കൊച്ചി: മാനേജ്‌മെന്റിന്റെ വീഴ്ച കാരണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാതെ പോയ അരൂജ സ്‌കൂളിലെ കുട്ടികള്‍ളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. പരീക്ഷയെഴുതാന്‍ അനുമതി തേടിക്കൊണ്ടുള്ള തോപ്പുംപടി അരൂജ സ്‌കൂളിലെ 28 വിദ്യാര്‍ത്ഥികളുടെ ഹര്‍ജദിയാണ് ഹൈക്കോടതി തള്ളിയത്. 24 മുതല്‍ തുടങ്ങിയ പരീക്ഷ എഴുതാന്‍ അനുവദിക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ഹര്‍ജി നിലനില്‍ക്കും, പ്രധാന ആവശ്യം മാത്രമാണ് തള്ളപ്പെട്ടത്. വിദ്യാര്‍ത്ഥികളുടെ ഹര്‍ജി മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജിയോടൊപ്പം ബുധനാഴ്ച പരിഗണിക്കും.
24ാം തീയ്യതി ആരംഭിച്ച സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയെഴുതാനെത്തിയപ്പോള്‍ മാത്രമാണ് പരീക്ഷയെഴുതാനാകില്ലെന്ന യാഥാര്‍ത്ഥ്യം കുട്ടികള്‍ക്ക് അറിയാനായത്. വിഷയത്തില്‍ സിബിഎസ്ഇയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നാടെങ്ങും സ്‌കൂളുകള്‍ തുറന്നിട്ട് വിദ്യാര്‍ഥികളെ ചൂഷണം ചെയ്യാന്‍ ലാഭക്കൊതിയന്മാര്‍ക്ക് എറിഞ്ഞുകൊടുത്തിരിക്കുകയാണെന്നായിരുന്നു സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചത്. സിബിഎസ്ഇ റീജിയണല്‍ ഡയറക്ടര്‍ സച്ചിന്‍ ധാക്കൂറിനെ വിളിച്ചുവരുത്തിയായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനം. കുറച്ചുകൂടി ഉത്തരവാദിത്വം സിബിഎസ്ഇ കാണിക്കണമെന്നും. നാടെങ്ങും തോന്നിതയുപോലെ സ്‌കൂള്‍ തുടങ്ങിയിട്ട് പിന്നീട് ആ വഴിക്ക് തിരിഞ്ഞ് നോക്കില്ലെന്നത് അനുവദിക്കാന്‍ പറ്റില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടപ്പെടാതിരിക്കാന്‍ എന്തുചെയ്യാനാകുമെന്ന് ബുധനാഴ്ച അറിയിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച ഇക്കാര്യത്തില്‍ ഇത് വരെ സ്വീകരിച്ച നടപടികള്‍ അടക്കം വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം നല്‍കാനും സിബിഎസ്ഇയോട് സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.
Post Your Comments