മസ്‌കറ്റ്: ഒമാനില്‍ കൂടുതല്‍ തൊഴില്‍ തസ്തികളിലേക്കു സ്വദേശിവത്കരണം നടപ്പിലാക്കണമെന്ന് ശൂറാ കൗണ്‍സിലിന്റെ ശുപാര്‍ശ. ആരോഗ്യ മേഖലയിലടക്കം സ്വദേശിവത്കരണം നടപ്പിലാക്കണമെന്നാണ് നിര്‍ദേശം. ശുറാ കൗണ്‍സിലിന്റെ തീരുമാനം നടപ്പാക്കാന്‍ ആരോഗ്യമന്ത്രാലത്തിന് അയച്ചതായി ശൂറാ കൗണ്‍സില്‍ വ്യക്തമാക്കി. ഇതോടെ മലയാളികളടക്കം നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വരും.
രാജ്യത്തെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ സ്വദേശികള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കുവാനാണ് ഒമാന്‍ ലക്ഷ്യമിടുന്നത്. ലാബ് ടെക്‌നീഷ്യന്‍, ഫിസിയോതെറാപ്പി ടെക്‌നീഷ്യന്‍, നഴ്‌സിങ് ജോലികള്‍, ഫാര്‍മസി ജോലികള്‍, എക്‌സ്‌റേ ടെക്‌നീഷ്യന്‍, സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഒബ്‌സര്‍വര്‍ തുടങ്ങിയ തസ്തികളില്‍ സ്വദേശികളെ നിയമിക്കണമെന്നാണ് ശൂറാ കൗണ്‍സിലിന്റെ നിര്‍ദ്ദേശം. രാജ്യത്തെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും വിദേശികളെ ഒഴിവാക്കിക്കൊണ്ട് സ്വദേശികള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കുവാനാണ് ശൂറാ ലക്ഷ്യമിടുന്നത്.
ഇതിനു പുറമെ രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും വിദേശി അദ്ധ്യാപകരെ ഒഴിവാക്കുവാനും മന്ത്രാലയം നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. വിനോദ സഞ്ചാര മേഖലയില്‍ സ്വദേശിവത്കരണം 44.1 ശതമാനം പാലിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. ചരക്കുനീക്ക രംഗത്ത് 20 ശതമാനവും വ്യവസായ മേഖലയില്‍ 35 ശതമാനവും സ്വദേശിവത്കരണമാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.
Post Your Comments