KeralaLatest NewsIndia

മുറിയില്‍ നിന്നിറങ്ങുമ്പോള്‍ കടന്നുപിടിച്ചു ചുംബിച്ചു,ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള പുതിയ ലൈംഗികാരോപണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

2015 വരെ ജലന്ധറിലും ബീഹാര്‍ രൂപതയ്ക്ക് കീഴിലും ബിഷപ്പ് ഫ്രാങ്കോയ്ക്ക് കീഴിലുള്ള മിഷനറീസ് ഓഫ് ജീസസില്‍ ജോലി നോക്കിയിരുന്ന കന്യാസ്ത്രീയാണ് ഇപ്പോള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം. ബിഷപ്പ്, മഠത്തില്‍ വച്ച്‌ കടന്നുപിടിക്കാന്‍ ശ്രമിച്ചു, വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തി. ശരീരപ്രദര്‍ശനം നടത്തി തുടങ്ങിയവയാണ് കന്യാസ്ത്രീയുടെ ആരോപണങ്ങള്‍. തന്റെ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ ബിഷപ്പ് നിര്‍ബന്ധിച്ചുവെന്നും കന്യാസ്ത്രീ വെളിപ്പെടുത്തി. 2015 വരെ ജലന്ധറിലും ബീഹാര്‍ രൂപതയ്ക്ക് കീഴിലും ബിഷപ്പ് ഫ്രാങ്കോയ്ക്ക് കീഴിലുള്ള മിഷനറീസ് ഓഫ് ജീസസില്‍ ജോലി നോക്കിയിരുന്ന കന്യാസ്ത്രീയാണ് ഇപ്പോള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ബലാത്സംഗക്കേസിലെ സാക്ഷിയായ കന്യാസ്ത്രീയാണ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മൊഴിയുടെ പകര്‍പ്പ് ചില മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്..കുറുവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. കേസില്‍ നിന്ന് മുക്തനാക്കണം എന്നാവശ്യപ്പെട്ട് ഫ്രാങ്കോ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. ഈ കേസിലെ വിചാരണ നടപടികള്‍ നടക്കുന്നതിനിടെയാണ് മറ്റൊരു കന്യാസ്ത്രീ ഫ്രാങ്കോയ്ക്ക് എതിരെ ഉന്നയിച്ച പീഡനാരോപണം പുറത്ത് വന്നിരിക്കുന്നത്.

സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാനെന്ന രീതിയില്‍ സമീപിച്ച ശേഷം കണ്ണൂരിലെ മഠത്തില്‍ വെച്ച് കന്യാസ്ത്രീയെ കടന്ന് പിടിച്ചു എന്നാണ് മൊഴി. മാത്രമല്ല സഭാ കാര്യങ്ങള്‍ സംസാരിക്കാനെന്ന പേരില്‍ ആദ്യം ഫോണ്‍ ചെയ്ത് സൗഹൃദ സംഭാഷണങ്ങള്‍ നടത്തുകയും പിന്നീട് അശ്ലീലം പറയുകയും ചെയ്തു എന്നും മൊഴിയില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്.വീഡിയോ കോളിലൂടെ ബിഷപ്പിന്റെ ശരീര ഭാഗങ്ങള്‍ കാണിക്കുകയും കന്യാസ്ത്രീയോട് അവരുടെ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു എന്നും മൊഴിയില്‍ പറയുന്നുണ്ട്.

എതിര്‍പ്പുണ്ടായിട്ടും പരാതിപ്പെടാനുളള ധൈര്യമുണ്ടായിരുന്നില്ലെന്നും ബിഷപ്പിനെ ഭയന്നാണ് പരാതിപ്പെടാതിരുന്നത് എന്നും കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്.കുറവിലങ്ങാട് മഠത്തില്‍ വെച്ച്‌ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ സാക്ഷിമൊഴി നല്‍കുന്നതിനിടെയാണ് കന്യാസ്ത്രീ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുള്ളത്.

അതേസമയം, ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയിന്മേലുള്ള പ്രാഥമിക വാദം നാളെ തുടങ്ങും. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണ കൂടാതെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷന്‍ കഴിഞ്ഞ ആഴ്ച തടസഹര്‍ജി ഫയല്‍ ചെയ്തിരുന്നു. കഴിഞ്ഞ നാലു തവണ കേസ് കോടതി പരിഗണിച്ചപ്പോഴും ബിഷപ്പ് ഹാജരായിരുന്നില്ല. എന്നാല്‍ ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ വിടുതല്‍ ഹര്‍ജി തള്ളിയാല്‍ മേല്‍ക്കോടതിയെ സമീപിക്കാനാണ് അഭിഭാഷകരുടെ തീരുമാനം. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ബലാത്സംഗത്തിന് പുറമേ ഭീഷണിപ്പെടുത്തല്‍, അന്യായമായി തടഞ്ഞുവെക്കല്‍ തുടങ്ങിയ വകുപ്പുകളും ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുണ്ട്. ഫ്രാങ്കോ മുളയ്ക്കല്‍ മാത്രം പ്രതിയായ കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയടക്കം 83 സാക്ഷികളാണുള്ളത്. കോട്ടയം പാലാ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗിക പീഡനം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, മേലധികാരം ഉപയോഗിച്ചുള്ള ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, അന്യായമായി തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്ന വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിന് മേല്‍ പൊലീസ് ചുമത്തിയിരിക്കുന്നത്. ജീവിതകാലം മുഴുവനോ 10 വര്‍ഷത്തിലധികമോ ജയില്‍വാസം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവയെല്ലാം. 2000 പേജുള്ള കുറ്റപത്രത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയടക്കം 83 സാക്ഷികളുണ്ട്. 10 പേരുടെ രഹസ്യമൊഴിയും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button