കൊറോണ വൈറസ്; 47 രാജ്യങ്ങളില്‍ വൈറസ് വ്യാപിച്ചു, ഇതുവരെ മരണം 2800, ചൈനയില്‍ വ്യാപനം കുറയുന്നു

ബെയ്ജിങ്: ലോകജനതയെ ആശങ്കയിലാഴ്ത്തിയ കൊറോണ വൈറസ് ഇതുവരെ വ്യാപിച്ചത് 47 രാജ്യങ്ങളില്‍. വ്യാഴാഴ്ചവരെ 2800 പേര്‍ മരിക്കുകയും 81,200 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ചൈനയില്‍ വൈറസ് ബാധ കുറയുന്നതായാണ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം 29 പേരാണ് മരിച്ചത്. ഇതോടെ ഇവിടെ മരണം 2774 ആയി. 32,495 പേര്‍ ചികിത്സയിലൂടെ രോഗ വിമുക്തരായി.

അതേസമയം മറ്റ് രാജ്യങ്ങളില്‍ വൈറസ് വ്യാപിക്കുന്നത് ആശങ്ക ജനിപ്പിക്കുന്നുണ്ട്. യൂറോപ്പിലും പശ്ചിമ, മധ്യേഷ്യന്‍ രാജ്യങ്ങളിലും രോഗബാധ പടര്‍ന്നിരിക്കുകയാണ്. ജര്‍മനിയിലും യു.എസിലും വൈറസ് ബാധിതരുമായി ബന്ധപ്പെടാത്തവര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ ആശങ്കവര്‍ധിപ്പിക്കുന്നുണ്ട്. യൂറോപ്പില്‍ ഒമ്പതിലധികം രാജ്യങ്ങളിലാണ് രോഗം റിപ്പോര്‍ട്ടുചെയ്തത്. ഡെന്‍മാര്‍ക്ക്, എസ്‌തോണിയ, നോര്‍വേ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലും ആദ്യ വൈറസ് ബാധ കണ്ടെത്തി.

ജപ്പാനിലും വൈറസ് വ്യപിച്ചതോടെ സ്‌കൂളുകള്‍ ഒരു മാസത്തേക്ക് അടയ്ക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സൊ ഉത്തരവിട്ടു. ചൈനയ്ക്കുപുറത്ത് ദേശവ്യാപകമായി സ്‌കൂളുകള്‍ അടയ്ക്കുന്ന രണ്ടാമത്തെ രാജ്യമാണ് ജപ്പാന്‍. രാജ്യത്ത് 186 പേര്‍ക്കാണ് വൈറസ് ബാധ. നാലുപേര്‍ മരണപ്പെടുകയും ചെയ്തു.

Share
Leave a Comment