക്കൊണ്ട് മാത്രം.2019ല്‍ നിപ്പ വീണ്ടും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആരുടെയും ജീവനെടുക്കാതെ വന്ന വഴിക്ക് നിപ്പയെ പറഞ്ഞയക്കാനും നമുക്കായി. പൊതു ജനാരോഗ്യസംവിധാനത്തിന്റെ മേന്മയായി തന്നെ അതിനെ നമ്മൾ കാണണം.
ചൈനയിൽ കൊറോണ പടർന്നുപിടിക്കുന്ന സമയത്തുതന്നെ കേരളം മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നു.ആദ്യത്തെയാൾക്ക് കൊറോണ സ്ഥിരീകരിച്ചപ്പോൾ രോഗത്തെ നേരിടാൻ സംസ്ഥാനം പൂർണ്ണമായും സജ്ജമായിരുന്നു.ഒരു നല്ല ഭരണാധികാരിയ്ക്ക് കാര്യങ്ങൾ മുൻകൂട്ടി കാണാൻ കഴിയും. ശൈലജ ടീച്ചറിലെ ക്രാന്തദർശിയായ ഭരണാധികാരിയെ നമ്മൾ അടുത്തറിയുന്നു.ഡോ. രാജൻ ഖോബ്രഗഡെയുടെ നേതൃത്വത്തില്‍ ടീമിനെ തയാറാക്കുകയാണ് ആദ്യം ചെയ്തത്. കേരളത്തിലെ അഞ്ച് എയര്‍പോര്‍ട്ടിലും മോണിറ്ററിങ് സംവിധാനം ഒരുക്കി. ഇന്റര്‍നാഷനല്‍ പാസഞ്ചേഴ്‌സിന് ഹെല്‍ത്ത് കാര്‍ഡ് നല്‍കി. ഇതില്‍ യാത്രാവിവരങ്ങള്‍ പൂര്‍ണമായി രേഖപ്പെടുത്തി. ചൈന ഉള്‍പ്പെടെ രോഗം ബാധിച്ച രാജ്യങ്ങളില്‍ നിന്നുള്ളവരെ ട്രാന്‍സിറ്റ് റൂമിലേക്കു മാറ്റി പരിശോധിച്ചു. സംശയം തോന്നിയവരെ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു.ഈ രീതിയിൽ കൊറോണയെ തുടക്കത്തിൽ പ്രതിരോധിക്കാൻ നമുക്ക് കഴിഞ്ഞിരുന്നു.
എന്നാൽ വീണ്ടും ഇറ്റലിക്കാർ വഴി വന്ന രണ്ടാം കൊറോണക്കാലത്തിലാണ് കേരളമിപ്പോൾ. മൂന്ന് പേരുടെ പിടിപ്പുക്കേടും ധാർഷ്ട്യവും വഴി ഒരു ജനതയെ ആകമാനം ഭയത്തിന്റെയും ആശങ്കയുടെയും നിഴലിൽ പ്പെടുത്തുന്ന ഈ കാലത്തും ടീച്ചർ ഉള്ളപ്പോൾ നമുക്ക് ഒന്നും സംഭവിക്കില്ല” എന്ന വിശ്വാസം ഓരോ മലയാളികൾക്കുമുണ്ട്.കൊറോണ എന്ന മഹാവിപത്തിനെ കേരളം അതിജീവിക്കും എന്ന കാര്യം തീർച്ചയാണ്. അത് ആരോഗ്യമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് കെ.കെ ശൈലജ ടീച്ചറായതുക്കൊണ്ട് മാത്രമാണ്. മന്ത്രിയുടെ നേതൃത്വത്തിൽ ഒട്ടനവധി മനുഷ്യർ നമുക്കുവേണ്ടി അഹോരാത്രം പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്.അങ്ങനെയുള്ളപ്പോൾ നാം അതിനെ അതിജീവിക്കുക തന്നെ ചെയ്യും
Post Your Comments