ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് പൗരത്വനിയമ ഭേദഗതിയെ ചൊല്ലി ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ മരണ സംഖ്യ ഉയരുന്നു. പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. പരുക്കേറ്റത് 48 പൊലീസുകാരടക്കം ഇരുന്നൂറോളം പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്കു ബുധനാഴ്ച അവധിയിട്ടുണ്ട്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഘര്‍ഷമേഖലകള്‍ സന്ദര്‍ശിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ അജിത് ഡോവലിന് ചുമതല നല്‍കി. സംഘര്‍ഷം വ്യാപിക്കുന്ന നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ ഡല്‍ഹിയുടെ പലഭാഗങ്ങളിലും സംഘര്‍ഷത്തിന് അയവില്ല. ചൊവ്വാഴ്ച വൈകിട്ട് ചാന്ദ്ബാഗില്‍ പ്രതിഷേധക്കാര്‍ക്കു നേരെ ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു. ബജന്‍പുര, ജാഫറാബാദ്, മൗജ്പുര്‍, ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക് എന്നിവടങ്ങളില്‍ പൗരത്വനിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം ഏറ്റുമുട്ടി. വ്യാപക കല്ലേറുണ്ടായി. ജാഫറാബാദിലെ പ്രതിഷേധക്കാരെ പൂര്‍ണമായും ഒഴിപ്പിച്ചെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ സംഘര്‍ഷം സംബന്ധിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി രാത്രി പരിഗണിച്ചു. സംഘര്‍ഷം സംബന്ധിച്ച് കോടതി റിപ്പോര്‍ട്ട് തേടി. പരുക്കേറ്റവര്‍ക്ക് ചികില്‍സ ഉറപ്പാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. കേസ് ഇന്ന് ഉച്ചയ്ക്കു ശേഷം കോടതി വീണ്ടും പരിഗണിക്കും. ഡല്‍ഹി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നു നിശ്ചയിച്ച കേരള സന്ദര്‍ശനം റദ്ദാക്കി. സംഘര്‍ഷങ്ങള്‍ക്കിടെ നിര്‍ത്തി വച്ച മെട്രോ സര്‍വീസുകള്‍ പുനരാരംഭിച്ചതായി ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷന്‍ അറിയിച്ചു. എല്ലാ സ്റ്റേഷനുകളും തുറന്നു പ്രവര്‍ത്തിക്കും.
ഡല്‍ഹിയില്‍ അര്‍ധസൈനിക വിഭാഗങ്ങളടക്കം കൂടുതല്‍ സേനയെ വിന്യസിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. സ്ഥിതി ആശങ്കാജനകമാണെന്ന് കേജ്രിവാള്‍ അറിയിച്ചു. സംഘര്‍ഷം നിയന്ത്രിക്കാന്‍ ആവശ്യമായ എല്ലാ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭ്യൂഹങ്ങള്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ടെന്നും അത് അക്രമങ്ങള്‍ക്കു വഴിതെളിക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി.
Post Your Comments