തിരുവനന്തപുരം: ഏറ്റവും അപകടം പിടിച്ച ജോലിയാണ് വൈദ്യുതി ലൈന്‍ നന്നാക്കുന്നവരുടെ. ഇത്തരത്തില്‍ ജോലി ചെയുന്ന നിരവധിപേരാണ് മരണത്തിന് കീഴടങ്ങിയിട്ടുള്ളത്. അതുപോലെ തന്നെ വൈദ്യുത ലൈന്‍ പൊട്ടി വീണ് ആളുകള്‍ മരിക്കുന്നതും നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ അതിനെല്ലാമുള്ള ഒരു മാര്‍ഗവുമായാണ് കെഎസ്ഇബി വരവ്.
പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍നിന്ന് ഷോക്കടിച്ചുള്ള മരണവും അപകടങ്ങളും ഇല്ലാതാക്കാന്‍ സുരക്ഷാവിദ്യയുമായാണ് കെഎസ്ഇബി അവതരിച്ചിരിക്കുന്നത്. സ്മാര്‍ട്സ് എംസിസിബി (മോള്‍ഡഡ് കേസ് സര്‍ക്യൂട്ട്) ബ്രേക്കര്‍വഴിയാണ് ഷോക്കില്‍നിന്ന് സംരക്ഷണം ഒരുക്കുന്നത്. വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാനുള്ള മറ്റുചില പദ്ധതികളും പരിഗണനയിലുണ്ട്. വൈദ്യുതിരംഗം സമ്പൂര്‍ണ അപകടരഹിത മേഖലയാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടികള്‍. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം നെടുമങ്ങാട് ഡിവിഷനു കീഴിലെ കല്ലറ സെക്ഷനിലാണ് ആദ്യം സ്മാര്‍ട്സ് എംസിസിബി സ്ഥാപിക്കുന്നത്.
ട്രാന്‍സ്ഫോര്‍മറിലാണ് സ്മാര്‍ട്സ് എംസിസിബി ഘടിപ്പിക്കുക. കമ്പി പൊട്ടിവീഴുന്നതടക്കമുള്ള സന്ദര്‍ഭങ്ങളില്‍ ഇത് സ്വയം പ്രവര്‍ത്തിക്കുകയും ലൈന്‍ ഓഫാകുകയും ചെയ്യും. കമ്പിയിലൂടെയുള്ള അമിത വൈദ്യുതിപ്രവാഹം, ചോര്‍ച്ച, തടസ്സം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളും ഇത് തടയും. തകരാറുണ്ടായാല്‍ ഇത് സ്വയം ഓഫാകുകയും പ്രശ്‌നം പരിഹരിക്കുന്നതോടെ ഓണാകുകയും ചെയ്യും. വൈദ്യുതിക്കമ്പിയില്‍ പ്രശ്നമുണ്ടായാല്‍ ആ പ്രദേശത്തെ കെഎസ്ഇബി ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണിലേക്ക് സന്ദേശവും എത്തും.
സ്വകാര്യ കമ്പനിയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കെഎസ്ഇബിയുടെ മേല്‍നോട്ടത്തില്‍ കമ്പനി സൗജന്യമായി ഉപകരണം സ്ഥാപിച്ച് നല്‍കും. ഒരുവര്‍ഷം നിരീക്ഷിച്ച ശേഷം മറ്റുസ്ഥലങ്ങളിലേക്കു പദ്ധതി വ്യപിപ്പിക്കുന്നതില്‍ തീരുമാനമെടുക്കും.
Post Your Comments