ന്യൂ ഡൽഹി : സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് 2019-ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന കേരള ഹൈകോടതി വിധിക്ക് സ്റ്റേ. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിധിക്കെതിരെ നൽകിയ ഹർജിയിൽ സുപ്രീം കോടതിയുടേതാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിലെ കക്ഷികളായ സംസ്ഥാന സര്‍ക്കാരിനും കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും നോട്ടീസ് അയച്ചിട്ടുണ്ട്. മറ്റു കക്ഷികളുടെ നിലപാട് കൂടി അറിഞ്ഞ ശേഷം കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.
Also read : ഇന്ത്യയില്‍ വീണ്ടും കൊറോണ; മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
തെരഞ്ഞടുപ്പ് കമ്മീഷൻ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണെന്നും വോട്ടർ പട്ടിക തയ്യാറാക്കുന്നത് പോലുള്ള പ്രവർത്തനങ്ങളിൽ ഹൈക്കോടതി നടത്തിയ ഇടപെടൽ അംഗീകരിക്കാനാകില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാൽ കോടതിയില്‍ വാദിച്ചു.
തദ്ദേശസ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പിനായി 2015-ലെ വോട്ടര്‍പട്ടിക ഉപയോഗിക്കാം എന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റേയും സംസ്ഥാന സര്‍ക്കാരിന്‍റേയും നിലപാട് ചോദ്യം ചെയ്ത് യുഡിഎഫ് കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2019- ലോക്സഭാ തെരഞ്ഞെടുപ്പ് സമീപകാലത്താണ് കഴിഞ്ഞത്. അതിനാൽ ഈ പട്ടിക ഉപയോഗിക്കുകയാണ് വേണ്ടതെന്നും മറിച്ച് 2015-ലെ പട്ടിക പുതുക്കുന്നത് ജനങ്ങള്‍ക്ക് ഇരട്ടി ബുദ്ധിമുട്ട് സൃഷ്ടിക്കും എന്നുമായിരുന്നു യുഡിഎഫിന്‍റെ വാദം.
Post Your Comments