കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിസ്താരങ്ങള്‍ ഇന്നും. കാവ്യ മാധവന്റെ അമ്മയെയും അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെയും ഇന്ന് വിസ്തരിക്കും. കേസില്‍ ഇതുവരെ 38 പേരുടെ സാക്ഷിവിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. ഏപ്രില്‍ ഏഴ് വരെയാണ് ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്. ഇന്നത്തെ വിസ്താരം ഏറെ നിര്‍ണായകമായിരിക്കും. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നേരിട്ട് അറിയാവുന്ന വ്യക്തിയാണ് ഇടവേള ബാബു. കൂടാതെ കാവ്യയുടെ അമ്മയില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചേക്കുമെന്നാണ് സൂചന.
അതേസമയം യുവനടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ ഗായിക റിമി ടോമിയെ വിസ്തരിച്ചു. എന്നാല്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ വിസ്താരത്തിന് എത്തിയില്ല. കഴിഞ്ഞാഴ്ച കുഞ്ചാക്കോ ബോബനോട് കോടതി ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അവധി അപേക്ഷ നല്‍കാതെ കുഞ്ചാക്കോ ബോബന്‍ ഹാജരാകാതിരുന്നതിനെതിരെ ആയിരുന്നു കോടതിയുടെ നടപടി. എന്നാല്‍ ഇന്നും ഹാജരാകാത്തതിനെ തുടര്‍ന്ന് കുഞ്ചാക്കോ ബോബന്‍ കോടതിയില്‍ അപേക്ഷ നല്‍കി.തുടര്‍ന്ന് വരുന്ന 9 ന് ഹാജരാകാന്‍ കോടതി അനുവദിച്ചിട്ടുണ്ട്.
അതേസമയം, ഇന്നലെ ഹാജരാകേണ്ടിയിരുന്ന മുകേഷും കോടതിയില്‍ അവധി അപേക്ഷ നല്‍കി. നിയമസഭ നടക്കുന്നതിനാല്‍ അവധി അനുവദിക്കണമെന്നാണ് മുകേഷിന്റെ ആവശ്യം. അക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ ആദ്യ 7 സാക്ഷികളുടെ പ്രതിഭാഗം ക്രോസ് വിസ്താരത്തിന്റെ തീയതി ഇന്ന് കോടതി തീരുമാനിക്കും. കേസിലെ നിര്‍ണായ സാക്ഷികളാണ് ഇന്ന് വിസതരിക്കുന്ന ഇടവേള ബാബുവും കാവ്യയുടെ അമ്മ ശ്യാമളയും. ഗീതു മോഹന്‍ദാസ്, മഞ്ജു വാര്യര്‍, ലാല്‍ എന്നിവരെ കോടതി നേരത്തെ വിസ്തരിച്ചു. സംയുക്ത വര്‍മ്മയെ സാക്ഷിപ്പട്ടികയില്‍ നിന്ന് പിന്നീട് ഒഴിവാക്കുകയും ചെയ്തിരുന്നു.
Post Your Comments