കോട്ടയം: കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഏഴ് വലിയ ആനകളുടെയും, ഒരു ചെറിയ ആനയുടെയും സ്വർണ്ണത്തിൽ നിർമ്മിച്ച പൂർണ്ണരൂപത്തിലുള്ള പ്രതിമകളാണ് ഏഴരപ്പൊന്നാന എന്നറിയപ്പെടുന്നത്. പ്ലാവിൻ തടിയിൽ നിർമ്മിച്ച ഈ ആനകളെ സ്വർണപാളികളാൽ പൊതിഞ്ഞിരിക്കുന്നു. വലിയ ആനകൾക്ക് രണ്ടടിയും ചെറിയ ആനയ്‌ക്ക് ഒരടിയുമാണ് ഉയരം. ഏറ്റുമാനൂർ ക്ഷേത്രത്തിലെ എട്ടാം ഉത്സവനാളായ കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിനാണ് പ്രസിദ്ധമായ ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ് നടത്തുന്നത്. അന്നേ ദിവസം ഏറ്റുമാനൂർ തേവർ ക്ഷേത്ര മതിൽക്കകത്തെ പടിഞ്ഞാറെ മൂലയിലെ ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പെന്നാന ദർശനം നൽകി എഴുന്നള്ളിയിരിക്കുന്നു.
ഏഴരപ്പൊന്നാനകൾ അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിക്കുന്നു എന്നാണ് ഐതിഹ്യം. ഐരാവതം, പുണ്ഡീരകം, കൌമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാർവഭൌമൻ, വാമനൻ എന്നിവയാണ് ദിക്ക്ഗജങ്ങൾ. വാമനൻ ചെറുതാകയാൽ അരപൊന്നാനയാകുകയാണ് ഉണ്ടായതത്രേ.
ഏഴരപൊന്നാനയെ കൂടാതെ, രത്നഅലക്കുകളുള്ള പൊന്നിൻകുട, നെന്മാണിക്യം, രത്നംപതിച്ച വലംപിരിശംഖ്, കരിങ്കൽ നാഗസ്വരം, സ്വർണവിളക്ക്, സ്വർണകുടങ്ങൾ, സ്വർണനാണയങ്ങൾ എന്നിവയുൾപ്പെടുന്ന സവിശേഷശേഖരം ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്. ഭാരതം ഒട്ടുക്കും ഏറ്റുമാനൂർ ഏഴരപൊന്നാന ദർശനം പ്രസിദ്ധവും ഭക്തജനപ്രിയവുമാണ്. നാടിന്റെ നാനാഭാഗങ്ങളിൽനിന്നുമായി തീർഥാടകസഹസ്രങ്ങൾ ദർശനസായൂജ്യവും അഭിലാഷപൂർത്തിയും തേടി ഏഴരപൊന്നാന ദർശനദിവസം ക്ഷേത്രാങ്കണത്തിലെത്തുന്നു.
എട്ടാം ഉത്സവത്തിന് രാത്രി 12 മണിക്ക് ഏറ്റുമാനൂര്‍ ക്ഷേത്ര ഐതിഹ്യമനുസരിച്ച് ശൈവ വൈഷ്ണവ ശക്തികളുടെ സംഗമസ്ഥാനമായ, ആസ്ഥാന മണ്ഡപത്തില്‍ എഴുന്നള്ളിപ്പ് സമയം ഭഗവാന്റെ മുന്നില്‍ കുറ്റമൊക്കെ ഏറ്റുപറഞ്ഞു പ്രാര്‍ത്ഥിച്ചാല്‍ ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം കിട്ടുമെന്ന വിശ്വാസം ഇന്നും നിലനില്‍ക്കുന്നു. ഈ ആസ്ഥാന മണ്ഡപത്തില്‍ ഏഴരപൊന്നാന പുറത്തെഴുന്നള്ളി നില്‍ക്കുന്ന ഏറ്റുമാനൂരപ്പന്റെ മുന്നിലുള്ള സ്വര്‍ണ്ണക്കുടത്തില്‍ കാണിക്കയര്‍പ്പിക്കുക എന്ന ചടങ്ങ് ഇവിടെ വളരെ പ്രധാനമാണ്.
Post Your Comments