ലൈഫ് മിഷൻ പദ്ധതി നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് അഡ്വ. ഹരീഷ് വാസുദേവൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പെരുമ്പാവൂർ ജിഷ സംഭവത്തിനു ശേഷം പിണറായി വിജയൻ പറഞ്ഞ ഒരു വാചകമുണ്ട്. LDF അധികാരത്തിൽ വന്നാൽ വീടില്ലാതെ പുറമ്പോക്കിൽ താമസിക്കുന്ന മനുഷ്യർക്ക് വീട് നിർമ്മിച്ചു നൽകുമെന്ന്. തലചായ്ക്കാൻ സ്വന്തമായി ഒരു കൂരയില്ലാത്ത മനുഷ്യർക്ക് ഒരു വീടുംകൂടി സർക്കാർ വെച്ചു നൽകുക എന്നത് സാധാരണ ഗതിയിൽ നടപ്പുള്ള കാര്യമല്ല. എന്നാൽ ഭരണഘടനയിൽ സോഷ്യലിസം എന്നെഴുതി വെച്ചിരിക്കുന്നത് സാമ്പത്തിക ഉച്ചനീചത്വങ്ങൾ കുറയ്ക്കാനാണ്. വീടില്ലാത്തവന് വീട് നിർമ്മിച്ചു നൽകുന്നത് വഴി ഭരണഘടയുടെ യഥാർത്ഥ ഉദ്ദേശലക്ഷ്യങ്ങളാണ് നിറവേറ്റപ്പെടുന്നതെന്നും ഹരീഷ് വാസുദേവൻ പറയുന്നു.
Read also: ഈ പാവങ്ങളോടാണോ ഇത്തരം ക്രൂരത കാണിക്കേണ്ടത് ? ചെന്നിത്തലയ്ക്കും ശശി തരൂരിനുമെതിരെ മുഖ്യമന്ത്രി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
വീട് ജീവിതം.
പെരുമ്പാവൂർ ജിഷ സംഭവത്തിനു ശേഷം പിണറായി വിജയൻ പറഞ്ഞ ഒരു വാചകമുണ്ട്. LDF അധികാരത്തിൽ വന്നാൽ വീടില്ലാതെ പുറമ്പോക്കിൽ താമസിക്കുന്ന മനുഷ്യർക്ക് വീട് നിർമ്മിച്ചു നൽകുമെന്ന്. ഭവനരഹിതരില്ലാത്ത കേരളമുണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്ന്. ജിഷമാർ ഉണ്ടാവില്ലെന്ന്.
ഭൂമിയില്ലാത്തവർക്കെല്ലാം ഭൂമിയുടെ ഉടമസ്ഥത എന്ന വലിയ ലക്ഷ്യം ഒരുപരിധിവരെ കൈവരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം.
തലചായ്ക്കാൻ സ്വന്തമായി ഒരു കൂരയില്ലാത്ത മനുഷ്യർക്ക് ഒരു വീടുംകൂടി സർക്കാർ വെച്ചു നൽകുക എന്നത് സാധാരണ ഗതിയിൽ നടപ്പുള്ള കാര്യമല്ല. എന്നാൽ ഭരണഘടനയിൽ സോഷ്യലിസം എന്നെഴുതി വെച്ചിരിക്കുന്നത് സാമ്പത്തിക ഉച്ചനീചത്വങ്ങൾ കുറയ്ക്കാനാണ്. വീടില്ലാത്തവന് വീട് നിർമ്മിച്ചു നൽകുന്നത് വഴി ഭരണഘടയുടെ യഥാർത്ഥ ഉദ്ദേശലക്ഷ്യങ്ങളാണ് നിറവേറ്റപ്പെടുന്നത്.
2 ലക്ഷം വീടുകൾ നിർമ്മിച്ച് നൽകുക എന്നത് ഒട്ടും ചെറിയ കാര്യമല്ല. അതൊരു സ്പീഡ് ട്രാക്കിൽ പൂർത്തീകരിച്ചു നൽകിയ ‘ലൈഫ് മിഷൻ’ 2 ലക്ഷം പുതിയ ജീവിതങ്ങളിലാണ് വെളിച്ചം തെളിച്ചത്.
ഇത് തീർത്തും അഭിനന്ദനാർഹമായ ഒരു പ്രവർത്തിയാണ്. മറ്റെന്തൊക്കെ വിമർശനങ്ങൾ ഉന്നയിക്കുമ്പോഴും, മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ലൈഫ് മിഷൻ നടത്തിയ ഈ നേട്ടത്തിനു ഈ സർക്കാരിനെ ഹൃദയംഗമമായി അഭിനന്ദിക്കുന്നു.
2 ലക്ഷം വീടില്ല, 75,000 മേ ഉള്ളൂ എന്നു പ്രതിപക്ഷ നേതാവ് പറയുന്നു. ആവട്ടെ, രാഷ്ട്രീയ വിഷയങ്ങളിൽ തമ്മിലടിച്ചാലും കേരളം ഇക്കാര്യത്തിൽക്കൂടി ഇന്ത്യയിൽ ഒന്നാമത് ആകുകയാണ്.
ലക്ഷക്കണക്കിന് മുഖങ്ങളിൽ ഈ ജീവിത പുഞ്ചിരി വിരിയട്ടെ. ?
അതിലൊരു ചിരി ജിഷയുടെ ആത്മാവ് ആയിരിക്കും. തീർച്ച.
അഡ്വ.ഹരീഷ് വാസുദേവൻ.
Post Your Comments