Latest NewsNewsPen VishayamWriters' Corner
Trending

ഈ വനിതാദിനത്തിൽ ഞങ്ങൾ പുരുഷന്മാർക്കും ചിലത് പറയാനുണ്ട് .

അർദ്ധരാത്രിയിൽ സുരക്ഷിതമല്ലാത്ത നഗരവീഥിയിലൂടെ വെല്ലുവിളിച്ച് കൂട്ട നടത്തം നടക്കുന്നതും പബ്ലിക്ക് സെമിനാറുകളിൽ പൊരിച്ച മീനിൻ്റെ കണക്ക് പറയുന്നതും മാത്രമാണ് സ്ത്രീ മുന്നേറ്റമെന്ന് കരുതരുത്,. അതൊക്കെ  വ്യക്തി താൽപ്പര്യത്തിൽ അധിഷ്ഠിതമായ  വെറും മാധ്യമ ശ്രദ്ധ ആകർഷിക്കാനുള്ള ചിലരുടെ കുറുക്കുവഴികൾ മാത്രമാണ്,,

ധീരജ് ദിവാകർ 

ഇന്ന് ലോക വനിതാദിനം .1857 മാർച്ച്, 8 ന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത് . തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയർത്തിയപ്പോൾ അത് പിന്നീട്  ഒരു വലിയ പോരാട്ട  ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു…ഇന്ന് വനിതാ ദിനം ഒരു ആഘോഷമായി മാറുമ്പോള്‍ സ്വന്തം തൊഴിലിടത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി ആ സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ വിപ്ലവ ചരിത്രത്തിനെ  പലര്‍ക്കും അന്യമാണ്.

അതിക്രമങ്ങളും പീഡനങ്ങളും വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ വനിതാ ദിനത്തിന്റെ പ്രസക്തി ഏറുകയാണ്. പക്ഷേ കഥയറിയാതെ ആട്ടം കാണുന്നവരാണ് നമ്മളിൽ ഏറിയ പങ്കും.ലോകമെമ്പാടും ഉള്ള സോഷ്യൽ മീഡിയകളിൽ ആശംസാ വചനങ്ങൾ പരസ്പരം കൈമാറ്റപ്പെടുന്നു.. കർണ്ണ കഠോരശബ്ദവിന്യാസങ്ങളിൽ സ്ത്രീത്വത്തിന്റെ മുന്നേറ്റത്തിനെക്കുറിച്ച് ചർച്ച നടക്കുന്നു.. ശുന്യതയിൽ പോലും കയറി ചെന്ന് പാദം ഉറപ്പിച്ച സ്ത്രീയുടെ  കഴിവുകൾ വാഴ്ത്തപ്പെടുന്നു.. ജീവിതത്തിൽ സ്വാധീനിച്ച സ്ത്രീകളുടെ പട്ടികകൾ നിരത്തി പുരുഷ കേസരികൾ വാചാലരാവുന്നു…ക്ഷണിക സൗന്ദര്യത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി  അപ്സരസുകൾ റാംപിലൂടെ ക്യാറ്റ് വാക്ക് നടത്തി തുള്ളിയാടുന്നു…ഇരുളും വെളിച്ചവും പോലെ ഇതിന് മറ്റൊരു വശവും ഉണ്ട്..

ഓരോ മൂന്ന്  മിനിട്ടിലും ലോകത്ത് ഒരു സ്ത്രീവീതം ബലാൽസംഗത്തിനിരയായി മാറുന്നു എന്നതാണ് കണക്ക്.. ഒരു കാലത്ത് സ്കാൻഡനേവിയൻ രാജ്യങ്ങളിൽ നിന്ന് രതിവൈകൃതങ്ങളുടെ വീർപ്പുമുട്ടലുമായി കംബോഡിയയിലും പട്ടായിലും എത്തുന്ന പീഡോഫിലിയാകൾ രതിസുഖത്തിന് തിരഞ്ഞെടുക്കുന്ന  കുട്ടികളിൽ 10 ൽ ഏഴ് പേരും പെൺകുട്ടികൾ ആണന്നാണ്  വാർത്തകൾ സൂചിപ്പിക്കുന്നത്. ഡോക്ടർമാരും എഞ്ചിനീയർമാരും സാസ്കാരിക സാമൂഹിക പ്രവർത്തകരും ഉൾപ്പെടയുള്ള പരിഷ്കൃത   സമൂഹത്തിൽ  വിലസുന്നവരാണ് ഇത്തരം പീഡോഫിലയകളായി  ഇരയെ തേടി വരുന്നത്..

യുഎൻ മനുഷ്യാവകാശ കമ്മീഷൻ ഇത്തരം രതിവൈകൃതങ്ങൾക്ക് കടിഞ്ഞാൽ ഇടാൻ ശ്രമിച്ചെങ്കിലും. ഇന്നും രക്തവും വെർജിനിറ്റിയും പരിശോധിപ്പിച്ച് ചെറിയ പെൺകുട്ടികളെയും ആൺകുട്ടികളെയും മാംസ വ്യാപാരത്തിനായി വിറ്റഴിക്കപ്പെടുന്ന ഹിഡൻ വീഡിയോ ഫൂട്ടേജുകൾ, ഡോക്യുമെന്ററികൾ ,ഇന്റർനെറ്റിൽ പരതിയാൽ  ലഭിക്കും.. അതൊക്കെ വെറും സാംസ്കാരിക തകർച്ചയാണ് എന്ന് വാദിക്കുന്നവരുടെ യാഥാസ്ഥിതിക മനോഭാവത്തിന് എതിരെയുള്ള വിരൽ ചൂണ്ടി പലകൾ ആയി ആണ് ദൈവത്തിന്റെ സ്വന്തം നാട്ടിലും ഓരോ ദിവസവും വാർത്തകൾ വരുന്നത്.. കംബോഡിയയിലും പാട്ടായിയിലും ഇരുട്ടറകളിൽ കേൾക്കുന്ന നിലവിളികളുടെ തനിയാവർത്തനം ഇന്ന് നമ്മളെയും തേടി എത്തിയിരിക്കുന്നു.. മലയാളിയുടെ  അഭിമാനബോധത്തിന് ചോദ്യം ചെയ്യുന്ന ഒരു  രതിക്കാറ്റ് ഇന്ന് കേരളം മുഴുവൻ പടരുകയാണ്. ആരാണ് ഉത്തരവാദി ?എവിടയാണ് നമുക്ക് പിഴയ്ക്കുന്നത് ?പ്രായഭേദം ഇല്ലാതെ സ്ത്രീയെ വെറും ലൈംഗീക ഉപകരണമാക്കി മാറ്റാൻ സമൂഹത്തിനെ പഠിപ്പിച്ചതാരാണ്?

എവിടെയോ കാര്യമായിത്തന്നെ നമ്മൾക്ക് പിഴവു പറ്റിയിരിക്കുന്നു.. നല്ലതും ചീത്തയും മനസ്സിലാക്കി നന്മയെ വേർതിരിക്കാൻ ആൺകുട്ടികളെയും പെൺകുട്ടികളെയും  നിർബന്ധമായും പഠിപ്പിക്കേണ്ടിയിരിക്കുന്നു. കുടുംബ ബന്ധങ്ങളിലെ കെട്ടുറപ്പ് ശക്തമാക്കി  ഒറ്റപ്പെടുത്തലിന്റെ ഏകാന്തശൂന്യത  പരമാവധി അവരിൽ ഇല്ലാതാക്കി  സാമൂഹിക ചിന്തകൾ വിളക്കിയവരെ പരുവപ്പെടുത്തി എടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.സിനിമയും എഴുത്തും ഉൾപ്പെടയുള്ള സാമൂഹിക മാധ്യമങ്ങളും അടിമുടി മാറേണ്ടതുണ്ട്. ദൃശ്യ ശ്രവ്യ മാധ്യമങ്ങളിൽ വൈറലാകുന്ന  ഷോർട്ട് ഫിലിമുകൾ .ഇക്കിളിപ്പെടുത്തുന്ന ഓഡിയോ ഫയലുകൾ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത് എന്ന് മനസ്സിലാകുന്നില്ല.

കവിയുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് അപ്പുറം  വഴി തെറ്റിപ്പോവുന്ന ഒരു തലമുറ  നമ്മളിൽ ഉണ്ടന്നും പീഡിപ്പിക്കപ്പെട്ട   പെൺകുട്ടി പീഡനം ആസ്വദിച്ചു പീഡകനെ പ്രണയിച്ചു എന്ന് ഒക്കെ എഴുതിവിടുമ്പോൾ ചിലരിലെങ്കിലും അത് തെറ്റായ ചിന്താഗതി വളർത്തുമെന്ന് യുവകവികൾ ചിന്തിക്കേണ്ടതാണ്.  പ്രായപൂർത്തിയായ രണ്ട് പെൺമക്കൾ ഉള്ള അധ്യാപകനായ ഒരു അച്ഛൻ ഇന്നലെ എന്നോട് പറഞ്ഞത് .. ഞാൻ എന്റെ രണ്ട് മക്കളെയും കരോട്ടയും കുഫുംവും അടക്കമുള്ള ആയോധന കലകൾ പഠിപ്പിക്കുന്നുണ്ട്. ആയോധനകലയിൽ പ്രാവീണ്യം നേടുന്നതിലുപരി  അവർ ഉപയോഗിക്കുന്ന കരോട്ടയുടെ യൂണീഫോം വീടിന് മുന്നിൽ അലക്കി വിരിക്കുമ്പോൾ  അത് പീഡകസമൂഹത്തിന് നൽകുന്ന താക്കീത് ചെറുതല്ല എന്ന്.. നാട്ടിൽ ഒറ്റയക്ക് താമസിക്കുന്ന ഒരു കുടുംബത്തിന്റെ പ്രതിരോധ രഹസ്യമാണ് അദ്ധേഹം പങ്ക് വെയ്ച്ചത്.. ഓരോ രക്ഷിതാവും ഇന്ന് മക്കളുടെ സുരക്ഷയിൽ ആശങ്കാകുലരാണ്.. മറ്റു വാർത്തകൾ കാണുമ്പോൾ നിസംഗരായി ഇരിക്കുന്നവർ തങ്ങളുടെ വീട്ടിൽ ഇങ്ങനെ സംഭവിക്കില്ല എന്ന് കരുതരുത്. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ  ഏത് കുട്ടികളും ആക്രമിക്കപ്പെടാം. വാർത്തകൾ മെനയാൻ  വീഡിയൊ ക്യാമറകൾ നമ്മളെയും തേടി വരാം. ഭയപ്പെടുത്തുകയല്ല.. ഓർമ്മപ്പെടുത്തുകയാണ്…

ഇന്ന് മദ്രസകളിലും , ചർച്ചുകളിലും, അമ്പലങ്ങളിലും അനാഥാലയങ്ങളിലും.വ്യദ്ധസദനങ്ങളിലും ഒക്കെ  സ്ത്രീകൾ പ്രായഭേദമന്യേ  ചൂഷണം ചെയ്യപ്പെടുന്നു. രതിവൈകല്യം ബാധിച്ച ന്യൂനപക്ഷമാണ് ഇതിന് പിന്നിൽ എന്നത് കൊണ്ട് ഒരു  സമൂഹത്തെ മുഴുവൻ അടച്ച് അക്ഷേപിക്കാൻ കഴിയില്ല.. പക്ഷേ എന്ത് വില കൊടുത്തും ഈ വ്യവസ്ഥിതി മാറിയെ പറ്റൂ. ഓരോ കുടുംബത്തിൽ നിന്നും തന്നെ തിരുത്തലുകൾ തുടങ്ങണം.. സ്ത്രീത്വം സ്വന്തം  ജീവൻ കളഞ്ഞും സംരക്ഷിക്കാൻ കഴിയുന്ന പുരുഷനാകണം നീ അതാണ് പുരുഷത്വം എന്ന് ഓരോ മാതാപിതാക്കളും ആൺമക്കളെ പറഞ്ഞ് പഠിപ്പിക്കണം..

അർദ്ധരാത്രിയിൽ സുരക്ഷിതമല്ലാത്ത നഗരവീഥിയിലൂടെ വെല്ലുവിളിച്ച് കൂട്ട നടത്തം നടക്കുന്നതും പബ്ലിക്ക് സെമിനാറുകളിൽ പൊരിച്ച മീനിൻ്റെ കണക്ക് പറയുന്നതും മാത്രമാണ് സ്ത്രീ മുന്നേറ്റമെന്ന് കരുതരുത്,. അതൊക്കെ  വ്യക്തി താൽപ്പര്യത്തിൽ അധിഷ്ഠിതമായ  വെറും മാധ്യമ ശ്രദ്ധ ആകർഷിക്കാനുള്ള ചിലരുടെ കുറുക്കുവഴികൾ മാത്രമാണ്,,  ലോകത്തെ നിയന്ത്രിച്ച വനിതകൾ ഒന്നും ഉയർന്ന് വന്നതും സ്ത്രീ മുന്നേറ്റം നടത്തിയതും ഇത്തരം കുറുക്കുവഴികളിലൂടെ അല്ല, നമ്മൾ ഇന്നു കാണുന്നതൊക്കെ സ്ത്രീ മുന്നേറ്റത്തിൻ്റെ ഫ്രീക്ക് വെർഷനുകളാണ്..മീഡിയകൾ  ആഘോഷിക്കുന്ന പീഡനം എന്ന വാക്കിന്റെ സെൻസേഷണൽവാല്യൂ ഇടിച്ചു കളയണം..അപമാനിക്കപ്പെട്ടത് സ്ത്രീത്വം അല്ലന്നും അത് മാനസീക വൈകൃതം പൂണ്ട നരാധമനാണന്നും അവൾക്ക് നേരെ നടന്നത്  ആക്രമണം മാത്രമാണന്നും മീഡിയകൾ തിരുത്തി എഴുതണം, .യഥാർത്ഥത്തിൽ  ഒരു സ്ത്രീയും മാനഭംഗപ്പെടുന്നില്ല.. അവൾ ആക്രമിക്കപ്പെടുക മാത്രമാണ്.സെൻസേഷണലിസത്തിന് വേണ്ടി മാധ്യമങ്ങൾ അടച്ചേൽപിച്ചതാണ് മറിച്ചുള്ള വാദഗതികൾ..

ഒരു സത്രീ അക്രമത്തിന് വിധേയയായാൽ ജീവിതം നശിച്ചു എന്ന് പറഞ്ഞ് നമ്മളെ പറഞ്ഞ് പറ്റിച്ച കഥകളും സിനിമകളും കീഴ് വഴക്കങ്ങളും  മാത്രമാണ് ഇന്ന് പ്രതിസ്ഥാനത്ത്. ഏത് ആക്രമണവും പൗരന് ഭരണകൂടം കൽപ്പിച്ചു നൽകിയ മൗലീകഅവകാശത്തിന്റെ നഗ്നമായ ലംഘനമായി മാത്രം കാണണം. എവിടെയവൾ ഇടറിവീണോ അവിടെ നിന്ന് തന്നെയവൾ ഉയർത്തെഴുന്നേൽക്കണം, അതിനവളെ സ്വയം പ്രാപ്തയാക്കണം  .ഒന്ന് തേച്ച് കുളിച്ചാൽ തീരുന്ന പാപക്കറയേ പുരുഷന് സ്ത്രീയിൽ അടിച്ചേൽപ്പിക്കാനാവൂ .. എന്ന മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ വാക്കുകൾ സ്ത്രീക്ക് ഉള്ള അതിജീവനത്തിന്റെ സന്ദേശമാകട്ടെ ഈ വനിതാ ദിനത്തിൽ..

shortlink

Related Articles

Post Your Comments

Related Articles


Back to top button