കോയമ്പത്തൂര്‍: തിരിപ്പുർ അവിനാശിയിലെ വാഹനാപകടത്തിൽ മരിച്ച കെഎസ്ആർടിസി ഡ്രൈവർമാരായ വി ആർ ബൈജുവിന്റെയും വി ഡി ഗിരീഷിന്റെയും മൃതദേഹം ഇന്നലെ രാത്രി എറണാകുളത്ത് എത്തിച്ചു. കെ.എസ്.ആർ.ടി.സി സൗത്ത് ബസ് സ്റ്റേഷനിൽ അൽപസമയം പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹങ്ങൾ മോർച്ചറികളിലേക്ക് മാറ്റി.
മുഖ്യമന്ത്രിക്ക് വേണ്ടി എറണാകുളം ജില്ലാ കലക്ടർ എസ്.സുഹാസ് റീത്ത് സമർപ്പിച്ചു. ബൈജുവിന്റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പതരയോടെ പേപ്പതിയിലെ വീട്ടിൽ സംസ്‌കരിക്കും. 11 മണിയോടെ ഗിരീഷിന്റെ മൃതദേഹം ഒക്കലിലെ എസ്എൻഡിപി ശ്മശാനത്തിലും സംസ്‌കരിക്കും.
അപകടത്തില്‍ മരിച്ച ചിയ്യാരം സ്വദേശി ജോഫി പോള്‍, തൃശൂർ അരിമ്പൂർ സ്വദേശി യേശുദാസ്, എരുമപ്പെട്ടി സ്വദേശി അനു, ഹനീഷ് എന്നിവരുടെ മൃതദേഹങ്ങളും വീട്ടിൽ എത്തിച്ചിട്ടുണ്ട്. അതേസമയം മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സച്ചെലവും സർക്കാർ വഹിക്കും.
തമിഴ്‌നാട്ടിലെ തിരുപ്പൂർ അവിനാശിയിൽ കെഎസ്ആർടിസി ബസിലേക്ക് കണ്ടെയ്നർ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ 19 മലയാളികളാണ് മരിച്ചത്. 20 പേർക്ക് പരിക്കേറ്റു. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് ദുരന്തത്തിൽപ്പെട്ടത്. കൊച്ചിയിൽനിന്ന് ടൈൽസുമായി തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നു കണ്ടെയ്നർ ലോറി. ഡിവൈഡറിൽ കയറി എതിർവശത്തുകൂടി വരുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.
Post Your Comments