കണ്ണൂര്‍ : ക്വട്ടേഷന്‍ സംഘങ്ങളും കവര്‍ച്ചാ സംഘങ്ങളും ചേരുന്ന അധോലോക ഭൂപടത്തിലേക്കു കണ്ണൂരിന്റെ പേരും ചേര്‍ക്കപ്പെടുന്നുവെന്ന ആശങ്കയാണ് ഇപ്പോള്‍ ഏവര്‍ക്കും ഉള്ളത്. അത് മറ്റൊന്നും കൊണ്ടല്ല കൊച്ചി, തിരുവനന്തപുരം പോലെയുള്ള സ്ഥലങ്ങളില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ സജീവമായപ്പോഴും കണ്ണൂരില്‍ ഇത്തരം സംഘങ്ങളുടെ സാന്നിധ്യം വളരെ അപൂര്‍വമായിരുന്നു. എന്നാല്‍, അടുത്തിടെ ക്വട്ടേഷന്‍ സംഘവുമായി യുവതി തന്നെ പട്ടാപ്പകല്‍ കണ്ണൂര്‍ നഗരത്തില്‍ ഇറങ്ങിയതോടെ ജില്ലയിലെ ചെറു നഗരങ്ങള്‍ കേന്ദ്രീകരിച്ചു ക്വട്ടേഷന്‍ സംഘങ്ങള്‍ വ്യാപകമാണെന്ന വിവരമാണ് പുറത്തു വരുന്നത്.
കുറ്റകൃത്യങ്ങളില്‍ സ്ത്രീകളുടെ സാന്നിധ്യമാണു കണ്ണൂരിലുണ്ടായ മാറ്റം. കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ക്വട്ടേഷന്‍ സംഘമെത്തിയ സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയത് 22 വയസുള്ള യുവതിയാണ്. പൊലീസ് വളഞ്ഞതോടെ കാറില്‍നിന്നു യുവതി ഇറങ്ങി ഓടുകയായിരുന്നു. കേസില്‍ പരാതിക്കാര്‍ ഇല്ലാത്തതിനാല്‍ പൊലീസിനെ ആക്രമിച്ചെന്ന കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആക്രമിക്കപ്പെട്ട വ്യാപാരിയെ കൊണ്ട് പരാതി എഴുതി വാങ്ങി യുവതിയെ കൂടി അറസ്റ്റ് ചെയ്യാനാണു പൊലീസ് നീക്കം.
എന്നാല്‍ വ്യാപാരി പരാതി നല്‍കാന്‍ തയാറാകാത്തത് രക്ഷപ്പെട്ട യുവതി അടക്കമുള്ളവരെ പിടികൂടാന്‍ പൊലീസിനു തടസ്സമായി. വന്‍തുക നഷ്ടപ്പെട്ടാലും പരാതിപ്പെട്ടാല്‍ പണത്തിന്റെ സ്രോതസ്സ് കാണിക്കേണ്ടി വരും. ഇതിനാല്‍ പരാതിക്കാര്‍ മുന്നോട്ടു വരാറില്ല എന്നതാണ് പലരുടെയും ധൈര്യം. മാത്രവുമല്ല ബ്ലേഡ് മാഫിയ, ഇന്‍ഷുറന്‍സ് തട്ടിപ്പുകള്‍ തുടങ്ങി പല മേഖലകളിലും പ്രത്യക്ഷമായോ പരോക്ഷമായോ സ്ത്രീകളുടെ സാന്നിധ്യമുണ്ട്. വിമാനത്താവളം വഴി സ്വര്‍ണം കടത്താനും സ്ത്രീകളെ ഉപയോഗിക്കുന്നതായും വിവരമുണ്ട്.
ഭീഷണിപ്പെടുത്തി പണം വാങ്ങിക്കൊടുക്കുന്ന സാദാ ക്വട്ടേഷന്‍ സംഘം മുതല്‍ കുഴല്‍ പണക്കാരെ തടഞ്ഞു പണം തട്ടുന്ന കവര്‍ച്ചാ സംഘങ്ങളും സ്വര്‍ണക്കടത്ത് സംഘങ്ങളും ഇപ്പോള്‍ ജില്ലയില്‍ സജീവമാകുകയാണ്. വന്‍കിട പണമിടപാടുകളില്‍ മധ്യസ്ഥരാകുകയാണ് ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രധാന ഇടപെടല്‍. വസ്തു ഇടപാട് നടക്കണമെങ്കില്‍ പോലും ചില സംഘങ്ങളുടെ അനുമതി വേണമെന്ന അവസ്ഥയുണ്ട്. ഇടപാട് തീര്‍ത്തു കഴിഞ്ഞാലും സേവനം തേടിയവനെ വീണ്ടും ശല്യം ചെയ്യുന്ന ക്വട്ടേഷന്‍കാരുമുണ്ട്.
കണ്ണൂര്‍ വിമാനത്താവളം വന്നതിനു ശേഷം ഒരു വര്‍ഷത്തിനിടെ ഏകദേശം 60 കിലോഗ്രാം സ്വര്‍ണമാണ് വിദേശത്തു നിന്നു കടത്തിയത്. ഇതിനു പുറമേ 60 ലക്ഷം രൂപയും 40 കിലോഗ്രാം കുങ്കുമപ്പൂവും പിടികൂടിയിരുന്നു. എന്നാല്‍ പിടിക്കപ്പെട്ടതിന്റെ എത്രയോ ഇരട്ടിയാണു വിമാനത്താവളം വഴി പുറത്തേക്കു പോയിട്ടുള്ളത്. വിമാനത്താവളത്തിനു പുറത്തെത്തിക്കുന്ന സ്വര്‍ണവും പണവും കുങ്കുമപ്പൂവും അയല്‍ ജില്ലകളിലേക്കും കര്‍ണാടകയിലേക്കും കടത്താന്‍ പ്രത്യേക സംഘങ്ങളുണ്ട്.
ഇനി മറ്റൊന്ന് കുഴല്‍പണമാണ് കുഴല്‍പണ ഇടപാടില്‍ കോടിക്കണക്കിനു രൂപയാണ് ഓരോ മാസവും ജില്ലയില്‍ ഒഴുകുന്നത്. ഇതു കടത്താനും ഇങ്ങനെ കടത്തുന്നവരെ തടഞ്ഞു നിര്‍ത്തി കവര്‍ച്ച നടത്താനും പ്രത്യേക സംഘങ്ങളുണ്ട്. സ്ത്രീകളെ ഉപയോഗിച്ചു പണം കടത്തുന്നവരുമുണ്ട്. പൊലീസ് പരിശോധന ഒഴിവാക്കാനാണിത്. ചെറുപ്പക്കാരാണു കൂടുതലും ഇത്തരം സംഘങ്ങളില്‍ എത്തുന്നത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടി സംഘര്‍ഷങ്ങള്‍ക്കിറങ്ങിയിരുന്ന സ്ഥിരം ക്രിമിനല്‍ സംഘങ്ങളാണു ക്വട്ടേഷന്‍ സംഘമായി മാറുന്നത്. മാഹിയിലെ ബാറുകള്‍ കേന്ദ്രീകരിച്ചും ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പൊലീസല്ല, ക്വട്ടേഷന്‍ സംഘങ്ങളാണു കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഇങ്ങനെ പോയാല്‍ ക്വട്ടേഷന്‍ സംഘങ്ങളും കവര്‍ച്ചാ സംഘങ്ങളും ചേരുന്ന അധോലോക ഭൂപടത്തിലേക്കു കണ്ണൂരിന്റെ പേരും ചേര്‍ക്കപ്പെടും
Post Your Comments