മകളുടെ ചോറൂണിനായി പാലക്കാട്ടെ വീട്ടിലേക്ക് പോവാനാണ് വടക്കഞ്ചേരി കൊഴുക്കുള്ളി സ്വദേശി പ്രതീഷ്കുമാർ ബാംഗ്ലൂരിൽ നിന്നും KSRTC വോൾവോ ടിക്കറ്റെടുത്തത്. സീറ്റ് നമ്പർ 13. തന്റെ ആദ്യത്തെ കൺമണിയുടെ ചോറൂണിന് പോവാനായി ബസ് യാത്രയ്ക്കൊരുങ്ങി നിന്ന പ്രതീഷിനോട് അപ്രതീക്ഷിതമായി കമ്പനി എം.ഡി. ബിസിനസ് മീറ്റിംഗിനായി തിരുവനന്തപുരത്തേക്ക് പോവാൻ പറഞ്ഞു. മീറ്റിംഗ് കഴിഞ്ഞ് മകളുടെ ചോറൂണിന് പോവാനും അനുമതി നൽകി. അങ്ങനെ മനസ്സില്ലാ മനസ്സോടെ ബംഗളുരുവിൽ നിന്നും ട്രെയ്നിൽ തിരുവനന്തപുരത്തേക്ക് .
സമയം കഴിഞ്ഞതിനാൽ KSRTC ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. 20ന് രാവിലെ ഒൻപതരയോടെ പാലക്കാട് കസബ പൊലീസ് സ്റ്റേഷനിൽ നിന്നും നിങ്ങൾക്ക് ഗുരുതര പരിക്കുണ്ടോ എന്ന് ചോദിച്ച് ഫോൺ വന്നപ്പോഴാണ് പ്രതീഷ് താൻ വരേണ്ടിയിരുന്ന ബസ് അപകടത്തിൽപ്പെട്ടത് അറിഞ്ഞത്.തിരക്കിനിടയില്‍ ബസ് ടിക്കറ്റ് റദ്ദാക്കാന്‍ മറന്നതിനാല്‍ യാത്രക്കാരുടെ ലിസ്റ്റില്‍ പ്രതീഷ് കുമാറും ഉള്‍പ്പെട്ടിരുന്നു.പ്രതീഷിന്റെ തൊട്ടടുത്ത സീറ്റ് നമ്പറായിരുന്ന 14 ൽ ഇരുന്നത് കണ്ണൂർ സ്വദേശി സനൂപ് .
13ാം നമ്പര്‍ സീറ്റിന്റെ തൊട്ടടുത്ത സീറ്റിലെയും തൊട്ടു മുന്നിലെയും പിന്നിലെ രണ്ടു നിര സീറ്റുകളിലെയും യാത്രക്കാര്‍ അപകടത്തില്‍ തല്‍ക്ഷണം മരിച്ചു.ആ ബസിൽ താനുണ്ടായിരുന്നെങ്കിൽ…. പ്രതീഷിന് ചിന്തിക്കാൻ പോലുമാവുന്നില്ല. സംഭവമറിഞ്ഞ വീട്ടുകാർ ടിവിയിൽ അപകട വാർത്ത ഒരു തവണ മാത്രം വെച്ചു. പിന്നെ അത് കാണാനുള്ള മനക്കരുത്തുണ്ടായിരുന്നില്ല.ഇപ്പോൾ തിരുവനപുരത്ത് മീറ്റിംഗിന് പോവാൻ പറഞ്ഞ എംഡി യോട് പ്രതീഷിന് തീർത്താൽ തീരാത്ത കടപ്പാട്.
തിരുവനന്തപുരത്തെ മീറ്റിംഗ് കഴിഞ്ഞെത്തിയ പ്രതീഷ് ഇന്നലെ മകളെയും കൊണ്ട് കുടുംബത്തോടൊപ്പം ഗുരുവായൂരിൽ ചോറൂണിന് പോയി. എല്ലാം ദൈവാനുഗ്രഹമെന്ന്
പ്രതീഷിന്റെ ഭാര്യ മിന്നു പറയുന്നു. അപകടത്തിൽപ്പെട്ടില്ലെങ്കിലും തനിക്കിത് രണ്ടാം ജന്മമാണെന്ന് പ്രതീഷും. ഡെൽറ്റ പ്രൊജക്ട് എന്ന ഇൻറീരിയൽ ഡിസൈൻ കമ്പനിയിൽ പ്രൊജക്ട് മാനേജരാണ് പ്രതീഷ്.
Post Your Comments