Latest NewsNewsFestivals

ഗജരാജൻ ഗുരുവായൂർ കേശവനെ ഓർക്കാതെ പൂർണ്ണമാകുമോ ഓരോ ഗുരുവായൂർ ആനയോട്ടവും !

ഗുരുവായൂരപ്പൻ ! ലോകത്ത് ഏത് കോണിലുമുള്ള മലയാളി വിശ്വാസികൾക്ക് തങ്ങളുടെ വിശ്വാസത്തോളം തന്നെ വലുതാണ് ഗുരുവായൂരപ്പൻ. അതുക്കൊണ്ട് തന്നെ ഗുരുവായൂർ എന്നത് പവിത്രമായ ഒരു പദവും! ഈ പുണ്യനഗരിയും ക്ഷേത്രവുമായി ബന്ധപ്പെടുന്നതെല്ലാം മലയാളിയെ സംബന്ധിച്ച് ദിവ്യമായ അനുഭൂതി പകരുന്ന ഒന്നാണ്.നാളെ നടക്കുന്ന ഗുരുവായൂർ ആനയോട്ടം വിശ്വാസികളെ സംബന്ധിച്ച് അതിപാവനവും ആനപ്രേമികളെ സംബന്ധിച്ച് ആവേശക്കൊടുമുടി താണ്ടാനുമുള്ള ഒരു ചടങ്ങാണ്.

ഗുരുവായൂരിൽ ഉത്സവം കൊടികയറുന്ന ദിവസം ഉച്ചതിരിഞ്ഞു കൃത്യം മൂന്നു മണിക്ക് ദേവസ്വത്തിലെ ആനകളെ മഞ്ജുളാൽ പരിസരത്തുനിന്നും ക്ഷേത്രത്തിലേക്ക് മത്സരിച്ചു ഓടിക്കുന്ന ചടങ്ങാണ് ആനയോട്ടം .ക്ഷേത്രത്തിലെ പാരമ്പര്യ അവകാശി മാതേമ്പാട്ടു നമ്പ്യാർ ആനയ്ക്ക് കഴുത്തിൽ കെട്ടാനുള്ള ചുവന്ന ചരടിൽ കോർത്ത കുടമണികൾ ആനപ്പാപ്പാന്മാർക്കു നൽകുന്നതോടെ ആനയോട്ടം ആരംഭിക്കുകയായി. ആദ്യം ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു മൂന്നു തവണ പ്രദിക്ഷിണം വച്ച് കൊടിമരം ആദ്യമായി തൊടുന്ന ആനയാണ് വിജയിയായി പ്രഖ്യാപിക്കപ്പെടുക. ഈ വിജയിക്കുന്ന ആനയാണ് ഉത്സവക്കാലത്തു എഴുന്നെള്ളിപ്പിനു തിടമ്പേറ്റുക. പട്ടയും മറ്റും മറ്റാനകൾ ക്ഷേത്രമതിൽക്കകത്തു ഈ ആനയ്ക്ക് എത്തിച്ചുകൊടുക്കും. പത്തു ദിവസം ഈ വിജയിയായ ആന ക്ഷേത്രമതിൽക്കകത്തുനിന്നും പുറത്തിറങ്ങില്ല. വിജയിക്കുന്ന ഗജവീരനെ മറ്റുള്ള ജോലികൾക്കൊന്നും വിടാറില്ല. ഇതാണ് ആനയോട്ടമെന്ന ചടങ്ങിനെ കാതൽ.

ഗുരുവായൂരപ്പന്റെ സ്വന്തം കേശവനെ ഓർക്കാതെ,പറയാതെ,എഴുതാതെ ഒരു ആനയോട്ടവും പൂർണ്ണമാകില്ല.കേശവനെന്ന ഗജരാജനെ കണ്ടിട്ടുള്ള പഴയ തലമുറയിൽപ്പെട്ടവർക്കും കേശവന്റെ പ്രതിമ മാത്രം കണ്ടിട്ടുള്ള പുതുതലമുറയ്ക്കും ആനയെന്നാൽ കേശവൻ കഴിഞ്ഞിട്ടേയുള്ളൂ. അപ്പോൾപ്പിന്നെ ഗുരുവായൂർ ആനയോട്ടത്തെക്കുറിച്ച് ഓർക്കുമ്പോൾ കേശവനെയും കേശവചരിതത്തെയും ഓർക്കാതെ തരമില്ല .

1930 ലെ ആനയോട്ടം! ഗുരുവായൂരിലെ പ്രസിദ്ധമായ ആനയോട്ടത്തിനു അത്തവണ
പുറമേ നിന്നുള്ള ഒരുപാട് ആനകളും എത്തിയിരുന്നു. വിജയം മാത്രം ലക്ഷ്യമിട്ടോടുന്ന ആനകളില്‍ അഘോരി ഗോവിന്ദന്‍ മുന്നില്‍. ഫിനിഷിംഗ് പോയിന്‍റിലെത്താന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ ഉള്ളുണര്‍വുണ്ടായ പോലുള്ള കേശവന്‍റെ മുന്നേറ്റം. വിജയശ്രീ ലാളിതനായി കൊടിമരം പ്രണമിച്ചുള്ള തലയെടുപ്പോടുകൂടിയ നില്‍പ്പ്..ഇതൊക്കെ ആനപ്രേമികളുടെ മനസിലെ മായാത്ത ഓര്‍മ്മകള്‍. പിന്നീടുള്ള ആനയോട്ടങ്ങൾ കേശവനു വേണ്ടി മാത്രമുള്ളതായി.നാല്പതുവർഷം സ്ഥിരമായി ഭഗവാന്റെ തിടമ്പണിഞ്ഞ ഭഗവാന്റെ സ്വന്തം ശജം.

കേശവന്റെ പേരും പ്രശസ്തിയും വര്‍ദ്ധിച്ചപ്പോള്‍ ദേവസ്വം അധികൃതരും ആരാധകരും ചേര്‍ന്നൊരുക്കിയ ഗജസംഗമത്തില്‍ ‘ഗജരാജന്‍’ എന്ന സ്ഥാനപ്പേരു നല്‍കി. അതിനു ശേഷം ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. ഗജരാജപട്ടം കിട്ടിയ ആദ്യ കൊമ്പനായിരുന്നു കേശവൻ.

കേശവനെന്ന പേര് ഈശ്വരതുല്യമായി ഓരോ വിശ്വാസികൾക്കും തോന്നാനുള്ള കാരണം വിഷ്ണുപാദസമക്ഷത്തിൽ ലയിച്ച കേശവന്റെ വിയോഗം കാരണം കൂടിയാണ്.
1976 ഡിസംബർ 2 ഗുരുവായൂർ ഏകാദശി നാളിനാണ് ഈ അഭിനവ ഗജേന്ദ്ര മോക്ഷം നടക്കുന്നത്. 55 വർഷം ഗുരുവായൂരപ്പനെ സേവിച്ച കേശവന്റെ മരണം ആരിലും രോമാഞ്ചവും ഭക്തിയും നിറക്കുന്ന സംഭവമാണ്. നവംബർ 30 ദശമി പിളക്കിന് ക്ഷേത്രവും പരിസരവും നെയ് വിളക്കിന്റെ ശോഭയിൽ വൈകുണ്ഠം പോലെ തിളങ്ങുന്നു.11 വരികളിലായി  12000 നെയ് വിളക്കുകൾ നാലമ്പലത്തിനു ചുറ്റും തെളിഞ്ഞു നിൽക്കവേ സർവ്വാഭരണ വിഭൂഷിതനായി ഗുരുവായൂരപ്പൻ ശ്രീലകത്ത് വിളങ്ങി നിൽക്കുന്നു. കേശവൻ സ്വർണ്ണക്കോലം പതിവിലുമുയരത്തിൽ തലയിൽ ഏറ്റിയിരിക്കുന്നു.. പെട്ടെന്ന് അവന് ഒരു വിറയലുണ്ടായി, വായിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങി.. എല്ലാവരും പരിഭ്രമിച്ച് താഴെയിറങ്ങി.സ്വർണ്ണത്തിടമ്പ് മേൽശാന്തി  പറ്റാനയായിരുന്ന കുട്ടികൃഷ്ണന്റെ ശിരസിലേക്ക് നൽകി. കൊടിമരച്ചുവട്ടിൽ നിന്ന് ഗുരുവായൂരപ്പനെ അവസാനമായി കണ്ടു തൊഴുത് കേശവൻ തെക്കേനടയിലുള്ള കോവിലകം പറമ്പിലേക്ക് നടന്നു.( ഇപ്പോഴത്തെ ശ്രീവത്സം ഗസ്റ്റ് ഹൗസ് ).ക്ഷേത്രത്തിനഭിമുഖമായി കേശവനെ തളച്ചു. ക്ഷേത്ര കൊടിമരം നോക്കി അവൻ ഒരേ നിൽപ്പു നിന്നു.

പിറ്റേ ദിവസം ദശമി വിളക്ക്.. കേശവൻ ഉപവാസത്തിൽ അതേ നിൽപ്പ് തുടർന്നു. ഒരു തുള്ളി വെള്ളം കുടിക്കുവാനുള്ള പാപ്പാൻ അച്ചുതൻ നായരുടെ അപേക്ഷ പോലും ചെവിക്കൊണ്ടില്ല. പ്രശസ്ത ആന ചികിത്സകർ വന്നു ചികിത്സകൾ നടത്തി നോക്കുന്നുണ്ട്. വൈകുന്നേരം ക്ഷേത്രം മണി കിണറ്റിൽ നിന്നും കൊണ്ടുവന്ന ജലം ഉപയോഗിച്ച് കൈകാലുകളും ശിരസും കഴുകി. ക്ഷേത്ര കൊടിമരം നോക്കി പലതവണ തുമ്പികൈ ഉയർത്തി പ്രണമിച്ചു.. അങ്ങിനെ ആരാത്രി കടന്നു പോയി. രാവിലെ 3 മണി.ഏകാദശി പുലരിയായി .ക്ഷേത്രം ഉച്ചഭാഷിണിയിൽ നിന്നും പി. ലീലയുടെ മാന്ത്രിക നാദത്തിൽ മേൽപ്പത്തൂർ ഏകാദശി നാളിൽ ഭഗവാനെ ദർശിച്ചെഴുതിയ നാരായണീയത്തിലെ  ” അഗ്രേപശ്യാമി തേജോ നിബിഡതരകളായാവലീ ലോഭനീയം ” എന്നാരംഭിക്കുന്ന കേശാദിപാദം  ഉയർന്നു തുടങ്ങി. ശംഖനാദത്തിന്റെയും ഇടക്കയുടെയും മണിയടിശബ്ദത്തോടെയും അകമ്പടിയോടെ ഭൂലോക വൈകുണ്ഠ നട തുറന്നു. ആ സമയം ഗുരുവായൂർ കേശവൻ തന്റെ മുൻ കാലുകൾ നീട്ടി വച്ച് കൊമ്പുകൾ നിലത്ത് കുത്തി തുമ്പികൈ നീട്ടി വച്ച്
ഗുരുവായൂർ ക്ഷേത്ര കൊടിമരം നോക്കി തെക്കുവടക്കായി നമസ്കരിച്ച് കിടന്ന് അന്ത്യശ്വാസം വലിച്ചു.. അന്ന് ഏകാദശി പുലർന്നത് ഗുരുവായൂർ കേശവന്റെ മരണവാർത്തയോടെയാണ്..

കേശവന്‍ വിട ചൊല്ലിയിട്ട് വര്‍ഷമെത്ര കഴിഞ്ഞു.  അവന്റെ മരണ ശേഷമുള്ള നാല്പത്തിനാലാമത്തെ ആനയോട്ടം നാളെ എന്നിട്ടും ഗുരുവായൂര്‍ കേശവനും അവന്‍റെ കഥകളും ഇന്നും തലമുറകള്‍ കൈമാറി വരുന്നു.. ഏതു വലിയ കൊമ്പനും അപ്രാപ്യമായ സ്ഥാനമാണ് കേശവനുകിട്ടിയത്‌. ഗുരുവായുരപ്പന്‍റെ സ്വന്തം കേശവന്‍.! അവനോളം വരില്ല..ഒരു ഗജ കേസരിയും! അവന്റെ ഓർമ്മകളില്ലാതെ ഒരു ആനയോട്ടവും.

shortlink

Related Articles

Post Your Comments


Back to top button