അഞ്ജു പാര്‍വതി പ്രഭീഷ്
കൊച്ചിയില്‍ സ്കൂള്‍ മാനേജ്മെന്റ് വീഴ്ച കാരണം 29 വിദ്യാര്‍ത്ഥികള്‍ക്ക് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതാനായില്ലെന്ന വാർത്ത വളരെയധികം വേദനയോടെയാണ് ഞാനെന്ന അദ്ധ്യാപിക വായിച്ചറിഞ്ഞത്. സ്കൂൾ മാനേജ്മെന്റിന്റെ നീതിക്കേടു കാരണം പത്താം ക്ലാസ്സ് പരീക്ഷയെഴുതാൻ കഴിയാത്ത ആ 29 കുഞ്ഞുങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ ഉയർത്തുന്ന നിരവധി ചോദ്യങ്ങളുണ്ട്.ഇവിടെ ആ കുഞ്ഞുങ്ങൾ യാതൊരു വിധ തെറ്റും ചെയ്തിട്ടില്ല.എന്നാൽ അവരുടെ ഭാവിയെ ഒരു ചോദ്യചിഹ്നമാക്കി മാറ്റിയതിൽ ആ സ്കൂൾ മാനേജ്മെന്റിനൊപ്പം അവരുടെ രക്ഷിതാക്കൾക്കും സംസ്ഥാന സർക്കാരിനും പങ്കുണ്ട്.
അരൂജാസ് ലിറ്റിൽ സ്റ്റാര്‍ സ്കൂളിൽ എൽകെജി മുതൽ പത്ത് വരെയാണ് ക്ലാസുകള്‍. എട്ടാം ക്ലാസ് വരെയാണ് സിബിഎസ്ഇയുടെ അംഗീകാരമുള്ളത്. ഇതു മറികടന്നാണ് സ്കൂളിലെ ഒൻപത്, പത്ത് ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. എട്ടാം ക്ലാസ്സ് വരെ മാത്രം അംഗീകാരമുള്ള സ്കൂളിൽ കഴിഞ്ഞ രണ്ടു വർഷവും ( അതായത് 9, 10 ക്ലാസ്സുകൾ) മക്കളെ പഠിപ്പിക്കാൻ തയ്യാറായ രക്ഷിതാക്കൾ മാനേജ്മെന്റിന്റെ കള്ളത്തരങ്ങൾക്ക് കുടപിടിച്ചതുക്കൊണ്ടല്ലേ ഇപ്പോൾ സ്വന്തം മക്കൾക്ക് ഇങ്ങനെ ഒരനുഭവം ഉണ്ടായത്.
സ്കൂളിന് അംഗീകാരമില്ലെന്നത് മറച്ചുവെച്ചുവെന്നും ഒൻപതാം ക്ലാസിൽ താന്നെ സിബിഎസ് ഇ പരീക്ഷയ്ക്കായി രെജിസ്ട്രേഷൻ ചെയ്യേണ്ടതുണ്ടെങ്കിലും മാനേജ്മെന്റ് ഇത് ചെയ്യാതെയിരിക്കുകയും രക്ഷിതാക്കളെ ഇത് അറിയിക്കാതെ മറച്ചു വെക്കുകയുമായിരുന്നുവെന്നാണ് രക്ഷിതാക്കളുടെ ആരോപണം. എന്നാൽ മുൻവർഷങ്ങളിൽ മറ്റു സ്കൂളുകളുമായി സഹകരിച്ചാണ് ഈ വിദ്യാലയത്തിലെ കുട്ടികളെ പരീക്ഷയ്ക്കിരുത്തിയിരുന്നത് എന്നതാണ് വാസ്തവം. എന്നാൽ ഈ വര്‍ഷം പരീക്ഷ എഴുതാൻ മറ്റൊരു സ്കൂള്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഈ പ്രശ്നമുണ്ടായത്. സ്കൂളിനു എട്ടാം ക്ലാസ്സ് വരെ മാത്രം അംഗീകാരുള്ളതിനാൽ ഒൻപതിലും പത്തിലും കുട്ടികൾ പഠിച്ചതായിട്ടുള്ള തെളിവ് നല്‍കാനും സാധിക്കില്ല. അതുക്കൊണ്ടു തന്നെ കുട്ടികൾക്ക് പ്രൈവറ്റ് രജിസ്ട്രേഷനിലൂടെ ഈ വർഷം പരീക്ഷ വേറെ സെന്ററിൽ എഴുതാനും കഴിയില്ല.
ഇത് കേരളത്തിൽ വിദ്യാഭ്യാസത്തിന്റെ മറവിൽ നടക്കുന്ന കച്ചവടത്തിന്റെ നേർ ചിത്രമാണ്.ഈ കഥ ഒരു സ്കൂളിൽ മാത്രം ഒതുങ്ങുന്നതല്ല. ഇങ്ങനെ അംഗീകാരമില്ലാത്ത ആറായിരത്തോളം സ്കൂളുകളാണ് കേരളത്തിലങ്ങോളമിങ്ങോളം ഉള്ളത്.സർക്കാർ വിദ്യാലയങ്ങളോടുള്ള മലയാളികളുടെ അവഗണനാമനോഭാവവും ആംഗലേയഭാഷയോടുള്ള വിധേയത്വവും പ്രാദേശികസിലബസ്സിനോടുള്ള ചിറ്റമ്മനയവുമാണ് മുക്കിലും മൂലയിലുമെല്ലാം സ്കൂളുകൾ തുടങ്ങാൻ വിദ്യാഭ്യാസക്കച്ചവടക്കാരെ പ്രേരിപ്പിക്കുന്ന മുഖ്യഘടകം. അതിനു ഒരു പരിധിവരെ സർക്കാരും വളംവച്ചുക്കൊടുക്കുന്നുണ്ട്. എല്ലാ വര്‍ഷവും വാക്കാല്‍ പറയുന്ന നിയമം മാത്രമല്ലേ അടച്ചുപൂട്ടല്‍. ? സര്‍ക്കാര്‍ എന്തുകൊണ്ട് ഇതില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നില്ല?
2010 ഏപ്രിൽ ഒന്നിനാണ് വിദ്യാഭ്യാസ അവകാശനിയമം നിലവിൽ വന്നത്. അംഗീകാരമില്ലാത്ത സ്കൂളുകൾ രാജ്യത്തു പ്രവർത്തിക്കാൻ പാടില്ലെന്ന് ഇതിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ അവകാശച്ചട്ടത്തിന്റെ 19(1) വകുപ്പ് പ്രകാരം, സ്കൂള്‍ സ്ഥാപിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ അംഗീകാരം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ഇങ്ങനെ ചട്ടം പാലിച്ചില്ലെങ്കില്‍, സ്കൂളിന്റെ അംഗീകാരം റദ്ദാക്കണം. അംഗീകാരം പിന്‍വലിച്ചിട്ടും പ്രവര്‍ത്തനം തുടരുകയാണെങ്കില്‍, ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാം. എന്നിട്ടും ചട്ട ലംഘനം തുടരുകയാണെങ്കില്‍ പ്രതിദിനം പതിനായിരം രൂപ വീതം പിഴ ഈടാക്കാം. എന്നാൽ ഇത് കൃത്യമായി നടപ്പിലാക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്ന് എന്ത് നടപടിയാണുള്ളത്? വിദ്യാഭ്യാസ അവകാശനിയമത്തെ കാറ്റിൽപ്പറത്തി പ്രവർത്തിക്കുന്ന ആയിരക്കണക്കിനു സ്കൂളുകൾ കൺമുന്നിലുണ്ടായിട്ടും സർക്കാർ എന്തേ നടപടി എടുക്കുന്നില്ല?
സ്കൂള്‍ മാപ്പിങ് ഉള്‍പ്പെടെ നടത്തി വേണം പുതിയ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാനെന്ന് കേന്ദ്ര വിദ്യാഭ്യാസവകാശ നിയമം നിഷ്കര്‍ഷിക്കുന്നു. കെ.ഇ.ആര്. പ്രകാരം പുതിയ സ്കൂള്‍ തുടങ്ങണമെങ്കില്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ച്, സമീപം പൊതുവിദ്യാലയങ്ങളില്ലെന്നു ബോധ്യപ്പെടണം. ഈ വ്യവസ്ഥകള്‍ പാലിക്കാതെയാണു സി.ബി.എസ്.ഇ. സിലബസില്‍ 90% സ്കൂളുകളും കേരളത്തിൽ തുടങ്ങിയതും തുടർന്നുക്കൊണ്ടുപോകുന്നതും. ഇതൊക്കെ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകളല്ലേ?
ഓരോ സ്കൂളിനും അംഗീകാരം ലഭിക്കാന്‍ പാലിക്കേണ്ട മാനദണ്ഡങ്ങളുമുണ്ട്. സ്കൂളുകളിൽ 350-ലേറെ കുട്ടികളും 2.80 ഏക്കർ സ്ഥലവും കെട്ടിടവും, കളിസ്ഥലം ഉള്‍പ്പെടെ മറ്റു സൗകര്യങ്ങളും വേണമെന്നതാണ് മാനദണ്ഡം. തിരുവനന്തപുരം നഗരപരിധിയിൽ തന്നെയുണ്ട് മാനദണ്ഡം ഒന്നും പാലിക്കാതെ പതിനഞ്ചിലേറെ വർഷങ്ങളായി പ്രവർത്തിക്കുന്ന അംഗീകാരമില്ലാത്ത ഐ സി എസ് സി- സി ബി എസ് സി സ്കൂളുകൾ നിരവധി.ഏഴുവരെ മാത്രം ക്ലാസുകളുള്ള സ്കൂളുകൾക്ക് സി.ബി.എസ്.ഇ.യുടെ അംഗീകാരം ആവശ്യമില്ലെന്ന നിയമമുളളതുക്കൊണ്ടാണ് പല സ്കൂളുകളും പരസ്യമായി നിയമലംഘനം നടത്തി പത്തുവരെ ക്ലാസ്സുകൾ നടത്തുന്നത്. ഉന്നതവിദ്യാഭ്യാസമുളള,ഉന്നതസ്ഥാനമാനങ്ങളിലുളള രക്ഷിതാക്കളാണ് തങ്ങളുടെ മക്കളെ അവിടെ വിടുന്നതെന്നതാണ് ഇതിലെ കൗതുകകരമായ വസ്തുത.
മാനദണ്ഡങ്ങള്‍ ഉറപ്പാക്കേണ്ട വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരടക്കമുള്ളവരെ സ്വാധീനിച്ച് ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കാതെയാണ് പല അണ് എയ്ഡഡ് സ്കൂളുകളും അംഗീകാരം നേടിയിട്ടുള്ളത്. ക്ളാസ് മുറികള്‍, പഠനോപകരണങ്ങള്‍, പാഠ്യപദ്ധതി, പഠന മണിക്കൂറുകള്‍, അധ്യാപകരുടെ യോഗ്യത തുടങ്ങി നിയമവും ചട്ടവും നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ നിരവധിയാണ്. രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ചു അവരുടെ അറിവില്ലായ്മയെ മുതലാക്കിയുമാണ് ഇത്തരം സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നത്. ഏതാനും പേര്‍ക്ക് കുറഞ്ഞ വേതനത്തിന് തൊഴില്‍ ലഭിക്കുന്നുവെന്നതൊഴിച്ചാല്‍ ഈ സ്ഥാപനങ്ങള്‍ വ്യാണിജ്യ സ്ഥാപനങ്ങള്‍ തന്നെയാണ്.കെട്ടിടങ്ങള്‍ പോലും കുട്ടികളുടെ ഫീസ് ഉപയോഗിച്ചാണ് പല സ്ഥാപനങ്ങളും നിര്‍മിച്ചിട്ടുള്ളത്. കുട്ടികളുടെ മാനസികാവസ്ഥ പോലും കണക്കിലെടുക്കാന്‍ സ്ഥാപന നടത്തിപ്പുകാര്‍ തയ്യാറാവാത്ത സ്ഥിതിയുമുണ്ട്. ഫീസുകള്‍ ഓണ്‍ലൈനായി അടക്കണമെന്ന സി.ബി.എസ്.സി നിര്‍ദേശം സ്പെഷ്യല്‍ ഫീസിന്റെ കാര്യത്തില്‍ പല സ്കൂളുകളും പാലിക്കാറില്ല.
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷനല്‍ ആന്‍ഡ് ട്രെയിനിങ്ങിന്റെ (എന്‍.സി.ആര്.ടി) പുസ്തകങ്ങള്‍ മാത്രമേ സ്കൂളുകളില്‍ വിതരണം ചെയ്യാന്‍ പാടുള്ളൂ എന്ന് സി.ബി.എസ്.ഇ നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ പല സ്കൂളുകളും ഈ നിര്‍ദേശം പാലിക്കുന്നില്ല. എന്‍.സി.ആര്.ടി ടെക്സ്റ്റ് പുസ്തകങ്ങളില്‍ ഡിസ്ക്രിപ്ഷന്‍ പോര എന്ന് രക്ഷിതാക്കള്‍ക്കൊക്കെ അഭിപ്രായമുണ്ട്. എന്നാല്‍ സ്വാകാര്യ പ്രസാദകരുടെ പുസ്തകങ്ങളില്‍ കൂടുതല്‍ ഡിസ്ക്രിപ്ഷനുകളും എക്സര്‍സൈസും എല്ലാം ഉള്ളതായതുക്കൊണ്ട് പുറത്തെ പ്രസാധകരിൽ നിന്നും വില കൂടിയ പുസ്കങ്ങൾ വാങ്ങാൻ തയ്യാറുള്ള രക്ഷിതാക്കൾ ഉള്ളപ്പോൾ കച്ചവടം കൊഴുക്കാതിരിക്കുന്നതെങ്ങനെ?
രണ്ടു കാര്‍ട്ടൂണ്‍ വരച്ചു വെച്ചത് കണ്ടാൽ ആംഗലേയം ഒഴുക്കോടെ സംസാരിക്കുന്ന ലിപ്സ്റ്റിക്കിട്ട അദ്ധ്യാപികമാരെ കണ്ടാൽ, അവിടെ മികച്ച വിദ്യാഭ്യാസമെന്നുധരിക്കുന്ന മലയാളിയുടെ പൊതുബോധവും സ്യൂട്ടും കോട്ടും ടൈയും കെട്ടുന്നത് സ്റ്റാറ്റസ് സിംബലാണെന്ന പൊങ്ങച്ചധാരണയുമാണ് ഇത്തരം സ്കൂളുകൾ പടർന്നുപന്തലിക്കാൻ കാരണം. ഒപ്പം സർക്കാർ സ്കൂളുകൾ ഹൈടെക്ക് എന്ന് അവകാശപ്പെടുമ്പോഴും ഇഴജന്തുക്കളിൽ നിന്നും രക്ഷനേടാൻ സ്വന്തം ജീവൻ കൈയ്യിൽ പിടിച്ചിരിക്കേണ്ടി വരുന്ന വിദ്യാർത്ഥികളിൽ തങ്ങളുടെ മക്കൾ ഉൾപ്പെടരുതേയെന്നുള്ള രക്ഷിതാക്കളുടെ കരുതലും കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല. സർക്കാർ സ്കൂളുകളിലെ അദ്ധ്യാപകരിൽ മുക്കാൽപങ്കും ഉന്നതരാഷ്ട്രീയനേതാക്കന്മാരിൽ ഏറിയപങ്കും എന്ത് കൊണ്ട് സ്വകാര്യവിദ്യാലയങ്ങളിൽ തങ്ങളുടെ കുഞ്ഞുങ്ങളെ ചേർക്കുന്നുവെന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.
Post Your Comments