പിഎസ്സി പ്രായ പരിധി നിർണയിക്കുന്നതിൽ മാറ്റം വരുത്തണമെന്ന് ഹൈക്കോടതി. ഓച്ചിറ സ്വദേശി ആർ. ചന്ദന നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് വി. ജി. അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
പിഎസ്‌സി നിയമനങ്ങൾക്ക് അപേക്ഷിക്കാനുള്ള മിനിമം പ്രായം വിജ്ഞാപനം പുറപ്പെടുവിക്കുന്ന വർഷത്തെ ജനുവരി ഒന്നിനകം പൂർത്തിയാകണമെന്ന വ്യവസ്ഥയിൽ ഭേദഗതി പരിഗണിക്കണം. വിഞ്ജാപനത്തിന്‍റെ തീയതിയോ അപേക്ഷ അയയ്ക്കേണ്ട അവസാന തീയതിയോ നിശ്ചയിക്കുന്നതാകും ഉചിതമെന്നും കോടതി അഭിപ്രായപ്പെട്ടു.
40 ശതമാനം കാഴ്ചപ്രശ്നമുള്ള ഹർജിക്കാരിക്ക് അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് അപേക്ഷ അയയ്ക്കാനാകാതെ വന്നു. നിയമന വിജ്ഞാപനം വന്ന 2019 ഡിസംബർ 11നു മുൻപ് മേയിൽ തന്നെ 22 വയസ്സ് തികഞ്ഞെങ്കിലും ആ വർഷം ജനുവരി 1നു മുൻപ് മിനിമം പ്രായം തികയണമെന്ന വ്യവസ്ഥ തടസ്സമായി.
വെല്ലുവിളികളെ അതിജീവിച്ച് മിനിമം പ്രായത്തിനു മുൻപ് യോഗ്യത നേടിയ ഹർജിക്കാരിക്ക് ഇളവനുവദിക്കുന്നതു സർക്കാർ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.
Post Your Comments