Latest NewsNewsInternational

സൗദിയില്‍ പ്രീമിയം റസിഡന്‍സി കാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യാക്കാരനായി എം.എ.യൂസുഫലി

റിയാദ്: സൗദി അറേബ്യയില്‍ പ്രീമിയം റസിഡന്‍സി കാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യാക്കാരനായി പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസുഫലി. വന്‍കിട നിക്ഷേപകര്‍ക്കും വിവിധ മേഖലകളിലെ മികച്ച പ്രതിഭകള്‍ക്കും നല്‍കുന്ന ആജീവനാന്ത താമസരേഖയാണ് പ്രീമിയം റസിഡന്‍സി കാര്‍ഡ്. സൗദി അറേബ്യയില്‍ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായാണ് വിദേശികള്‍ക്ക് സ്ഥിരതാമസത്തിനുള്ള അനുമതി സൗദി ഭരണകൂടം നല്‍കുന്നത്.

പ്രീമിയം റസിഡന്‍സി പദ്ധതി അനുസരിച്ച് സ്ഥിരതാമസാനുമതി ലഭിക്കുന്ന സൗദി പൗരന്മാരല്ലാത്തവര്‍ക്ക് രാജ്യത്ത് സ്‌പോണ്‍സര്‍ ഇല്ലാതെ തന്നെ വ്യവസായം ചെയ്യാനും വസ്തുവകകള്‍ വാങ്ങാനും സാധിക്കും. സൗദി അറേബ്യയുടെ ആദ്യത്തെ പ്രീമിയം റസിഡന്‍സി കാര്‍ഡിന് അര്‍ഹനായതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് എം.എ.യൂസുഫലി പറഞ്ഞു. തനിക്ക് കിട്ടിയ ആദ്യത്തെ പ്രീമിയം റസിഡന്‍സി പ്രവാസികള്‍ക്കുള്ള ബഹുമതിയായാണ് കാണുന്നതെന്നും സല്‍മാന്‍ രാജാവിനും, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും, സൗദി സര്‍ക്കാരിനും ഇതിന് നന്ദി രേഖപ്പെടുത്തുന്നതായും യൂസുഫലി കൂട്ടിച്ചേര്‍ത്തു.

നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഈ പദ്ധതിക്ക് രൂപം കൊടുത്തത്. 3000 ല്‍ പ്പരം സ്വദേശികള്‍ ജോലി ചെയ്യുന്ന ലുലുവിന് നിലവില്‍ സൗദിയിലെ വിവിധ ഭാഗങ്ങളിലായി 17 ഹൈപ്പര്‍മാര്‍ക്കറ്റുകളാണുള്ളത്. ഇത് കൂടാതെ എണ്ണ കമ്പനിയായ അരാംകോയുടെ 12 കൊമ്മിസറികളുടെയും ദേശീയ സുരക്ഷാ വിഭാഗമായ നാഷണല്‍ ഗാര്‍ഡിന്റെ 8 മിനിമാര്‍ക്കറ്റുകളുടെയും നടത്തിപ്പ് ചുമതല ലുലുവിനാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button