KeralaLatest NewsIndia

കൃഷ്ണനിന്ദയ്ക്ക് ജ്ഞാനപ്പാന അവാർഡ് നൽകിയത് പൂന്താനത്തെ അപമാനിക്കൽ – തപസ്യ

ഭക്തകവിയായ പൂന്താനം രചിച്ച ജ്ഞാനപ്പാന കൃഷ്ണഭക്തിയാൽ മുഖരിതമാണ്. ശ്രീകൃഷ്ണഭക്തിയിലധിഷ്ഠിതമായി മനുഷ്യജീവിതത്തിലെ സമസ്യകളെ ആവിഷ്കരിക്കുന്ന ജ്ഞാനപ്പാനയുടെ പേരിൽ ഗുരുവായൂർ ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ അവാർഡ് കൃഷ്ണബിംബങ്ങളെ അപമാനിക്കുന്ന പ്രഭാവർമ്മയുടെ ശ്യാമമാധവം എന്ന കൃതിക്ക് നൽകിയത് പൂന്താനത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് തപസ്യ കലാസാഹിത്യവേദി പുറപ്പെടുവിച്ച പ്രസ്താവനയിൽ ആരോപിച്ചു.

ഭഗവദ്ഗീത ഉപദേശിച്ച കൃഷ്ണൻ അതിൽ ഖേദിക്കുന്നതായും പാഞ്ചാലിയോട് രഹസ്യകാമന പുലർത്തിയതായും തുടങ്ങി കവിതയിലുടനീളം ശ്രീകൃഷ്ണജീവിതസന്ദർഭങ്ങളെ അപനിർമ്മിക്കുകയും അപമാനിക്കുകയുമാണ് ശ്യാമമാധവം എന്ന കവിതയിൽ. ഇത്തരത്തിൽ ശ്രീകൃഷ്ണസങ്കല്പത്തെ പ്രതിസ്ഥാനത്തു നിർത്തി വിചാരണ ചെയ്യുന്ന കവിതയ്ക്ക് ശ്രീകൃഷ്ണഭക്തിയാൽ പ്രചോദിതമായ ജ്ഞാനപ്പാനയുടെ പേരിൽ അവാർഡ് പ്രഖ്യാപിച്ചത് ദേവസ്വംബോർഡ് കവി പൂന്താനത്തോടും ഭക്തജനങ്ങളോടും ചെയ്യുന്ന അനീതിയാണ്.

കേരളത്തിലെ മതേതര പാര്‍ട്ടിയില്‍ ഉള്ളവർ പകല്‍ ചെഗുവേരയും രാത്രി ബിന്‍ലാദനും ആകുന്ന ആളുകൾ : കെ സുരേന്ദ്രന്‍

ഈ കവിത മലയാളം വാരികയിൽ ഖണ്ഡഃശ പ്രസിദ്ധീകരിക്കുന്ന വേളയിൽ പ്രഭാവർമ്മ ടി.പി. വധത്തെ ന്യായീകരിച്ചതിന്റെ പേരിൽ പ്രസിദ്ധീകരണം നിർത്തിവെച്ചിരുന്നു. മനുഷ്യനെ അമ്പത്തിയൊന്ന് വെട്ടുവെട്ടിക്കൊല്ലുന്ന ആസുരതയെ പിന്തുണച്ച അതേ മനഃസ്ഥിതിയാണ് ശ്യാമമാധവത്തിൽ കൃഷ്ണബിംബങ്ങളെ ഉന്മൂലനം ചെയ്യുന്നതിൽ പ്രഭാവർമ്മ സ്വീകരിച്ചിരിക്കുന്നത്. ഇത്രയും ഹീനമായ കൃഷ്ണനിന്ദ നടത്തുന്ന കൃതിക്ക് ജ്ഞാനപ്പാന അവാർഡു നൽകി ജ്ഞാനപ്പാനയുടെ രചയിതാവിനെയും അത് നെഞ്ചിലേറ്റുന്ന ഭക്തജനങ്ങളെയും അപമാനിക്കുന്ന നടപടിയിൽ നിന്നും ഗുരുവായൂർ ദേവസ്വം ബോർഡ് പിൻമാറണമെന്നും തപസ്യ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പ്രമേയത്തിൽ തപസ്യ സംസ്ഥാന അദ്ധ്യക്ഷൻ മാടമ്പ് കുഞ്ഞുകുട്ടൻ, തൃശൂർ ജില്ലാ അദ്ധ്യക്ഷൻ ശ്രീജിത്ത് മൂത്തേടത്ത്, സംസ്കാർഭാരതി ദക്ഷിണക്ഷേത്രീയ സംഘടനാ കാര്യദർശി പി.ഉണ്ണി കൃഷ്ണൻ, തപസ്യ സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി സി.സി. സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി.എസ്‌. നീലാംബരൻ, കെ. ഉണ്ണികൃഷ്ണൻ, സംഘടനാസെക്രട്ടറി ഷാജു കല്ലിംങ്ങപ്പുറം തുടങ്ങിയവർ ഒപ്പുവെച്ചു.

shortlink

Post Your Comments


Back to top button