ദുബായ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ അടക്കം മൂന്ന് മുതിര്‍ന്ന രാജകുടുംബാംഗങ്ങള്‍ അറസ്റ്റില്‍. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റെന്നാണ് പുറത്തുവരുന്ന സൂചന. അറസ്റ്റിന് എന്താണ് കാരണമെന്ന് വ്യക്തമാക്കിയിട്ടില്ല.
സല്‍മാന്‍ രാജാവിന്റെ ഇളയ സഹോദരന്‍ അഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ്, മുന്‍ കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായിരുന്ന മുഹമ്മദ് ബിന്‍ നയിഫ്, രാജകുടുംബാംഗം നവാഫ് ബിന്‍ നയിഫ് എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് ബിന്‍ സല്‍മാനെതിരെയുള്ള അട്ടിമറി നീക്കത്തെ തുടര്‍ന്നാണ് അറസ്റ്റെന്ന് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
സല്‍മാന്‍ രാജാവിന്റെ മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായി 2017-ല്‍ നടത്തിയ കൊട്ടാര വിപ്ലവത്തില്‍ അര്‍ദ്ധ സഹോദരനായ മുഹമ്മദ് ബിന്‍ നയിഫിനെ പുറത്താക്കിയിരുന്നു.
2017ല്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദ്ദേശപ്രകാരം അഴിമതി ആരോപിച്ച് 11 രാജകുടുംബാംഗങ്ങളേയും നാലു മന്ത്രിമാരേയും അറസ്റ്റ് ചെയ്തിരുന്നു. അതിനുശേഷം ആദ്യമായാണ് ഉന്നതരെ അറസ്റ്റ് ചെയ്യുന്നത്.
സൗദി ഉദ്യോഗസ്ഥര്‍ ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.
മുഹമ്മദ് ബിന്‍ രാജകുമാരന്‍ അധികാരത്തില്‍ പിടിമുറുക്കുന്നതില്‍ രാജകുടുംബത്തിലെ പ്രമുഖര്‍ക്ക് അതൃപ്തിയുണ്ട്. കൂടാതെ മാദ്ധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ വധം, എണ്ണക്കിണറുകളുടെ നേര്‍ക്കുണ്ടായ ഭീകരാക്രമണം എന്നിവ മുഹമ്മദിന്റെ കഴിവുകേടായി വിലയിരുത്തപ്പെടുന്നു.
സല്‍മാന്റെ പിന്തുടര്‍ച്ചാവകാശികളില്‍ മാറ്റം വരുത്തണമെന്ന് രാജ കുടുംബാംഗങ്ങള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.
Post Your Comments