മുംബൈ: ചിലവുകള്‍ പരമാവധി ചുരുക്കി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ് സംഘടിപ്പിക്കാനുള്ള തിരക്കിലാണ് ഇപ്പോള്‍ ബിസിസിഐ. പുതിയ സീസണിന് പകിട്ട് കുറവായിരിക്കും. ഈ വര്‍ഷം വര്‍ണാഭമായ ഉദ്ഘാടന പരിപാടികള്‍ നടത്തില്ലെന്ന് ബിസിസിഐ മുമ്പേ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ജേതാക്കള്‍ക്കുള്ള സമ്മാനത്തുകയും ക്രിക്കറ്റ് ബോര്‍ഡ് വെട്ടിക്കുറച്ചു. മാത്രവുമല്ല പല നിയമങ്ങളും മാറ്റിയിരിക്കുകയാണ് ബിസിസിഐ.
സമ്മാനത്തുക വെട്ടി കുറച്ചില് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കെല്ലാം അതൃപ്തിയുണ്ട്. ബിസിസിഐയുടെ പുതിയ അറിയിപ്പ് പ്രകാരം കഴിഞ്ഞ സീസണില്‍ ജേതാക്കള്‍ക്ക് 20 കോടി രൂപയായിരുന്നെങ്കില്‍ 2020 സീസണ് ജയിക്കുന്ന ടീമിന് 10 കോടി രൂപയാണ് സമ്മാനത്തുക. റണ്ണറപ്പിന് 12.5 കോടി രൂപയില്‍ നിന്ന് 6.25 കോടി രൂപയും ആക്കി. കൂടാതെ മൂന്നും നാലും സ്ഥാനത്ത് സീസണ് പൂര്‍ത്തിയാക്കുന്ന ടീമുകള്‍ക്ക് 8.75 കോടി എന്നുള്ളത് 4.375 കോടി രൂപയാണ് ഇത്തവണ. ചുരുക്കത്തില്‍ ഈ വര്‍ഷം സമ്മാനത്തുക 50 ശതമാനം കുറഞ്ഞു. ഫ്രാഞ്ചൈസികളുടെ പ്രധാന നിരാശയും ഇതുതന്നെ.
കഴിഞ്ഞ സീസണ് വരെ ഓരോ ഐപിഎല്‍ മത്സരത്തിനും 30 ലക്ഷം രൂപയാണ് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഫ്രാഞ്ചൈസികള്‍ നല്‍കിയിരുന്നത്. എന്നാല്‍ ഈ സീസണ് മുതല്‍ നിരക്ക് 50 ലക്ഷം രൂപയായി ക്രിക്കറ്റ് ബോര്‍ഡ് ഉയര്‍ത്തി. ഒപ്പം ഓരോ മത്സരത്തിന് 50 ലക്ഷം രൂപ വീതം ബിസിസിഐയും അസോസിയേഷനുകള്‍ക്ക് പ്രതിഫലം നല്‍കും. ഈ സാഹചര്യത്തില്‍ ഓരോ ഐപിഎല്‍ മത്സരത്തിനും ഒരു കോടി രൂപയാണ് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ലഭിക്കുക.
2019 സീസണില്‍ ദേശീയ ടീമില്‍ കളിക്കാത്ത ഇന്ത്യന്‍ താരങ്ങളെ മാത്രം വായ്പാ അടിസ്ഥാനത്തില്‍ കൈമാറ്റം ചെയ്യാനാണ് ഫ്രാഞ്ചൈസികള്‍ക്ക് അനുവാദമുണ്ടായിരുന്നത്. എന്നാല്‍ പുതിയ സീസണില്‍ ഈ ചട്ടം ഐപിഎല്‍ ഭരണസമിതി എടുത്തുകളഞ്ഞു. ഇപ്രാവശ്യം ഇന്ത്യന്‍ ദേശീയ താരങ്ങളെയും വിദേശ താരങ്ങളെയും വായ്പാ അടിസ്ഥാനത്തില്‍ ഫ്രാഞ്ചൈസികള്‍ക്ക് കൈമാറാം എന്നതാണ് പുതിയ നിയമം. ഇതേസമയം വായ്പയെടുക്കുന്ന താരങ്ങളുടെ കാര്യത്തില്‍ ചില നിബന്ധനകള്‍ സമിതി മുന്നോട്ടു വെയ്ക്കുന്നുണ്ട്. അന്തിമ ഇലവനില്‍ രണ്ടു പൂര്‍ണ മത്സരങ്ങള്‍ കളിച്ച താരങ്ങളെ മാത്രമേ ഫ്രാഞ്ചൈസികള്‍ക്ക് വായ്പയായി നല്കാന് കഴിയുകയുള്ളൂ.
ഇതു കൂടാതെ ഈ സീസണില്‍ ഓട്ടോ നോബാള്‍ സംവിധാനം നടപ്പിലാക്കാനും ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം മത്സരത്തില്‍ തേര്‍ഡ് അംപയറിനാണ് ബൗളര്‍മാരുടെ ഫ്രണ്ട് / ബാക്ക് ഫൂട്ട് നോബോളുകള്‍ നിരീക്ഷിക്കാനുള്ള ചുമതല.
ചിലവു ചുരുക്കല്‍ നടപടികളുടെ ഭാഗമായി പുതിയ യാത്രാനയവും ബിസിസിഐ ആവിഷ്കരിച്ചിട്ടുണ്ട്. നേരത്തെ, മൂന്നു മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ട സാഹചര്യത്തില്‍ ബിസിനസ് ക്ലാസ് ടിക്കറ്റാണ് മുതിര്‍ന്ന ജീവനക്കാര്‍ക്ക് ബിസിസിഐ എടുത്തുകൊടുത്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം മുതല്‍ എട്ടു മണിക്കൂറില്‍ താഴെയുള്ള യാത്രകള്‍ക്കെല്ലാം ഇക്കോണമി ക്ലാസ് ബുക്ക് ചെയ്താല്‍ മതിയെന്നാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. തിരഞ്ഞെടുത്ത രണ്ടോ മൂന്നോ മുതിര്‍ന്ന ജീവനക്കാര്‍ക്ക് ഒഴികെ മറ്റെല്ലാവര്‍ക്കും പുതിയ യാത്രാ നയം ബാധകമാണ്. ഇത്തരത്തില്‍ അടിമുടി മാറ്റവുമായാണ് ഇത്തവണ ഐപിഎല്ലിന് കൊടിയേറുക.
Post Your Comments