KeralaLatest NewsNews

തലസ്ഥാനത്തെ സ്തംഭിപ്പിച്ച് മിന്നല്‍പണിമുടക്ക് ; കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മിന്നല്‍പണിമുടക്ക് നടത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍. റോഡില്‍ ബസ് നിര്‍ത്തിയിട്ട് ഗതാഗത സ്തംഭനം ഉണ്ടാക്കിയ ജീവനക്കാരുടെ പട്ടിക നല്‍കാന്‍ ജില്ലാ കളക്ടര്‍ പൊലീസിനോട് ആവശ്യപ്പെട്ടു.

ബസുകള്‍ കൂട്ടത്തോടെ റോഡില്‍ നിറുത്തി ഇറങ്ങിപ്പോയ ഡ്രൈവര്‍മാരുടേയും കണ്ടക്ടര്‍മാരുടെയും പട്ടിക ശേഖരിച്ചു വരികയാണ്. അന്തിമ റിപ്പോര്‍ട്ട് ശനിയാഴ്ച സമര്‍പ്പിക്കും. ഇതിന് ശേഷമാകും ജീവനക്കാര്‍ക്കെതിരായ നടപടി. മിന്നല്‍ പണിമുടക്ക് തെറ്റാണെന്നും കെ.എസ്.ആര്‍.ടി.സിയില്‍ എസ്മ ബാധകമാക്കണമെന്നും കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. പല പരാതികളിലായി ഇതിനകം ആറ് കേസുകള്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ തമ്പാനൂര്‍, ഫോര്‍ട്ട് സ്റ്റേഷനുകളില്‍ എടുത്തിട്ടുണ്ട്. ഗതാഗത സ്തംഭനത്തിനിടെ കുഴഞ്ഞു വീണ സുരേന്ദ്രന്റെ അസ്വാഭാവിക മരണത്തിലും കേസെടുത്തിരുന്നു.

അന്വേഷണ ചുമതലയുള്ള കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ കിഴക്കേക്കോട്ടയിലും പഴവങ്ങാടിയിലും ഇന്ന് തെളിവെടുപ്പ് നടത്തി. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പൊലീസിനെ കൈയേറ്റം ചെയ്തതോടെയാണ് എ.ടി.ഒയെയടക്കം കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വിശദീകരണം. പൊലീസ് ഭീഷണിപ്പെടുത്തി കസ്റ്റഡിയിലെടുത്തുവെന്നാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നല്‍കിയ മൊഴി. പൊലീസിനോട് കളക്ടര്‍ സി.സി.ടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു. സമരത്തിനെതിരെ ജനരോഷം ശക്തമായ സാഹചര്യത്തിലാണ് കര്‍ശന നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button