ശ്രീജ വേണുഗോപാൽ
മാർച്ച് 8 വനിതാദിനം ! വർഷത്തിൽ ഒരിക്കൽ മാത്രമാണോ വനിത ദിനം ? സ്ത്രീയുടെ സ്നേഹം , വാത്സല്യം , കരുതൽ ,പ്രണയം, കാമം സ്പർശം ഇവയിൽ എന്തെങ്കിലും അനുഭവിക്കാത്ത ഏതെങ്കിലും ഒരു ദിനം ഉണ്ടാകുമോ ആരുടെയെങ്കിലും ജീവിതത്തിൽ . സ്ത്രീകളില്ലാത്ത ഒരു ലോകം അതെത്രെ വിരസമാണെന്ന് പുരാതനകാലം തൊട്ടേ അറിയുന്നതാണ്. സ്ത്രീയുടെ പാദസ്പര്ശമേല്ക്കാത്ത ഭൂമി സ്വർഗ്ഗീയ സുഖങ്ങൾ ഉണ്ടായിട്ട് പോലും എത്ര വിരസമായിരുന്നു എന്ന് ആദത്തിനോട് ചോദിച്ചാൽ അറിയാം. അന്ന് മുതൽ ഇന്ന് വരെ പുരുഷന് സ്ത്രീയും സ്ത്രീക്ക് പുരുഷനും വേണം . രണ്ട് പേരും ശിവനും ശക്തിയും പോലെ ഒന്ന് ചേർന്നാലേ ലോകം ഉള്ളൂ എന്നും എല്ലാവർക്കും അറിയാം . എന്നിട്ടും എങ്ങനെയാണു ഒരാൾ ഒരാളിൽ നിന്ന് ഒരുപടി താഴെ നിൽക്കണം എന്ന ചിന്ത ഉണ്ടായത്? ഒരു ചെറിയ ഗർഭപാത്രത്തിൽ ഒമ്പത് മാസം ഒരു കുഞ്ഞിനെ ചുമക്കുന്ന , മരണ വേദന അനുഭവിച്ചു പ്രസവിക്കുന്ന സ്ത്രീ എങ്ങനെ അബലയായി?
സ്ത്രീസ്വാതന്ത്ര്യം അനാദികാലം മുതലേ കേൾക്കുന്ന വാക്കാണ് ബാല്യത്തിലും കൗമാരത്തിലും യൗവനത്തിലും വാർധക്യത്തിലും ഒക്കെ പുരുഷന്മാരാൽ
സംരക്ഷിക്കപ്പെടണം എന്നെഴുതിവെച്ച
മനുനീതിയോട് ഒട്ടും തർക്കമില്ല. ശരീരശാസ്ത്രപരമായി സ്ത്രീകൾ പുരുഷൻമാരേക്കാൾ ദുര്ബലരാണ് എന്ന തോന്നൽ കൊണ്ടാകാം അങ്ങനെ എഴുതിയത് എന്നാൽ അവസാനമായി സ്ത്രീകൾ സ്വാതന്ത്ര്യം അർഹിക്കുന്നില്ല എന്ന് എന്ത് ഉദ്ദേശത്തിൽ ആണ് എഴുതിയത്. സംരക്ഷിക്കുക എന്നാൽ സ്വാതന്ത്ര്യം ഇല്ലാതാക്കുക എന്നർത്ഥം ഉണ്ടോ? അതോ സദുദ്ദേശത്തോടെ എഴുതിയ ഒരു ശ്ലോകത്തിൽ ആരെങ്കിലും അവസാന വരി എഴുതി ചേർത്തതാണോ? അച്ഛനും സഹോദരനും ഭർത്താവും സ്ത്രീയെ സംരക്ഷിക്കുന്നു എങ്കിൽ അതവളുടെ സ്വാതന്ത്ര്യം കൂടെയാണ് സംരക്ഷിക്കേണ്ടത് . സംരക്ഷിക്കുക എന്നാൽ സ്വാതന്ത്ര്യം ഹനിക്കുക എന്നർത്ഥമില്ല. അതിന് അടിമപ്പെടുത്തുക എന്നോ ഭരിക്കുക എന്നൊക്കെ ആവാം അർത്ഥം. രക്ഷിക്കുന്നവർക്ക് അവളുടെ സ്വാതന്ത്ര്യം കൂടെ രക്ഷിക്കാൻ ഉള്ള കടമയുണ്ട് . ഇല്ലെങ്കിൽ രക്ഷിക്കാനോ ശിക്ഷിക്കാനോ നിൽക്കണ്ട . സ്ത്രീകൾക്കും ഈ ലോകത്തിൽ ജനിക്കാനും ജീവിക്കാനും ഉള്ള അവകാശം ഉണ്ട്.
സ്ത്രീകൾക്ക് സ്വാതന്ത്ര്യം വേണമെന്ന് പറയുന്നു . സ്ത്രീകൾക്ക് ആരിൽ നിന്നാണ് സ്വാതന്ത്ര്യം വേണ്ടത്. അത് പുരുഷൻ കൊടുക്കേണ്ട ഒന്നല്ല. അവൾക്ക് അവളിൽ നിന്നാണ് സ്വാതന്ത്ര്യം വേണ്ടത് . തെറ്റ് കണ്ടാൽ എതിർക്കാനും ആരാലും ചതിക്കപ്പെടാതിരിക്കാനും ഉള്ള തിരിച്ചറിവ് ആണ് അവൾക്ക് വേണ്ടത്.
ഇന്നത്തെ ലോകത്ത് സ്ത്രീകൾക്ക് ഇല്ലാത്തത് സ്ത്രീകൾ തമ്മിലുള്ള ഐക്യമാണ് . സ്ത്രീകളുടെ എല്ലാ പ്രശ്നങ്ങളിലും സ്ത്രീകൾ ഒന്നിച്ചു നിന്നാൽ വളരെ എളുപ്പത്തിൽ അത് പരിഹരിക്കാൻ കഴിയും. പക്ഷെ പലപ്പോഴും ഇരയാകുന്ന സ്ത്രീകളെ ഒറ്റപ്പെടുത്താൻ ആണ് മറ്റ് സ്ത്രീകൾക്ക് താത്പര്യം. കുടുംബങ്ങളിൽ പോലും കുഞ്ഞുങ്ങളും സ്ത്രീകളും സുരക്ഷിതരല്ലാതായി തീർന്നു. മനു രക്ഷിക്കുമെന്ന് പറഞ്ഞ പുരുഷന്മാർ ബിവേറേജിൽ വരി നിൽക്കുകയാണ് പലയിടത്തും . എന്നിട്ടും സ്വാതന്ത്ര്യം മാത്രം അർഹിക്കുന്നുമില്ല. ഇതെന്ത് ന്യായം. സ്ത്രീയെ ഒന്നോർക്കുക നിന്നെ രക്ഷിക്കാൻ നീ മാത്രമേ ഉള്ളൂ നീ അഗ്നിയാവുക. കണ്ടാൽ ജ്വലിക്കുന്ന തൊട്ടാൽ പൊള്ളുന്ന തീ പോലെയുള്ള സൌന്ദര്യമാണ് നിനക്ക് വേണ്ടത് . ഒരു നോട്ടം കൊണ്ട് ഭാവം കൊണ്ട് അന്യ പുരുഷനെ ഒരു വരയ്ക്ക് അപ്പുറം നിർത്താനുള്ള നിന്റെ സൗന്ദര്യമാണ് യഥാർത്ഥ സൗന്ദര്യം .
സ്ത്രീ എങ്ങനെ അബലായി? അവളെ അങ്ങനെ വളർത്തുന്നത്കൊണ്ട് . ആൺകുട്ടികളെ പോലെ പെൺകുട്ടികളെയും കായികവിനോദങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കൂ . എന്തിന് പാവകൾ വാങ്ങിക്കൊടുത്തു കഞ്ഞിയും കറിയും വെച്ച് കളിക്കാൻ പ്രേരിപ്പിക്കുന്നൂ? അവളും മരം കയറട്ടെ , സൈക്കിൾ ഓടിക്കട്ടെ, നീന്താൻ പോകട്ടെ, കബഡി കളിക്കട്ടെ അവളുടെ ശരീരവും ബലമുള്ളതാകട്ടെ. പെൺകുഞ്ഞുങ്ങളെ ലൈംഗിക പാവകളെ പോലെയാണ് വളർത്തി കൊണ്ട് വരുന്നത് കുഞ്ഞ് നാൾ തൊട്ടേ മേക്കപ്പ് ചെയ്ത് ആകർഷണമുള്ളവളാക്കി , നിറം വെപ്പിച്ചു , മുടി വളർത്തി , അംഗ ലാവണ്യം ഉറപ്പ് വരുത്തി അവളെ വളർത്തുമ്പോൾ അവൾക്കും അവളെ കാണുന്നവർക്കും ലൈംഗികത അല്ലാതെ വേറൊന്നും തോന്നില്ല. നന്നായി ഒരുങ്ങി നടക്കുന്നത് തീർച്ചയായും ആത്മവിശ്വാസം വർധിപ്പിക്കും പക്ഷെ പുറം ഭംഗി സ്ത്രീക്ക് മാത്രം ഇത്രയധികം പ്രാധാന്യം ഉള്ളതാക്കി എടുത്തത് പരസ്യക്കാർ ആയിരിക്കണം. ജനിച്ചു വീഴുമ്പോൾ മുതൽ നിറം കുറഞ്ഞത് കൊണ്ടോ മുടി ഇല്ലാത്തത് കൊണ്ടോ അവൾ വിവാഹ മാർക്കറ്റിൽ പുറം തള്ളപ്പെട്ടേക്കാം എന്ന വേവലാതി ,
സ്ത്രീകൾ ചന്ദ്രനിൽ പോയിട്ടും , ഇത്രയധികം മേഖലകളിൽ കഴിവ് തെളിയിച്ചിട്ടും മാറിയിട്ടില്ല എങ്കിൽ സമൂഹത്തിന്റെ സ്ത്രീയെ കാണുന്ന കണ്ണിനു എന്തോ കുഴപ്പമുണ്ട്. അവൾ എന്നും പുരുഷന് കണ്ടാൽ ആസ്വാദനം തോന്നുന്ന രൂപത്തിൽ ഉള്ളവളാകണം എന്ന് ആർക്കോ നിർബന്ധം ഉണ്ട്. മോൾ നന്നായി പാടും ആടും എന്ന് എടുത്ത് പറയുന്നവർ അവൾ നന്നായി ഫുട്ബോൾ കളിക്കുമെന്നോ അവൾ ശക്തയാണ് എന്നോ . അന്യായം കണ്ടാൽ നന്നായി പ്രതികരിക്കുമെന്നോ പറയുന്നില്ല . ഇതൊക്കെ സ്ത്രീകൾക്ക് അനാവശ്യമായ കഴിവുകൾ എന്ന് സമൂഹത്തിന് ഇന്നും തോന്നുന്നു. വിരലിൽ എണ്ണാൻ കഴിയുന്ന ആളുകൾ മാത്രമേ ഇതിനെ മറികടക്കുന്നുള്ളൂ.
അവളെ എത്രത്തോളം ശക്തമാക്കാൻ കഴിയുമോ അത്രത്തോളം ശക്തമാക്കൂ ശാരീരികമായും മാനസികമായും വിദ്യാഭ്യാസപരമായും അവളെ ശക്തിപ്പെടുത്തൂ. അവൾക്ക് സ്വാതന്ത്ര്യം നിങ്ങൾ ആരും കൊടുക്കേണ്ട അതവൾ തന്നെ നേടും.
പെൺകുഞ്ഞുകളെ സാമർഥ്യം ഉള്ളവളാക്കി വളർത്തിയാൽ അവളുടെ സ്ത്രൈണ സവിശേഷ ഗുണങ്ങൾ ഇല്ലാതായി പോകും എന്ന് തോന്നുന്നത് വെറുതെയാണ്. ശാരീരികവളർച്ചയുടെ ഭാഗമായി അവളിലും സ്ത്രീയുടേതായ എല്ലാ ഗുണങ്ങളും ഉണ്ടാകും.
സ്ത്രീ പുരുഷനേക്കാൾ മനശക്തി ഉള്ളവളാണ് ക്ഷമ കാരുണ്യം പോലെ ദൈവീക ഗുണങ്ങൾ ഉള്ളവരാണ് അത് നഷ്ടപ്പെടുത്താതെ തന്നെ ശക്തി പ്രാപിക്കുകയാണ് വേണ്ടത് . രാത്രികാലങ്ങളിലും നഗരങ്ങളിൽ കറങ്ങിയാലും , കള്ള് കുടിച്ചാലും ഒന്നും സ്ത്രീ സ്വാതന്ത്ര്യം ആകില്ല അന്നും ഇന്നും അത്യാവശ്യമെന്നു തോന്നിയാൽ ഏത് ശിവജികോട്ടയും മറി കടക്കാൻ കെൽപ്പുള്ളവളാണ് സ്ത്രീ ആ ബോധം അവൾക്ക് ഉണ്ടാകണം.
ഇന്നത്തെ സമൂഹത്തിൽ പെൺകുഞ്ഞുങ്ങൾ കൂടുതൽ വാത്സല്യം അനുഭവിച്ചാണ് വളരുന്നത് ആണ് കുട്ടികളെക്കാൾ മോളൂ പൊന്നൂ എന്ന് പെൺകുട്ടികളെ ലാളിക്കുന്നു ടാ പോടാ എന്ന് ആൺകുട്ടികളെ വിളിക്കുന്നവരും പെൺകുട്ടികളെ മയം പുരട്ടിയ വാക്കുകൾ വിളിക്കുന്നു സ്കൂളുകളിലും അധ്യാപകരും പെൺകുട്ടികൾക്ക് പല സ്നേഹആനുകൂല്യങ്ങളും കൊടുക്കുന്നു പെൺകുട്ടികൾ കൗമാരം പ്രാപിച്ചാൽ നാട്ടുകാരൊക്ക അവളെ കാഴ്ച്ചവസ്തുവിനെ പോലെ നോക്കുന്നു സ്നേഹത്തോടെ സംസാരിക്കുന്നു . യൗവനത്തിൽ കാമുകനും ഭർത്താവും എന്തിന് വഴിപോക്കർ വരെ അവളോട് കരുതലോടെ സ്നേഹത്തോടെ പെരുമാറുന്നു. അവളിതിനെയൊക്ക സ്നേഹം എന്ന് തെറ്റിദ്ധരിക്കുന്നു. കാലം കടന്ന് പോകെ അവൾക്ക് ഒന്ന് രണ്ട് കുട്ടികൾ ഒക്കെ ആയി കഴിയുമ്പോൾ അവളിലുള്ള ശ്രദ്ധ, കരുതൽ എല്ലാം നഷ്ടപ്പെടുന്നു എന്നാൽ മധുരവചനങ്ങളിൽ ഉള്ള അവളുടെ ആസക്തി അവളെ തളർത്തുന്നു ഫലമോ ഒരു ആരിൽ നിന്ന് വേണമെങ്കിലും ഈ “സ്നേഹം” സ്വീകരിക്കാൻ അവൾ തയ്യാറാകുന്നു. അവൾക്ക് തന്നെ അറിയാം ഇത് കാപട്യം ആണെന്ന് വിഷം എന്നറിഞ്ഞും മദ്യം കഴിക്കുന്ന പോലെ അവൾ ഈ കപടസ്നേഹങ്ങൾക്ക് അടിമപ്പെടുന്നു. സ്ത്രീ ആയത് കൊണ്ട് ഒരു പ്രേത്യേക പരിഗണനയും നൽകി അവളെ കൊഞ്ചിച്ചു വഷളാക്കാതിരിക്കുക അങ്ങനെ ചെയ്യുകയാണെങ്കിൽ ജീവിതാവസാനം വരെ അവളെ അതുപോലെ സംരക്ഷിക്കുക.
Post Your Comments